കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഘത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്: മന്ത്രി വീണാ ജോര്‍ജ്

കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറില്‍ സുഹൃത്തായ സ്ത്രീയോടൊപ്പം യുവതി എത്തിയത്. പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസസ്ഥലത്തേക്ക് കൊണ്ട് പോകാം എന്നു പറഞ്ഞ് യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റി. സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല. തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി പീഡിപ്പിച്ചു. ഒടുവില്‍ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇന്ന് രാവിലെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയും യുവാക്കളും പോയ ബാറിലെത്തി പരിശോധന നടത്തി. യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളില്‍ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.തുടര്‍ന്ന് യുവതിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളാണെന്ന് കണ്ടെത്തി.
കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് ഇവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സുഹൃത്തായ സ്ത്രീ കാറില്‍ കയറാതെ മനഃപൂര്‍വ്വം ഒഴിഞ്ഞു മാറിയെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha



























