വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മുക്കുപണ്ടം പണയം വെച്ച് പണം തട്ടൽ, തിരുവനന്തപുരത്ത് യുവദമ്പതികളെ തന്ത്രപരമായി പിടികൂടി പോലീസ്

തിരുവനന്തപുരത്ത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. കാട്ടാക്കട നരുവാമൂട് സ്വദേശിനി സോണിയ (21) ഭര്‍ത്താവും കഴക്കൂട്ടം കുളത്തൂര്‍ ചിത്തിര നഗറില്‍ പുതുവല്‍ മണക്കാട് വീട്ടില്‍ അഖിൽ (22) എന്നിവരാണ് പിടിയിലായത്.
മുക്കുപണ്ടം നല്‍കി വ്യാജ ആധാര്‍ കാര്‍ഡും നിര്‍മ്മിച്ച് നല്‍കി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച കഠിനംകുളം മരിയനാട് അജന്ത ഹൗസില്‍ അജീവ് അഡ്രൂസ് ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും കഠിനംകുളം പോലീസ് എസ്എച്ച്ഒ സാജു ആന്റണി അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കഠിനംകുളത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ യുവതിയും യുവാവും 5 വളകള്‍ കൊടുത്ത ശേഷം ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരന്‍ എഴുപതിനായിരം രൂപ നല്‍കിയ ശേഷം ബാക്കി തുക അടുത്ത ദിവസം നല്‍കാമെന്ന് പറഞ്ഞു. ബുധനാഴ്ച രാവിലെ ബാങ്ക് ഉടമ ഈ വളകള്‍ ദേശസാല്‍കൃത ബാങ്കില്‍ പണയം വയ്ക്കാന്‍ എത്തിയപ്പോഴാണ് അതു മുക്ക് പണ്ടമാണെന്നു സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദേശപ്രകാരം പണയം വച്ചവരെ ബാക്കി തുക നല്‍കാമെന്ന് പറഞ്ഞ് പണം ഇടപാട് സ്ഥാപനത്തിലേക്കു വിളിച്ചു വരുത്തി. അവിടെവച്ചാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുള്ളതായി കഠിനംകുളം പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























