കെടിയു വിസി സ്ഥാനത്തേയ്ക്ക് പരിഗണിക്കാനായുള്ളവരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലറിന് മുന്നില്‍ സമര്‍പ്പിച്ചു

കെടിയു വിസി സ്ഥാനത്തേയ്ക്ക് പരിഗണിക്കാനായുള്ളവരുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലറിന് മുന്നില്‍ സമര്‍പ്പിച്ചു. താത്ക്കാലിക വി സി ചുമതല നിര്‍വഹിക്കുന്ന സിസ തോമസിന് പകരമുള്ള നിയമനത്തിനായി മൂന്ന് പേരടങ്ങുന്ന പാനലാണ് ഗവര്‍ണറുടെ തീരുമാനത്തിനായി കൈമാറിയത്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പരമാധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന കോടതി വിധിയ്ക്ക് പിന്നാലെയാണ് നടപടി.
താത്കാലിക വി.സി നിയമനത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഇല്ലെന്ന കാരണത്താല്‍ യോഗ്യതയുള്ളവരെ ശുപാര്‍ശ ചെയ്യാനുള്ള സര്‍ക്കാരിന്റെ അധികാരം ഇല്ലാതാകുന്നില്ല. നിയമം അനുശാസിക്കുന്ന നിയമന രീതി മറികടന്ന് ചാന്‍സലര്‍ക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാവില്ല. സാങ്കേതിക സര്‍വകലാശാലാ നിയമത്തിലെ സെക്ഷന്‍ 13(7) പ്രകാരമേ താത്കാലിക വി.സി നിയമനം നടത്താനാവൂ. കോടതി വ്യക്തമാക്കി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച പാനലില്‍ അടങ്ങിയിട്ടുള്ളത്. നേരത്തെ വി സി സ്ഥാനത്തേയ്ക്ക് പരിഗണിക്കാനായി സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളിയായിരുന്നു ഗവര്‍ണര്‍ സിസ തോമസിനെ നിയമിച്ചത്. വിഷയത്തില്‍ ഹൈക്കോടതി വിധി തിരിച്ചടിയായതോടുകൂടി കൂടുതല്‍ നിയമോപദേശത്തിന് ശേഷമായിരിക്കും ഗവര്‍ണര്‍ നടപടി സ്വീകരിക്കുക.
അതേസമയം ചാന്‍സലര്‍ക്ക് സര്‍ക്കാരിനെ മറികടന്ന് സാങ്കേതിക സര്‍വകലാശാലയ്ക്ക് താത്കാലിക വി.സിയെ നിയമിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























