മാതൃകയായി ഡ്രൈവറും കണ്ടക്ടറും..... അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാനായി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു.... നിലവിളിച്ച് സഹോദരി, മറ്റൊന്നും ആലോചിക്കാതെ ബസ് നേരെ ആശുപത്രിയിലേക്ക്....

അപകടത്തില്‍പ്പെട്ട ഭര്‍ത്താവിനെ കാണാനായി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ പോകുകയായിരുന്ന യുവതി കുഴഞ്ഞുവീണു. ഉടന്‍ തന്നെ ഡ്രൈവര്‍ ഷംജുവും കണ്ടക്ടര്‍ ഷിബിയും യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചു. ബോധരഹിതയായ യുവതിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്ത് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറും കണ്ടക്ടറും മാതൃകയായി മാറി.
വെണ്‍പകലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിയായ അവണാകുഴി വൃന്ദാ ഭവനില്‍ വൃന്ദ (26)യാണ് കുഴഞ്ഞുവീണത്. ജോലിക്കുപോയ ഭര്‍ത്താവ് രഞ്ജിത്തിന് അപകടമുണ്ടായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞാണ് വൃന്ദ, സഹോദരി വിദ്യക്കൊപ്പം ബസില്‍ ആശുപത്രിയിലേക്കു പോയത്.
ഒന്‍പതരയോടെ കരമന വെച്ചാണ് വൃന്ദ ബസില്‍ കുഴഞ്ഞുവീണത്. സഹോദരി വിദ്യയുടെ നിലവിളികേട്ടാണ് ബസിലുള്ളവര്‍ ഇതറിഞ്ഞത്.
വൃന്ദയുടെ ആരോഗ്യനില വഷളാണെന്നറിഞ്ഞ ഡ്രൈവര്‍ ഷംജു മറ്റുയാത്രക്കാരുമായി ബസ് വേഗത്തില്‍ ആശുപത്രിയിലേക്കു വിട്ടു. വനിതാ കണ്ടക്ടര്‍ ഷിബി, വൃന്ദയെ പരിചരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലന്‍സ് കണക്കെ ഷംജു ബസിന്റെ ഹെഡ്‌ലൈറ്റിട്ടും ഹോണ്‍ നിര്‍ത്താതെ മുഴക്കിയും പാഞ്ഞു.ബസില്‍ അന്‍പതോളം യാത്രക്കാരുമുണ്ടായിരുന്നു.
അതേസമയം ട്രാഫിക് പോലീസ് ഇക്കാര്യമറിഞ്ഞ് വഴിയൊരുക്കി നല്‍കി. നിമിഷനേരങ്ങള്‍ക്കകം ബസ് തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തുകയും കുഴഞ്ഞുവീണ വൃന്ദയെ എടുത്ത് ഷംജു അത്യാഹിത വിഭാഗത്തിലാക്കി. ആശുപത്രിയിലായ വൃന്ദയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അറിഞ്ഞശേഷമാണ് മറ്റു യാത്രക്കാരെയുംകൂട്ടി ബസ് യാത്ര തുടര്‍ന്നത്.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഡ്രൈവര്‍ വി.കെ.ഷംജുവിന്റെയും, മാരായമുട്ടം സ്വദേശിയായ കണ്ടക്ടര്‍ ഷിബിയുടെയും മാതൃകാ പ്രവര്‍ത്തനത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് കെ.ആന്‍സലന്‍ എം.എല്‍.എ.യും, കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറും .
https://www.facebook.com/Malayalivartha

























