മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ കാറിടിച്ച് വൃദ്ധന് ഗുരുതര പരിക്കേറ്റു; കാൽ നടയായി പോകുകയായിരുന്ന ജോയി വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന ചങ്ങലയിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു

മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ കാറിടിച്ച് വൃദ്ധന് ഗുരുതരപരിക്കേറ്റു. കോട്ടയം തിരുവഞ്ചൂർ പള്ളിവാതിൽക്കൽ ജോയിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6 ന് പൊടിപാറ ബിൽഡിംഗ്സിനു സമീപമായിരുന്നു അപകടം. കാൽനടയായി പോകുകയായിരുന്ന ജോയി വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരിക്കുന്ന ചങ്ങലയിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
ഈ സമയം അതിലെ വേഗതയിൽ എത്തിയ കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബോധം നഷ്ടപ്പെട്ടതിനാൽ ഇദ്ദേഹത്തെ ഐ സി യു വിൽ പ്രവേശിപ്പിച്ചു.
ആശുപത്രി കോമ്പൗണ്ടിനുള്ളിലൂടെ വാഹനങ്ങൾ വേഗതയിലും അശ്രദ്ധയോടെയുമാണ് പലപ്പോഴും പോകുന്നത്. മാത്രമല്ല ഹോൺ മുഴക്കി വാഹനങ്ങൾ പോകുന്നതും നിത്യസംഭവമാണ്.ആശുപത്രി പരിസരത്ത് ഹോൺ മുഴക്കുന്നതും വേഗതയിൽ വാഹനമോടിക്കുന്നതും നിയമങ്ങൾക്കെതിരാണെന്ന വസ്തുത നിലനില്ക്കെയാണ് പലപ്പോഴും നിയമലംഘനങ്ങൾ നടക്കുന്നത്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
https://www.facebook.com/Malayalivartha
























