ആദ്യമായിട്ടല്ല അലക്ഷ്യമായി ഓടിച്ചു അപകടം ഉണ്ടാക്കുന്നത് ; വിഷ്ണുവിന്റെ ബൈക്കിടിച്ച് മുമ്പ് സൈക്കിള്‍ യാത്രികന്‍ മരിച്ചിട്ടുണ്ട്

തൃപ്പൂണിത്തുറയിൽ ഇന്നലെ അലക്ഷ്യമായി യൂ ടേൺ എടുത്ത ബൈക്കിൽ ഇടിച്ചു റോഡിൽ വീണ സ്‌കൂട്ടർ യാത്രിക തൊട്ടുപിറകെ വന്ന സ്വകാര്യ ബസിടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ആമ്പല്ലൂര്‍ സ്വദേശി വിഷ്ണു ആദ്യമായി അല്ല അപകടം ഉണ്ടാക്കുന്നത് എന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. വിഷ്ണുവിന്റെ ബൈക്കിടിച്ച് രണ്ടുവര്‍ഷം മുമ്പ് ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് ഒരു സൈക്കിള്‍ യാത്രികന്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അപകടമുണ്ടായതറിഞ്ഞിട്ടും വണ്ടി നിര്‍ത്താതെ വിഷ്ണു സ്ഥലംവിട്ടിരുന്നു. പിന്നീട് വിഷ്ണുവിനെ തൃപ്പൂണിത്തുറ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പിറവം എക്‌സൈസ് കടവിന് സമീപം ചാരച്ചാട്ട് പഴിപ്പറമ്പില്‍ (സിദ്ധാര്‍ത്ഥം നടക്കാവ്, ഉദയംപേരൂര്‍) സിബിന്റെ ഭാര്യ കാവ്യ (30) ആണ് മരിച്ചത്. കടവന്ത്രയിലെ സിനർജി ഓഷ്യാനിക് സർവീസ് സെന്ററിലെ ജീവനക്കാരിയായ കാവ്യ രാവിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു.
ഇന്നലെ രാവിലെ 8.30ന് എസ്എൻ ജംക്ഷനു സമീപമുള്ള അലയൻസ് ജംക്ഷനിലായിരുന്നു അപകടം. കാവ്യ സ്‌കൂട്ടറിൽ പോകുമ്പോൾ പിന്നിലെത്തിയ വിഷ്ണു അശ്രദ്ധമായി യുടേൺ എടുത്തതാണ് അപകടകാരണം. ബൈക്കിൽ തട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ യുവതി പിന്നാലെ വന്ന ബസിനടിയിലേക്കു വീഴുകയായിരുന്നു. ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് 11നു തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൻ സിദ്ധാർഥ്.
https://www.facebook.com/Malayalivartha


























