നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു: വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ:- ആലപ്പുഴ സ്വദേശിനിയായ 10 വയസുകാരിയുടെ നില വഷളായത് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ| മത്സരത്തിനെത്തിയ കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതി:- അവശയായ പെൺകുട്ടി ആശുപത്രിയിൽ എത്തിയത് നടന്ന്...

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. ആലപ്പുഴ സ്വദേശിനിയായ 10 വയസുകാരി നിദ ഫാത്തിമയെയാണ് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കേരള സൈക്കിൾ പോളോ അസോസിയേഷൻ അണ്ടർ–14 താരമാണ്. സൈക്കിൾ പോളോ മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്.
അതിനിടെയാണ് ഫാത്തിമയുടെ വിയോഗം. നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് രണ്ടു അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ടീം അംഗമായിരുന്നു ഫാത്തിമ. ഇന്നലെ രാത്രി മുതൽ തുടർച്ചയായി ഫാത്തിമ ഛർദ്ദിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാർ ഇൻജക്‌ഷൻ നൽകാൻ നോക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വിവരം. മൃതദേഹം നാഗ്പൂരിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല.
രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ പറഞ്ഞിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയിൽ നിന്ന് ബന്ധുക്കൾ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു.
കുട്ടി ആശുപത്രിയിലേയ്ക്ക് നടന്ന് പോയതായാണ് വിവരം. രാത്രി ഛർദ്ദിച്ച് കുഴഞ്ഞു വീണ ഫാത്തിമ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോളോ താരത്തിന്റെ മരണം ദുഃഖകരമാണെന്നും, കേരളത്തിൽ നിന്ന് ടീമുകൾ മത്സരത്തിന് പോകുമ്പോൾ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പ്രതികരിച്ചു. താമസ, ഭക്ഷണ സൗകര്യം ലഭിച്ചില്ലെന്ന പരാതി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























