അമ്മയ്‌ക്കൊപ്പം നടക്കവേ മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയ കുട്ടിക്ക് രക്ഷയായത് അമ്മയുടെ അവസരോചിത ഇടപെടല്‍; സംഭവം കൊച്ചിയിൽ

അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളി നഗറിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയില്‍ വെച്ചാണ് സംഭവം നടന്നത്.
അതേസമയം അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമായിരുന്നു. തുടർന്ന് പൊടുന്നനെ ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു.
തുടർന്ന് അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചെറുപ്പക്കാരാണ് കുട്ടിയെ രക്ഷപെടുത്തിയത്. ഓടയില്‍ നിന്നും പുറത്തെടുത്തെടുത്ത കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെങ്കിലും 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷണത്തിലാക്കി.
https://www.facebook.com/Malayalivartha


























