കൈവിഷം' ഇറക്കാൻ ചെന്ന യുവതിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ; ചികിൽസിക്കാൻ വരുന്നവരെ ഒറ്റയ്ക്ക് വീട്ടിലെ മുറിയിൽ കയറ്റിയാണ് പീഡനം; രണ്ട് ഭാര്യമാരുള്ള സിദ്ധൻ മുമ്പ് ചെയ്തിരുന്നത് കൂലിപ്പണി

മലപ്പുറത്ത് തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ ബലാത്സംഗം ചെയ്തെന്നു പരാതി. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്‌മണ്യൻ എന്ന ബാബു (32) നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിൻചുവട് ചെകുത്താൻ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് 'കൈവിഷം' ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാനെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
സുബ്രഹ്‌മണ്യൻ എന്ന ബാബു മൂന്നിയൂർ ചെകുത്താൻ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടിൽ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്. ബാബു പണിക്കരെന്നും സിദ്ധൻ ബാബു എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. ജ്യോതിഷ വിധിപ്രകാരമല്ല ഇയാൾ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.
മുമ്പ് ഇയാൾ കൂലിപ്പണിയും വർക്ക് ഷോപ്പിലും എല്ലാം ജോലി ചെയ്തിരുന്നു. പീഡനം നടന്ന വീട്ടിൽ തന്നെയാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. ഇയാൾ മറ്റൊരു സ്ത്രീയെ കൂട്ടിക്കൊണ്ടുവന്ന് വെന്നിയൂരിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിട്ടുണ്ട്. അതും ഇയാളുടെ ഭാര്യയാണെന്ന് പറയുന്നു. ചികിത്സയെ പറ്റിയുള്ള ബോർഡോ പേരുവിവരമോ ഒന്നും തന്നെ വീടിന് മുമ്പിൽ വച്ചിട്ടില്ല.
പരാതിക്കാരിക്കും സഹോദരനും വയറ്റിൽ 'കൈവിഷം' കൊടുത്തിട്ടുണ്ടെന്നും അതിനാലാണ് അസുഖങ്ങൾ മാറാത്തതെന്നും കൈവിഷം പുറത്തെടുക്കണമെന്നും പറഞ്ഞാണ് ചികിത്സ തുടങ്ങിയത്. ആദ്യം അനിയനെ റൂമിലേക്ക് വിളിപ്പിച്ച് വയറ്റിൽ എന്തോ പാത്രം വെച്ച് ചികിത്സിച്ച് കൈവിഷം എന്ന് പറഞ്ഞ് എന്തോ ഒരു കറുത്ത വസ്തു കുടുംബാംഗങ്ങൾക്ക് കാണിച്ചുകൊടുക്കുകയും തുടർന്ന് പരാതിക്കാരിയെ മുറിയിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. ഇവൾ ഉപദ്രവിച്ചപ്പോൾ പരിഭ്രാന്തയായ യുവതി ഉച്ചത്തിൽ ബഹളം വെക്കുകയും പ്രതിയെ മർദ്ദിക്കുകയും ചെയ്തു.
ബഹളം കേട്ട് പരിസരവാസികൾ ഓടി എത്തിയതോടെ പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്ന് ഇവർ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദൂര സ്ഥലത്ത് നിന്നുള്ളവരാണ് ഇത്തരത്തിൽ ഇവിടെ ചികിത്സക്ക് വരുന്നതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























