സുഖം തേടിയല്ല : തൊഴില്‍ തേടി ഇസ്രയേലിലേയ്ക്ക് രക്ഷപ്പെടുന്ന മലയാളികള്‍..

..
ഇസ്രയേലിലെ ആധുനിക കൃഷിരീതികളെക്കുറിച്ചു പഠിക്കാന്‍ കേരളത്തില്‍നിന്നു പുറപ്പെട്ട സംഘത്തില്‍നിന്ന് കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യനെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ, ഇസ്രയേലിലേക്കു യാത്രപോയ മറ്റൊരു സംഘത്തിലെ 5 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേരേക്കൂടി കാണാതായതായി ഡിജിപിക്ക് പരാതി. നാലാഞ്ചിറയിലെ പുരോഹിതനൊപ്പം ഇസ്രയേലിലേക്കു തീര്‍ഥാടനത്തിനായി പോയവരെയാണ് കാണാതായത്. കാണാതായവര്‍ 50 വയസിനു മുകളിലുള്ളവരാണെന്ന് തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയ ഫാ.ജോര്‍ജ് ജോഷ്വാ 'മനോരമ ഓണ്‍ലൈനോട്' പറഞ്ഞു.
2006 മുതല്‍ വിവിധ ട്രാവല്‍ ഏജന്‍സികളുടെ സഹായത്തോടെ ഫാ. ജോര്‍ജ് ജോഷ്വാ തീര്‍ഥാടനം നടത്തുന്നുണ്ട്. ഫെബ്രുവരി 8നാണ് യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് ഇസ്രയേലില്‍ പ്രവേശിച്ചു. 14ന് വൈകിട്ട് എന്‍ കരേം എന്ന ടൂര്‍ സൈറ്റില്‍ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്ലഹേമിലെ ഹോട്ടലില്‍ നിന്നു 3 പേരെയും കാണാതായി. ഇവരില്‍ മൂന്നു പേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ടു പേര്‍ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാള്‍ വര്‍ക്കലയില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.
ആറു പേരെ കാണാതായതിനെ തുടര്‍ന്ന് 15ന് ഇസ്രയേല്‍ എമിഗ്രേഷന്‍ പൊലീസില്‍ ഇ മെയിലിലൂടെ പരാതി നല്‍കി. ഇസ്രയേല്‍ ലോക്കല്‍ പൊലീസില്‍ ഫോണ്‍ മുഖാന്തിരം പരാതി നല്‍കിയതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തുവന്ന് വിവരങ്ങള്‍ തിരക്കി. സൂക്ഷിക്കാന്‍ ഏല്‍പിച്ചിരുന്ന പാസ്‌പോര്‍ട്ടുകള്‍ തിരികെ വാങ്ങാതെയാണ് എല്ലാവരും മുങ്ങിയതെന്ന് ഫാ.ജോര്‍ജ് ജോഷ്വാ പരാതിയില്‍ പറയുന്നു.
ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്ന് ഫാദര്‍ ജോര്‍ജ് ജോഷ്വ പറഞ്ഞു. ആകെ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവരുടെ ബന്ധുക്കള്‍ ഇസ്രയേലില്‍ ഉള്ളതായി സംശയമുണ്ട്. പലസ്തീന്‍ ഭാഗത്തുവച്ച് അപ്രത്യക്ഷരായ ഇവര്‍ക്ക്, പിന്നീട് ഇസ്രയേലിലേക്കു പ്രവേശിക്കണമെങ്കില്‍ അവിടെ പരിചയക്കാര്‍ ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ സംഭവം കാരണം താനും യാത്ര ചെയ്ത മറ്റുള്ളവരും യാത്രയ്ക്കു സഹായിച്ച തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയും വലിയ പ്രതിസന്ധിയിലായെന്ന് ഫാ.ജോര്‍ജ് ജോഷ്വ പറഞ്ഞു.
ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍നിന്നും കാണാതായ ബിജു കുര്യന്‍ എന്ന കര്‍ഷകന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ തിരികെ അയയ്ക്കാന്‍ ഇന്ത്യന്‍ എംബസിക്ക് സര്‍ക്കാര്‍ കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha
























