സർക്കാർ വണ്ടിയെടുത്ത് സർക്കീട്ട് അടിച്ച സഖാക്കളെ പൊക്കാൻ പിണറായി തന്ത്രം... പാർട്ടി തിരിഞ്ഞ് കൊത്തുന്നു! പാർട്ടിയിൽ ഒറ്റപ്പെട്ട് കാരണഭൂതൻ

സർക്കാർ ചെലവിൽ കീശ നിറയ്ക്കാനും കറങ്ങിയടിക്കാനും നോക്കുന്ന ജനപ്രതിനിധികളേയും സർക്കാർ ഉദ്യോഗസ്ഥരേയും പൂട്ടാനുറച്ച് മുന്നിട്ട് നിൽക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി പോലും തിരിഞ്ഞ് തൊത്തും എന്ന മനസ്സിലാക്കിയിട്ടും ഒരു ശുദ്ധികലശത്തിന്റെ പാതയിലേക്ക് അദ്ദേഹം കടക്കുകയാണ്. ഒരുപക്ഷേ ഇത്രയും നാളത്തെ അനുഭവവും തിരിച്ചടികളുമായിരിക്കും ഇത്തരം ഒരു മനംമാറ്റം സൃഷ്ടിച്ചിരിക്കുന്നതിന്റെ കാരണം.
മറ്റുള്ളവരുടെ വാക്ക് കേട്ട് അതിനനുസരിച്ച് എല്ലാം ചെയ്ത് കൊടുത്തതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുകയാണ്. അതിൽ നിന്നും പാഠം ഉൾക്കൊണ്ടാവണം ഇപ്പോൾ മറ്റൊരു നീക്കത്തിലേക്ക് മുഖ്യൻ കടന്നിരിക്കുകയാണ്. സർക്കാർ ഓഫീസിൽ കൊടി പിടിച്ചും പോസ്റ്റർ ഒട്ടിച്ചും വർഷാവർഷം 1 ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നതിന് ആർക്കും ഉത്തരവാദിത്തം പറയാനില്ല.
കൊട്ട് മുഴുവൻ ചെണ്ടയ്ക്കും കാശ് മാരാർക്കും എന്ന് പറഞ്ഞ പോലെ എല്ലാരും കാട്ടിക്കൂട്ടുന്ന തോന്നിവാസത്തിന്റെ ഫലം അനുഭവിക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. സ്വർണ്ണക്കടത്തും പിന്നാലെയുണ്ടായ ആരോപണങ്ങളും മറ്റും മുഖ്യമന്ത്രിയെ പഠിപ്പിച്ച പാഠമിതാണ്. അതിനാൽ താൻ താൻ ചെയ്യുന്ന കർമ്മഫലം താൻ താൻ അനുഭവിച്ചോണം എന്ന മട്ടിലുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തി വരുന്നത്.
സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നവർ നിരവധിയാണ്. അതിന്റെ ഭാഗമായി പൂട്ടിടാൻ ഉറച്ചുള്ള തീരുമാനങ്ങൾ അടിത്തട്ടിൽ നിന്നും ഉണ്ടാകുന്നുണ്ട്. നിർദേശങ്ങളും ഉത്തരവുകളും പാലിക്കാതെ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തവർ പിഴ അടക്കണമെന്ന കർശന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. അതിന്റെ ഭാഗമായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
കാസർകോട് ജില്ലയിൽ ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുവെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗം മിന്നൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഈ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ല എന്നത് മറ്റൊരു പരസ്യമായ രഹസ്യവുമാണ്.
കാസർകോട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫിസിലെ ബൊലേറോ ജീപ്പ് രാവിലെ 8.55ന് നീലേശ്വരത്തിന് അടുത്ത് പടന്നക്കാട് വെച്ച് പിടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിർദേശങ്ങൾ പാലിക്കാതെ ദുരുപയോഗം ചെയ്യപ്പെട്ടതായി പരിശോധനാ സ്ക്വാഡ് കണ്ടെത്തിയത്. ആദ്യത്തേയോ അല്ലെങ്കിൽ സ്ഥിരം പല്ലവി പോലത്തെ ഒറ്റപ്പെട്ട സംഭവമോ അല്ല എന്നു കൂടി ഓർക്കണം.
നിരവധി അനവധി പരാതികൾ ഈ സംഭവവുമായി ഉയർന്ന് കേട്ടിരുന്നു എങ്കിലും അന്ന് ഇതിനെ കുറിച്ച് കർശനമായി നടപടി സ്വീകരിക്കാനുള്ള ചങ്കുറപ്പ് ഇരട്ടച്ചങ്കനുണ്ടായിരുന്നില്ല. ഇന്ന് കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞു. ഇനിയൊരു ടേം ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പോലും സംശയമാണ്, ഈ സാഹചര്യത്തിൽ കിട്ടുന്ന കുറച്ച് സമയത്തിനുള്ളിലെങ്കിലും കുറച്ച് പേരെ നേരെയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തി വരുന്നത്.
2021 ഡിസംബർ മാസം ചെലവായ ഇന്ധനത്തിന്റെ 50 ശതമാനം തുകയായ 8,973 രൂപ പിഴ ഇനത്തിൽ നൽകണമെന്നാണ് ശിപാർശ നൽകിയിരിക്കുന്നത്. വാഹന ദുരുപയോഗം കണ്ടെത്തിയ സമയത്തെ കൺട്രോളിങ് ഓഫീസറായ വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നാണ് പിഴ ഈടാക്കേണ്ടത്. അതിനുള്ള നോട്ടീസും അയച്ചിട്ടുണ്ട്
തുക അടച്ച വിവരം ധനകാര്യ വകുപ്പിനെ അറിയിച്ചിരിക്കണം എന്ന താക്കീതും നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ ഉചിതമായ അച്ചടക്ക നടപടിയും ഭരണ വകുപ്പ് സ്വീകരിക്കണമെന്നും ശിപാർശയുണ്ട. വാഹന പരിശോധനാ വേളയിൽ ഈ വാഹനത്തിൽ ഉണ്ടായിരുന്ന കെ. രഘുനാഥൻ (ഡ്രൈവർ), 2015 മുതൽ ഈ വാഹനം കൈകാര്യം ചെയ്തിരുന്ന റെന്നി ഫിലിപ്പ് (ഡ്രൈവർ) എന്നിവർക്കെതിരെയും ഭരണവകുപ്പ് ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കണം. ബൊലേറോ ജീപ്പിന്റെ മൈലേജ് പരിശോധന 2018 നുശേഷം നടത്തിയിട്ടില്ലെന്നും ഇത് ഉടൻ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ വാഹനങ്ങളുടെയും മൈലേജ് പരിശോധന സമയ ബന്ധിതമായി നടത്തുവാനുള്ള നിർദേശം ഭരണ വകുപ്പ് നൽകണം. ഓരോ വാഹനവും നിർത്തിയിടേണ്ട സ്ഥലം നിശ്ചയിച്ച് വാഹനത്തിന്റെ നിയന്ത്രണോദ്യോഗസ്ഥൻ ഉത്തരവ് പുറപ്പെടുവിക്കണം. അവയുടെ സുരക്ഷക്കുള്ള ഏർപ്പാടുകൾ ചെയ്യണമെന്നും റിപ്പോട്ടിൽ നിർദേശിക്കുന്നുണ്ട്.
സർക്കാരുദ്യോഗസ്ഥരുടേയും ജനപ്രതിനിതികൾക്കും അനുവദിച്ച് നൽകിയിരിക്കുന്ന വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കുപരി സ്വകാര്യ ആവശ്യങ്ങൾക്കാണ് സാധാരണ ഗതിയിൽ ഉപയോഗിക്കാറുള്ളത്. അതിന് അറുതി വരുത്താൻ ഒരുകാലത്തും കഴിയില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഭാര്യയ്ക്ക് മീൻ വാങ്ങാനും കുട്ടികളെ സ്കൂളിൽ കൊണ്ടാക്കാനും ട്രിപ്പടിച്ച് മനംമടുത്തിരിക്കുന്ന നിരവധി വാഹനങ്ങളാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത്.
അതുകൊണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള പാർക്കിങ് സ്ഥലത്ത് ഗാരേജിൽ തന്നെ വാഹനങ്ങൾ പാർക്കു ചെയ്യുന്നുണ്ടെന്ന് നിയന്ത്രണോദ്യോഗസ്ഥൻ ഉറപ്പുവരുത്തണം എന്ന മുന്നറിയിപ്പും മേൽപ്പറഞ്ഞ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2003ലെ ഇത് സംബന്ധിച്ച് ഉത്തരവ് പാലിക്കണം. കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫീസിലെ വാഹനങ്ങളുടെ നിയന്ത്രണ അധികാരി സർക്കാർ ഉത്തരവുകളിലെ നിർദേശങ്ങൾ പാലിക്കുന്നതിന് ഭരണവകുപ്പ് നിർദേശം നൽകണം.
സംസ്ഥാനത്ത് ഉപയോഗിച്ചുവരുന്ന സർക്കാർ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുവാൻ ധനകാര്യ ഐ.ടി വിഭാഗം രൂപകൽപ്പന ചെയ്ത 'വീൽസ്' എന്ന വെഹിക്കിൾ മാനേജ്മെന്റ് ആൻഡ് ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം സോഫ്റ്റ് വെയറിലെ ഡാറ്റാ അപ്ഡേഷൻ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ ഓഫീസിലെ വാഹനങ്ങളുടെ കൺട്രോളിങ് ഓഫിസർക്ക് അടിയന്തര നിർദേശം നൽകണം.
ജലസേചനവകുപ്പിന്റെ കീഴിലുള്ള വാട്ടർ അതോറിറ്റിയുടേതടക്കമുള്ള വാഹനങ്ങൾക്ക് മാസത്തിൽ ഇന്ധന സീലിങ് ബാധകമാക്കുന്നതിന് വേണ്ട ഉചിതമായ നടപടികൾ ഭരണവകുപ്പ് അടിയന്തിരമായി കൈക്കൊള്ളമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഒരു കോണിൽ നിന്നും ശുദ്ധികലശം ഇത്തരത്തിൽ ആരംഭിക്കുകയാണ്.
നേരത്തേ സമാനമായ മറ്റൊരു നീക്കം തലസ്ഥാനത്ത് നിന്നും മുഖ്യമന്ത്രി ആരംഭിച്ചിരുന്നു. അത് സെക്രട്ടേറിയേറ്റിലെ ചില മഹാൻമാരുടെ സർക്കാട്ട് അവസാനിപ്പിക്കാനായിരുന്നു. ഏറെക്കുറേ ഫലം കണ്ടു എന്ന് പറയുന്നതാകും ശരി. കാരണം ഡ്യൂട്ടി സമയത്ത് സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ ഡെസ്ക്കിൽ കണ്ടെത്തുന്നത് വല്ലാത്ത ഭാഗ്യ പരീക്ഷണമായിരുന്നു. അതുകൊണ്ട് ഓഫീസ് സമയത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും മറ്റ് സൈഡ് ബിസിനസ്സിന് ഇറങ്ങുന്ന വിരുതൻമാർക്കും ഒരു പൂട്ടിട്ടിരുന്നു.
എന്നാൽ അത് പൊട്ടിക്കുന്നത് നിസാരമല്ലേ എന്ന ചോദ്യവും സ്വാഭാവികമാണ്. പക്ഷേ ഈ ബയോമെട്രിക് സംവിധാനം പൊട്ടിച്ച് പുറത്ത് കടന്നാൽ ശമ്പളം കട്ട് ചെയ്യാൻ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് കാശ് കളഞ്ഞ് കൊണ്ടുള്ള പരിപാടിക്ക് ഏമാൻമാർ ഇറങ്ങില്ല എന്നത് മറ്റൊരു വശം. ഭരിക്കുന്ന പാർട്ടിയുടെ തന്നെ സർവ്വീസ് സംഘടനയ്ക്ക് ഏറെ അമർഷമുണ്ടായ നീക്കമാണിത്, പക്ഷേ പിണറായിയോട് നേരിട്ട് ഇത് അവതരിപ്പിക്കാൻ നേതാക്കൾക്ക് ധൈര്യമുണ്ടായില്ല എന്ന് വേണം മനസ്സിലാക്കാൻ.
നിലവിൽ പുതിയ നീക്കം ധനകാര്യ വകുപ്പായത് കൊണ്ട് ആദ്യം മുഖ്യമന്ത്രിയെ ആരും തന്നെ സംശയിക്കില്ല എന്ന ഗുണം കൂടിയുണ്ട്. അതാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇരിപ്പുവശം. എന്തായാലും ഉറക്കം നഷ്ടപ്പെട്ട കുറേ സഖാക്കൾ സർവ്വീസ് സംഘടനകളേയും ഈർക്കിൽ നേതാക്കളേയും കൂട്ട് പിടിച്ച് ഇറങ്ങിയിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. ഘോര ഘോരം പ്രസംഗിക്കാൻ മാത്രമല്ല അത് നടപ്പിലാക്കാൻ സിപിഎമ്മിന് സാധിക്കും എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന അവസരമാണ്. ഉപയോഗിച്ചാൽ പാർട്ടിക്ക് തന്നെ നല്ലത്....
https://www.facebook.com/Malayalivartha























