ബിസിനസിലെ തർക്കം അഞ്ചു വയസുകാരന്റെ ജീവനെടുത്തു; കുഞ്ഞിന്റെ അമ്മയുടെ നില ഗുരുതരം; വെട്ടിയത് കുഞ്ഞിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുമ്പോൾ; അയൽവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്ടിൽ പിതാവിന്റെ ബിസിനസ് പങ്കാളിയും അയൽവാസിയമായ യുവാവിന്റെ വെട്ടേറ്റ അഞ്ചുവയസുകാരൻ മരിച്ചു. ഉള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവെച്ചായിരുന്നു സംഭവം. രണ്ടുപേര്‍ക്കും വെട്ടേറ്റിരുന്നു. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് ആക്രമിച്ചത്. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനിലയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. കച്ചവടത്തെ ചൊല്ലിയുണ്ടായ തർക്കവും വ്യക്തി വിരോധവുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.പ്രതിക്കെതിരെ നിലവിൽ വധശ്രമത്തിനാണ് കേസ്. ഇപ്പോൾ റിമാന്റിലാണ്.
https://www.facebook.com/Malayalivartha


























