കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

ഓപ്പറേഷൻ തൂഫാൻ. സംസ്ഥാനത്ത് അറസ്റ്റിലാകുന്നവരിലധികവും കൗമാരക്കാർ. ഇന്ന് കോഴിക്കോട് പേരാമ്പ്രയില്‍ ലഹരി പരിശോധനയ്‌ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് (23),പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശി ഷംസീര്‍ (29), പാലക്കാട് എടത്തനാട്ടുകര സ്വദേശി റിന്‍ഷ ഫാത്തിമ (22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശിയായ 16-കാരി എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിമാൻഡ് ചെയ്തു. പ്രായപൂർത്തുയാകാത്ത പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് സെന്ററിലേക്ക് മാറ്റി. പ്രതികളില്‍ നിന്ന് 2.157 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ അഫ്രീദ് മുന്‍പും ലഹരിക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര പാണ്ടിക്കോട് പ്രദേശത്ത് ഡാന്‍സഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയ്‌ക്കിടെ ലഹരി സംഘത്തിലുള്ളവര്‍ പോലീസിനെ ആക്രമിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രതികളെ കീഴടക്കി അറസ്റ്റ് ചെയ്തു.
അതേ സമയം ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും കടത്തും വിതരണവും ഉപയോഗവും തടയുന്നതിനായി കേരള എക്സൈസ് വകുപ്പ് നടപ്പാക്കുന്ന സംസ്ഥാനതല പ്രത്യേക എൻഫോഴ്‌സ്‌മെന്റ് പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ കൂടുതൽ ശക്തമാക്കി.
ഇതിന്റെ ഭാഗമായി ഞായറാഴ്ച അർധരാത്രി മുതൽ പുലർച്ചെ 3.30 വരെ കഴക്കൂട്ടം ബീച്ച് മേഖലയിലും പരിസര പ്രദേശങ്ങളിലുമായി എക്സൈസ് കമ്മീഷണർ *ശ്രീ സീറം സാംബശിവ റാവു, ഐ.എ.എസ്.*യുടെ നേതൃത്വത്തിൽ പ്രത്യേക മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ചെറിയ അളവിൽ കഞ്ചാവ് കൈവശം വച്ചതിന് എൻ.ഡി.പി.എസ്. നിയമപ്രകാരം ഒരു കേസും പൊതുസ്ഥലത്ത് മദ്യപിച്ചതിന് അബ്കാരി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി നാല് പ്രതികളെ അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ലഹരി ഹോട്ട്‌സ്‌പോട്ടുകളിലും മറ്റ് അതീവ ജാഗ്രത ആവശ്യമുള്ള മേഖലകളിലും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തിയതായി എക്സൈസ് വകുപ്പ് അറിയിച്ചു. എക്സൈസ് കമ്മീഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും മുൻകൂട്ടി അറിയിപ്പില്ലാതെ അപ്രതീക്ഷിത പരിശോധനകൾക്ക് നേതൃത്വം നൽകും. ലഹരിക്കടത്ത് ശൃംഖലകൾ തകർക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി പരിശോധനകൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
ലഹരിവസ്തുക്കളുടെ ഉപയോഗം, കൈവശം വയ്ക്കൽ, കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ Zero Tolerance എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എക്സൈസ് വകുപ്പ് ആവർത്തിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാന ആസ്ഥാനത്ത് നാർക്കോട്ടിക്സ് ആൻഡ് ഇലിസിറ്റ് ആൽക്കഹോൾ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ 24 മണിക്കൂർ തത്സമയ നിരീക്ഷണം, രഹസ്യവിവര ശേഖരണവും കൈമാറ്റവും, വിവിധ ജില്ലകളിലെ നടപടികളുടെ ഏകോപനവും കൺട്രോൾ റൂമിലൂടെ ഉറപ്പാക്കും.
ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, സംഭരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ വാട്‌സ്ആപ്പ് മുഖേനയോ 9447178000 എന്ന നമ്പറിൽ എക്സൈസ് വകുപ്പിനെ അറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ലഹരി ഉപയോഗിക്കുന്നവർ അത് ഉടൻ അവസാനിപ്പിച്ച് ആരോഗ്യകരവും സന്തോഷകരവും നിയമം പാലിക്കുന്നതുമായ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് എക്സൈസ് വകുപ്പ് അഭ്യർഥിച്ചു. ലഹരി ആശ്രിതരായവർ സംസ്ഥാനത്തുടനീളമുള്ള കൗൺസിലിംഗ്, വിമുക്തി ചികിത്സാ കേന്ദ്രങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി വിദഗ്ധരുടെ സഹായം തേടണമെന്നും അറിയിച്ചു. വിമുക്തി ഡി-അഡിക്ഷൻ ഹെൽപ്‌ലൈൻ 14405 മുഖേന കൗൺസിലിംഗും മാർഗനിർദേശവും സഹായവും ലഭ്യമാണെന്നും വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























