ബൈഡന്‍ ഒരിഞ്ച് പിന്നോട്ടില്ല... ജോ ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍; യുഎസുമായുള്ള അണ്വായുധ നിയന്ത്രണക്കരാറില്‍ നിന്നു റഷ്യ പിന്മാറുന്നതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു; യുഎസിന് ശക്തമായ താക്കീത്

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ച് യുക്രെയ്ന്‍ സന്ദര്‍ശിച്ചത് കാര്യങ്ങള്‍ മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് എത്തിക്കുമോ എന്നാണ് ആശങ്ക. റഷ്യ ശക്തമായ ഭാഷയിലാണ് തിരിച്ചടിച്ചത്. യുഎസുമായുള്ള 'ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ നിയന്ത്രണക്കരാറില്‍നിന്നു റഷ്യ പിന്മാറുന്നതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പ്രഖ്യാപിച്ചു.
യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുട്ടിന്‍ മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്ന യുക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുമെന്നു രാഷ്ട്രത്തോടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രെയ്‌നിന് ഐക്യദാര്‍ഢ്യവുമായി തലസ്ഥാനമായ കീവ് സന്ദര്‍ശിച്ചിരുന്നു. യുക്രെയ്‌നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു.
റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുക്രെയ്‌നിലെ യുഎസിന്റെ പ്രകോപനപരമായ ഇടപെടലിന്റെ പേരില്‍ സ്ഥാനപതി ലിന്‍ ട്രേസിയെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം അറിയിച്ചു. അതിനിടെ, ചൈന വിദേശകാര്യ മന്ത്രി വാങ് യീ മോസ്‌കോയിലെത്തി. റഷ്യ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി ഇന്നു കൂടിക്കാഴ്ച നടത്തും.
യുക്രെയ്‌നില്‍ പോരാട്ടം ശക്തമായി തുടരുകയാണ്. തെക്കന്‍ നഗരമായ ഖേഴ്‌സനില്‍ റഷ്യന്‍ മിസൈലാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് ഒരിക്കലും യുക്രെയ്ന്‍ ഒരു വിജയമാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ സന്ദര്‍ശിച്ചശേഷം പോളണ്ടിലെ വാര്‍സോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വാതന്ത്ര്യത്തിന്റെ ഇച്ഛയെ തകര്‍ക്കാന്‍ പൈശാചികതയ്ക്കു കഴിയില്ല. റഷ്യയ്ക്ക് ഒരിക്കലും യുക്രെയ്ന്‍ ഒരു വിജയമാകില്ല, ഒരിക്കലും. സ്വതന്ത്രരായവര്‍ അന്ധതയുടെയും പ്രതീക്ഷയില്ലായ്മയുടെയും ലോകത്ത് ജീവിക്കാന്‍ വിസമ്മതിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ബൈഡന്റെ പ്രസംഗം കയ്യടികളോടെയാണ് പോളണ്ട് പ്രസിഡന്റിന്റെ വസതിയായ റോയല്‍ കാസിലിന്റെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം സ്വീകരിച്ചത്.
ഒരു വര്‍ഷം മുന്‍പ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ തന്റെ ഹിംസാത്മക ആക്രമണം യുക്രെയ്‌നിനുമേല്‍ ആരംഭിച്ചു. 75 വര്‍ഷത്തിലധികമായി ആഗോളതലത്തില്‍ സമാധാനത്തിന്റെ മൂലക്കല്ലായി വച്ചിരുന്ന തത്വങ്ങള്‍ ഇപ്പോള്‍ അപകടത്തിലായി. ഒരു വര്‍ഷം മുന്‍പ് ലോകം കീവിന്റെ വീഴ്ചയ്ക്കായി കാത്തിരുന്നു. ഞാനിപ്പോള്‍ കീവില്‍നിന്നാണു വരുന്നത്. ആ രാജ്യം അതിശക്തമായി നിലനില്‍ക്കുന്നു. റഷ്യ യുക്രെയ്‌നിന്റെ മേലുള്ള അധിനിവേശം ആരംഭിച്ചപ്പോള്‍ ലോകം മുഴുവനും എല്ലാ ജനാധിപത്യസംവിധാനങ്ങളുമാണ് പരീക്ഷിക്കപ്പെട്ടത്.
റഷ്യയുടെ നടപടിയോടു പ്രതികരിക്കണോ അതോ മറു വശത്തേക്കു തിരിയണോ എന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം നമുക്കറിയാം ഇതിന്റെ ഉത്തരം എന്താണെന്ന് ലോകം പ്രതികരിച്ചു! നമ്മള്‍ ജനാധിപത്യത്തിനുവേണ്ടി ശക്തമായി നിന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ നാറ്റോ സഖ്യം കൂടുതല്‍ ഐക്യപ്പെട്ടു. ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേര്‍ന്നു.
നാറ്റോ വിപുലപ്പെടുത്തുമെന്ന റഷ്യയുടെ ഭീതിയാണ് യുദ്ധത്തിന്റെ പിന്നിലെ ഒരു കാരണം. റഷ്യയുടെ ഊര്‍ജ വിപണിയെ പാശ്ചാത്യ ലോകം ആശ്രയിക്കുമെന്നായിരുന്നു പുട്ടിന്‍ കരുതിയത്. എന്നാല്‍ മറ്റു പല വിപണികളും കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ യുഎസിനൊപ്പം ചേര്‍ന്ന് റഷ്യയുടെ അപ്രമാദിത്വം ഇല്ലാതാക്കി. ലോകത്തിലെ ജനാധിപത്യം ശക്തമാകുകയാണു ചെയ്തത്. ഏകാധിപതികള്‍ അശക്തരായി. ബെലാറൂസിലെയും മോള്‍ഡോവയിലെയും പ്രതിപക്ഷത്തെ ധീരനേതാക്കള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. യുക്രെയ്‌നിന് പാശ്ചാത്യലോകം നല്‍കുന്ന പിന്തുണ ഒരിക്കലും ഇല്ലാതാകില്ല. അധികാരത്തോടും രാജ്യങ്ങള്‍ കീഴടക്കാനുമുള്ള പുട്ടിന്റെ ആഗ്രഹം പരാജയപ്പെടും. ഈ യുദ്ധത്തില്‍ സ്വാതന്ത്ര്യമാണ് അപകടത്തിലായിരിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























