മഴ കനത്തതോടെ ഉള്ളുരുകി മുല്ലപ്പെരിയാര്‍ നിവാസികള്‍; ജല നിരപ്പ് 142 അടിയായി; മുന്നറിയിപ്പുകള്‍ നല്‍കാതെ ഷട്ടറുകള്‍ വീണ്ടും തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാറില്‍ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. പെരിയാറിലൂടെ 600 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കാതെയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടറുകള്‍ തുറന്നത്.. മുല്ലപ്പെരിയാര്‍ ജല നിരപ്പ് 142 അടിയായി.
നേരത്തെ ഷട്ടറുകള്‍ തുറന്നതിനെ തുറന്ന് സമീപത്തെ ആറ് വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പ്രദേശത്തെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല. മുന്‍ കൂട്ടി അറിയിപ്പ് നല്‍കാതെ ഷട്ടറുകള്‍ തുറന്നെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഷട്ടറുകള്‍ തുറക്കുന്ന കാര്യം കേന്ദ്ര ജലക്കമ്മീഷനെ തമിഴ്‌നാട് അറിയിച്ചില്ല. സ്പില്‍വേയുടെ ഷട്ടറുകള്‍ തുറക്കുന്നതിന് മുമ്പ് ഷട്ടര്‍ഗേറ്റ് ഓപ്പറേറ്റിങ് മാനുവല്‍ കേന്ദ്ര ജലക്കമ്മീഷന് സമര്‍പ്പിക്കണമെന്ന ചട്ടവും തമിഴ്‌നാട് പാലിച്ചില്ല. ഷട്ടറുകള്‍ തുറക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇക്കാര്യം കേരളത്തെ അറിയിക്കണമെന്ന ചട്ടവും തമിഴ്‌നാട് പാലിച്ചില്ല.
ഇന്നലെ രാത്രി ഏഴിനു കുമളിയില്‍ ഉദ്യോഗസ്ഥരുടെ യോഗം കളക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. പെരിയാറ്റിലേക്കു വെള്ളം ഒഴുക്കുന്നതിനു മുന്നോടിയായുള്ള യോഗമായിരുന്നു ഇത്. യോഗം നടക്കുന്നതിനിടെയാണ് ഷട്ടര്‍ തുറന്നു നെയ്യാറ്റിലേക്കു തമിഴ്‌നാട് വെള്ളമൊഴുക്കിയത്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ക്യാമ്പുകള്‍ വള്ളക്കടവ് വഞ്ചിവയല്‍, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവിടേക്കു മാറാന്‍ ആളുകള്‍ മടിക്കുകയാണ്.
കനത്ത മഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് തുടരുകയാണ്. തേക്കടിയില്‍ 32 മില്ലിമീറ്ററും അണക്കെട്ട് പ്രദേശത്ത് 38 മില്ലിമീറ്ററും മഴ ലഭിച്ചു. സെക്കന്‍ഡില്‍ 2900 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. രാവിലെ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളം കൊണ്ടുപോയിരുന്ന തമിഴ്‌നാട് വൈകുന്നേരത്തോടെ അളവ് 1800 ഘന അടിയാക്കി. ശക്തമായ മഴയും നീരൊഴുക്കും മൂലം ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുമ്പോഴും തമിഴ്‌നാടിന്റെ ഞാണിന്മേല്‍കളി തുടരുകയായിരുന്നു. മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇനിയും വര്‍ധിക്കും. നാലു പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ സെക്കന്‍ഡില്‍ 1800 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഫൊര്‍ബേഡാം തുറന്ന് എരച്ചില്‍ വഴി സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം മാത്രമേ ഒഴുക്കാനാവൂ.
ഇതില്‍ കൂടുതല്‍ എരച്ചില്‍പാലംവഴി കടത്താന്‍ ശ്രമിക്കുന്നത് 2008-ലെ സംഭവങ്ങള്‍ക്കിടയാക്കും. 2008-ലെ പ്രളയം നിയന്ത്രിക്കുന്നതിന് എരച്ചില്‍ പാലംവഴി അധികമായി വെള്ളം കടത്തിവിട്ടതോടെ തമിഴ്‌നാടിന്റെ പാലം, റോഡ്, ലോവര്‍ക്യാമ്പ് വൈദ്യുത നിലയം എന്നിവ തകര്‍ന്നിരുന്നു.
വൈഗ അണക്കെട്ടില്‍ പരമാവധി സംഭരണശേഷിയായ 72 അടിയിലേക്ക് ജലനിരപ്പ് എത്തുന്നതിനാല്‍ മുല്ലപ്പെരിയാറ്റിലെ ജലം അവിടെ അധികം സംഭരിക്കാനാവില്ല. തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ വൈഗ അണക്കെട്ട് തുറക്കാനാവാത്ത സ്ഥിതിയാണുള്ളത്. വൈഗ തുറന്നാല്‍ മധുര അടക്കം മൂന്നു ജില്ലകളില്‍ പ്രളയമാകും ഫലം. മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകത്തിലെ മരക്കുറ്റികള്‍ മിക്കവയും വെള്ളത്തിനടിയിലായി. പക്ഷിക്കൂടുകള്‍ പലതും നശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha