മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് തല്ലി കൊന്നു; തല തല്ലിത്തകര്‍ത്തു, ആഴത്തിലുള്ള മുറിവുകൾ , അടിച്ചൊടിച്ച കൈകാൽ മുട്ടുകൾ, മാരകമായ ആന്തരിക ക്ഷതം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മെഡിക്കല്‍ കോളേജിൽ എത്തിച്ചത് മരിച്ച ശേഷം

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനം മൂലമെന്ന് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. എം.എം.സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദനമേറ്റതിന്റെ വിവരമുള്ളത്.
പേരൂര്‍ക്കട പോലീസില്‍ ഫൊറന്‍സിക് വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി. ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകര്‍ത്തു.
കഴിഞ്ഞ നവംബര്‍ 26-ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29-ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. ബന്ധുക്കളുമായി ഉണ്ണിക്കൃഷ്ണപിള്ള ആശുപത്രിയിലെത്തിയെങ്കിലും സ്മിത മരിച്ചെന്ന വിവരമാണ് ലഭിച്ചത്.
മരിച്ചശേഷമാണ് അവിടെ എത്തിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹ പരിശോധനക്കിടയിലാണ് തലയിലും ശരീരത്തിലും സാരമായ പരിക്കുകൾ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മരണത്തിലുണ്ടായിട്ടുള്ള ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യമുയർന്നത്. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























