കാർ മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു, ആറ് പേർക്ക് പരിക്ക്; അപകടം കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ; മരത്തിലുടക്കി കാര്‍ നിന്നതിനാല്‍ വലിയ അപകടം ഒഴിവായി

കാസര്‍കോട് അഡൂറിൽ കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം മുഡൂരില്‍ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
ഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ (64), അവരുടെ മകന്‍ അഷ്‌റഫ് (45), സഹോദരനായ ഹനീഫയുടെ ഭാര്യ മിസ്രിയ (32), മകള്‍ സഹറ (ആറ്), മറ്റൊരു സഹോദരന്‍ യാക്കൂബിന്റെ ഭാര്യ സെമീന (28), മകള്‍ അല്‍ഫ ഫാത്തിമ (അഞ്ച്) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റ മൂന്നുപേരെ കാസര്‍കോട്ടെയും മൂന്നുപേരെ മംഗളൂരുവിലെയും ആസ്പത്രികളിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ഗോളിത്തടിയില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച വിരുന്നില്‍ പങ്കെടുത്തുള്ള മടക്കയാത്രയിലാണ് അപകടം. പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി കാര്‍ നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമദ്, സഫ്വാന്‍, ഷമ്മാസ് എന്നിവരാണ് ഷഹദയുടെ മറ്റു മക്കള്‍.
https://www.facebook.com/Malayalivartha



























