വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായി; ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മങ്കൊമ്പിൽ കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹമാണ് ആറ്റിൽ കണ്ടെത്തിയത്. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9.45 ഓടെയാണ് വീടിനു സമീപത്തെ പമ്പയാറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച വീടിനു സമീപത്തെ വിവാഹവീട്ടിലേക്കു പോയ ദാസ് രാത്രി എട്ടോടെ അവിടെ നിന്നു വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ വീട്ടിലെത്താതിരുന്നതിനെ തുടർന്ന്, നടത്തിയ തിരച്ചിലിൽ സ്ഥലത്തു നിന്നു ദാസിന്റെ ചെരിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു.
അതേസമയം വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ആറ്റിൽ നിന്നു മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവം കാൽവഴുതി വീണതിനെത്തുടർന്ന് മുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാരം നടത്തി. മാതാവ്: പരേതയായ മാധവി. ഭാര്യ: ഷൈല. മക്കൾ : അമൻ ദാസ്, കൃപാദാസ്.
https://www.facebook.com/Malayalivartha























