ശബരിമല സീസൺ വന്നോ?, കൊള്ളയടി തുടങ്ങിക്കോ! അയ്യപ്പൻമാരുടെ പോക്കറ്റ് കീറി കെ എസ് ആർ ടി സി, 112 രൂപയായിരുന്ന പത്തനംതിട്ട - പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് ഇന്നലെ മുതൽ 143 രൂപയാക്കി ഉയർത്തി

ശബരിമല സീസൺ ആരംഭിച്ചതോടെ കെ എസ് ആർ ടി സി ബസുകളിൽ നിരക്ക് കൂട്ടി. അതിനായി പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഇപ്പോൾ, 'സ്‌പെഷൽ'. മാത്രമല്ല വിവിധ ഡിപ്പോകളിൽ നിന്നും പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളിലാണ് സ്‌പെഷൽ ബോർഡ് വച്ച് കൊള്ളടിക്കറ്റ് വർദ്ധന ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സ്‌പെഷൽ ബോർഡിന്റെ ബലത്തിൽ 112 രൂപയായിരുന്ന പത്തനംതിട്ട - പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് കഴിഞ്ഞ ദിവസം മുതൽ 143 രൂപയാക്കിയാണ് ഉയർത്തിയത്. മാത്രമല്ല ഈ മണ്ഡലകാലം കഴിയുന്നത് വരെയാണ് പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും സ്‌പെഷലാക്കി കെ എസ് ആർ ടി സി ഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തന്നെ എരുമേലിയിൽ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസ് തീർഥാടനം കഴിയും വരെ അട്ടത്തോട് വരെയേ സർവീസ് നടത്തൂ.
എന്നാൽ നിലവിൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസിന് നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇവിടെ ചെയിൻ സർവീസിനായി എ സി, നോൺ എസി ലോ ഫ്‌ളോർ ബസുകളാണ് ഉപയോഗിക്കുന്നത്. 80 രൂപയാണ് എ സി ബസിന് നിരക്കായി വാങ്ങുന്നതെങ്കിൽ നോൺ എസി ബസിന് 50 രൂപ ടിക്കറ്റിനായി നൽകണം.
https://www.facebook.com/Malayalivartha


























