നിയമമന്ത്രി പി.രാജീവിന് പിണറായിയുടെ ക്വട്ടേഷൻ! തനിക്കെതിരെ തോക്കെടുത്ത മുൻ ഐ.പി. എസുകാരൻ്റെ വേദിയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാതോർത്ത് പ്രാസംഗികനായി ചെന്നതിൽ പിണറായിക്ക് രാജീവിനോട് ഒടുങ്ങാത്ത കലി

നിയമമന്ത്രി പി.രാജീവിന് പിണറായിയുടെ ക്വട്ടേഷൻ ഒരുങ്ങുന്നു. തനിക്കെതിരെ തോക്കെടുത്ത മുൻ ഐ.പി. എസുകാരൻ്റെ വേദിയിൽ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാതോർത്ത് പ്രാസംഗികനായി ചെന്നതിലാണ് പിണറായിക്ക് രാജീവിനോട് ഒടുങ്ങാത്ത കലി ഉണ്ടായിരിക്കുന്നത്. എന്നാൽ ലോകായുക്ത ദിനത്തിൽ ക്ഷണിക്കപ്പെട്ട പരിപാടിയിൽ പങ്കെടുത്തതിൽ ഒരു തെറ്റുമില്ലെന്നാണ് രാജീവിൻ്റെ നിലപാട്. മുഖ്യമന്ത്രിയുടെ കലി ഒതുക്കാൻ തൻ്റെ കൈയിൽ കഷായമൊന്നുമില്ലെന്നാണ് രാജീവിൻ്റെ നിലപാട്. പാണ്ടൻ നായയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിലാണ് സി പി എമ്മിലെ കാര്യങ്ങൾ.
തിരുവനന്തപുരത്ത് നടന്ന ലോകായുക്ത ദിനമാണ് പിണറായിയെ പ്രകോപിപ്പിച്ചത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ സാന്നിധ്യമാണ് പിണറായിയെ അലോസരപെടുത്തിയത്. കേരള കേഡർ ഐ.പി.എസ്.ഓഫീസറായിരുന്നു തമിഴ്നാട് ഗവർണർ. അദ്ദേഹം തലശേരിയിൽ ജോലി ചെയ്തിരുന്ന കാലത്ത് പിണറായിയെ തോക്കു കൊണ്ട് നേരിട്ടതും പിണറായി വീട്ടിൽ ചെന്ന് വസ്ത്രം മാറിയതുമൊക്കെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു. പക്ഷേ ആരിഫ് മുഹമ്മദ് ഖാൻ ആർ.എൻ രവിയുടെ പേര് പരാമർശിച്ചിരുന്നില്ല.
എല്‍ഡിഎഫ് രാജ്ഭവന്‍ വളഞ്ഞ ദിവസം, മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍, തലസ്ഥാനത്തുതന്നെ ഗവര്‍ണറുടെ പദവിയും അധികാരവും ശക്തമായ ഭാഷയില്‍ ഓര്‍മിപ്പിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എത്തിയത് പിണറായിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഇതിലൊന്നും പിണറായിക്ക് വിരോധമില്ല. എന്നാൽ സംസ്ഥാന നിയമമന്ത്രിയുടെ സാന്നിധ്യത്തിൽ ആർ.എൻ.രവി ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചതിലാണ് പിണറായിക്ക് വിരോധം. ആരിഫ് മുഹമ്മദ് ഖാനോട് തീർത്താൽ തീരാത്ത പകയാണ് പിണറായിക്കുള്ളത്.
ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ആര്‍.എന്‍. രവി പറഞ്ഞു. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ ഇടപെടുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല, ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാകുക സ്വാഭാവികമാണ്. അത്തരം അപശബ്ദങ്ങള്‍ക്കല്ല, രാജ്യത്തിന്റെ ഭരണഘടനയ്ക്കു മാത്രമാണ് പ്രസക്തി. ലോകായുക്ത പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് കൃത്യമായി ഇടപെടാനാകും. ഭരണഘടനാ സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ക്ക് ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്. ലോകായുക്തയെപ്പോലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ രാജ്യത്ത് പലയിടത്തും ശ്രമമുണ്ട്. അത്തരം ശ്രമങ്ങള്‍ തടയാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും റബര്‍ സ്റ്റാമ്പാണോ അല്ലയോ എന്നുമൊക്കെ വിവിധ കേസുകളില്‍ സുപ്രീം കോടതി വിധികളുണ്ട്. ബില്ലുകള്‍ പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരമുണ്ടെന്ന് 1979ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് മൂന്നു തരത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. ബില്ലിന് സമ്മതം നല്കുകയോ സമ്മതം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയോ ചെയ്യാം. ഭരണഘടന പ്രകാരം ബില്ലില്‍ സമ്മതമറിയിക്കാതെ തടഞ്ഞുവയ്ക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്, അദ്ദേഹം വിശദീകരിച്ചു. നിയമസഭ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിയമ മന്ത്രി പി. രാജീവ്, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, രജിസ്ട്രാര്‍ ഷിജു ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബില്ലുകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കേയാണ് ആര്‍.എന്‍. രവിയുടെ പരാമര്‍ശങ്ങള്‍. കേരള ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ ഡിഎംകെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഗവര്‍ണറുടെ പരാമര്‍ശം. ഇതെല്ലാം നിലവിലുള്ളപ്പോഴാണ് പിണറായി വിജയൻ നേരിട്ട് നിയമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് പിണറായിയുടെ ശത്രുവിനെ ക്ഷണിച്ചു കൊണ്ടുവന്നത്.
തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനീടെയാണ് ആർ.എൻ.രവി കേരളത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്.
പ്രതിപക്ഷ കക്ഷികൾ അധികാരത്തിലുള്ള തമിഴ്നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളിൽ സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മിൽ ഏറ്റുമുട്ടൽ അതിശക്തമായി തുടരുന്നതിനിടെയാണ് കേരള ലോകായുക്തയുടെ അതിഥിയായി ആര്‍.എൻ രവി തലസ്ഥാനത്ത് എത്തിയത് എന്നതാണ് കൗതുകം. കേരളഗവര്‍ണര്‍ക്കെതിരെ ആയിരങ്ങളെ അണിനിരത്തി സിപിഎം രാജഭവന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു. സമരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണയുമായി ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയും എത്തിയിരുന്നു. ഇതാണ് പിണറായിക്കുള്ള ഗമണ്ടൻ പണി!
ലോകായുക്തയെ ഇല്ലാതാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കുകയാണെന്നും കേരളത്തിലും അഴിമതി നിരോധന നിയമങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അഴിമതി കേസുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും അഴിമതി തടയാൻ സഹായകരമായി ലോകായുക്ത പോലുള്ള സംവിധാനങ്ങളുണ്ടെന്നും രാജീവ് പറഞ്ഞു.
ഈ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ തനിക്ക് പല കാരണങ്ങളുണ്ടെന്ന് തമിഴ്നാട് ഗവർണർ പറഞ്ഞു. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എൻ്റെ ദീര്‍ഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിൻ്റെ പ്രാധാന്യമാണ് മറ്റൊരു കാരണം. മറ്റൊന്ന് കേരളത്തിൽ ഇങ്ങനെയൊരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുമ്പോൾ കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എനിക്കത് നിരസിക്കാനാവില്ല. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും.
ലോകായുക്ത ഭേദഗതി താൻ ഗവർണറായിരിക്കുന്ന കാലത്തോളം ഒപ്പിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തല കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ കക്ഷത്തായി. സിറിയക് ജോസഫ് ഒന്നു ഞെക്കിയാൽ പിണറായി പുറത്തു പോകും. അതുണ്ടാവാതിരിക്കാൻ പണിച്ച പണി പതിനെട്ടും പയറ്റുകയാണ് പിണറായി വിജയൻ.
കെ കെ രാകേഷിൻ്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെയാണ് ലോകായുക്ത ബിൽ സർക്കാരിന് തലവേദനയാവുന്നത്.
ലോകായുക്ത ഭേദഗതി പാസാക്കുന്നതിൽ ഹൈക്കോടതി ജഡ്ജിമാരിൽ ചിലർക്ക് വിയോജിപ്പുണ്ട്. നിയമം ഒപ്പിട്ടാൽ പല ജഡ്ജിമാർക്കും ലോകായുക്തയോ ഉപലോകായുക്ത യോ ആകാൻ കഴിയില്ല. കാരണം ഈ സ്ഥാനങ്ങളിൽ എത്താനുള്ള ജഡ്ജിമാരുടെ പ്രായപരിധി 70 ആയി നിജപ്പെടുത്തിയിരിക്കുകയാണ്. പല ജഡ്ജിമാരും 70 കഴിഞ്ഞവരാണ്. മനുഷ്യാവകാശ കമ്മീഷൻ പോലുള്ള പ്രധാന ഓഫീസുകളിൽ 70 ആണ് പ്രായപരിധി. അതായത് 70 ൽ പിരിയണം. ലോകായുക്ത ആകണമെങ്കിൽ 65 വയസിലാകണം.5 വർഷമാണ് ലോകായുക്തയുടെ കാലാവധി. ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്നത് 62ലാണ്.
ലോകായുക്ത ഭേദഗതി ഹൈക്കോടതിയിലെത്തിയാൽ സർക്കാരിന് പണി കിട്ടുമെന്ന് ചുരുക്കം. പിണറായിക്ക് വേണ്ടി ജസ്റ്റിസ് സിറിയക്ക് ജോസഫിനോട് സംസാരിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരൊന്നും തയ്യാറല്ല. ലോകായുക്ത സർക്കാരിനെതിരെ കർശനമായി മുന്നോട്ടു നീങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാണിച്ച് ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.
ഇതിനെ പ്രതിരോധിക്കാനാണ് ലോകായുക്തയുടെ അധികാരം കവരുന്നത്. ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് പുതിയ ഭേദഗതി. അങ്ങനെ വരുമ്പോൾ മുഖ്യമന്ത്രിക്കെതിരായ വിധി മുഖ്യമന്ത്രി തന്നെ തീരുമാനിക്കും. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ബിൽ നിയമസഭാ പാസാക്കും. ഭരണകക്ഷിക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ബിൽ പാസാക്കും.എന്നാൽ ബില്ലിൽ പ്പെടേണ്ടത് ഗവർണറാണ്. അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ സർക്കാരിന്െ കൈപിടിച്ച് ഒപ്പിടുവിക്കാനാവില്ല.
ബില്ലുകൾ ഒപ്പിടാതെ സർക്കാറിനെ പലവട്ടം പ്രതിസന്ധിയിലാക്കിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സർക്കാർ-ഗവർണർ നേർപോര് തുടങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതോടെ അനുനയം ആയിരുന്നു ഗവർണറുടെ പതിവെങ്കിൽ ഇത്തവണ അതിനൊന്നും പ്രസക്തിയില്ലെന്ന് നേരത്തെ തന്നെ ഗവർണർ സൂചന നൽകി. അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറെ പ്രതിരോധിക്കാൻ എൽഡിഎഫ് നേതാക്കളെല്ലാം കച്ചമുറുക്കി ഇറങ്ങുകയും ചെയ്തു. എന്നാൽ ഗവർണറുടെ ചില കൈവിട്ട, വാവിട്ട കളികളിൽ സ്കോർ ചെയ്യാൻ സാധിച്ചേക്കുമെന്നാണ് പുതിയ സാഹചര്യത്തിൽ സർക്കാർ കരുതുന്നത്. ഏതായാലും മന്ത്രി രാജീവിൻ്റെ സാന്നിധ്യമാണ് ഇപ്പോൾ വിവാദമായത്. നിയമ മന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർക്ക് വേണ്ടി യോഗം നടന്നതിലാണ് പിണറായിക്ക് പ്രതിഷേധം.
https://www.facebook.com/Malayalivartha

























