കേന്ദ്രത്തെ വിമർശിച്ചോ! പക്ഷേ വെറുപ്പുണ്ടാക്കരുത്... സമസ്തയ്ക്ക് തിരിഞ്ഞ് തുടങ്ങി... ഗൾഫ് നാടുകളിൽ പോലും സ്വാതന്ത്ര്യമില്ല!

ഇന്ത്യയിലേതു പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്ന് തുറന്ന് പറയുകയാണ് എപി വിഭാഗം സമസ്ത നേതാവ്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ല. ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും എപി വിഭാഗം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ പറഞ്ഞു.
കോഴിക്കോട്ട് SSF ഗോൾഡൻ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ മുസ്ലിങ്ങൾ വെല്ലുവിളി നേരിടുന്നില്ല. ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്നവുമില്ലെന്നും അബ്ദുൽ ഖാദർ മുസലിയാർ പറഞ്ഞു.
ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു നാടാണ്. ഇസ്ലാമിക സംഘടനാ പ്രവർത്തനം ഇവിടത്തെ പോലെ ലോകരാജ്യങ്ങളിൽ എവിടെയുമില്ല. സൗദി, ഖത്തർ, യുഎഇ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പോലും ഇവിടത്തെ സ്വാതന്ത്ര്യമില്ല. മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുമില്ല. അതുകൊണ്ട് ഇക്കാര്യം അംഗീകരിച്ചേ മതിയാകൂ.
ഇവിടെ കേന്ദ്ര മുശാവിറമുതൽ മേഖല മുശാവിറ വരെയുള്ള തലത്തിൽ നമുക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ചാരിദാർധ്യം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാറും ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചിരുന്നു.
തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രവാദത്തിന് എതിരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ പരോക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബുബേക്കർ മുസലിയാറും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സംസ്കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, സമസ്ത നേതാവിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി SSF പിന്നാലെ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും SSF പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സർക്കാരിൻറെ നയങ്ങളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല. ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് യോജിക്കാനാവില്ല.
ഭരണകൂടത്തോട് ശക്തമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ടുതന്നെ രാഷ്ട്രമൂല്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിൻറെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വെറുപ്പ് കൊണ്ട് നേരിടാനാവില്ല. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാർ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കരുത്.
https://www.facebook.com/Malayalivartha


























