പൊട്ടി പാളീസായി;പുതിയ ധനമന്ത്രിക്കായി പിണറായിയുടെ...ഹണ്ടിംഗ്! സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബാലഗോപാലിന് കഴിയുന്നില്ലെന്ന ധാരണയിലാണ് മുഖ്യമന്ത്രി.... സർക്കാർ മൂന്നു കൊല്ലത്തിലേക്ക് കടക്കുമ്പോൾ പുനഃസംഘടനയെ കുറിച്ച് ആലോചിക്കുകയാണ് മുഖ്യമന്ത്രി..

പ്രതിഭാധനനായ ധനമന്ത്രിയെ കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ടാലൻറ് ഹണ്ടിംഗ് തുടങ്ങി. കെഎൻ. ബാലഗോപാൽ പൂർണ പരാജയമാണെന്ന് മനസിലാക്കിയതോടെയാണ് പുതിയ മന്ത്രിയെ തേടുന്നത്.സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബാലഗോപാലിന് കഴിയുന്നില്ലെന്ന ധാരണയിലാണ് മുഖ്യമന്ത്രി. സർക്കാർ മൂന്നു കൊല്ലത്തിലേക്ക് കടക്കുമ്പോൾ പുനഃസംഘടനയെ കുറിച്ച് ആലോചിക്കുകയാണ് മുഖ്യമന്ത്രി
ധനമന്ത്രിയെ ഒഴിവാക്കി ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ച് ഭരണം നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും അത് വിഫലമായതോടെയാണ് ധനമന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി ആലോചിച്ചത്. ധനവകുപ്പിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി നിയമിച്ചെങ്കിലും ധനമന്ത്രി ഇടപെട്ട് അവരെ മാറ്റുകയായിരുന്നു. ബാലഗോപാലിൻ്റെ ഓഫീസ് ഭരിക്കുന്നത് ധനകാര്യ വകുപ്പിലെ ഒരു കുറഞ്ഞ തസ്തികയിലുള്ള ഉദ്യോഗസ്ഥനാണെന്നും ഐ.എ.എസുകാരെ വരെ ഇയാൾ ഭരിക്കാറുണ്ടെന്നും മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചു. ഇയാൾ തോമസ് ഐസക് മന്ത്രിയായിരുന്ന കാലത്തും അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഐസക്കിൻ്റെ നിർദ്ദേശാനുസരണമാണ് ഇയാളെ നിയമിച്ചത്. മുഖ്യമന്ത്രിക്ക് ധനവകുപ്പിൽ ഒരു റോളും ഇല്ലെന്നതാണ് നിലവിലെ അവസ്ഥ.
സർക്കാർ ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നൽകാനാവാത്ത തരത്തിൽ സർക്കാർ പ്രതിസന്ധിയിലായി . ഏപ്രിൽ ആദ്യവാരം ട്രഷറി പൂട്ടും. ട്രഷറി പൂട്ടിയില്ലെങ്കിൽ
പണമിടപാട് സ്തംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ സർക്കാർ ഇന്നലെ നീട്ടി. ജൂൺ 30 വരെ അപേക്ഷ നൽകാനാകില്ലെന്നു ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിലെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. ആർജിതാവധി സറണ്ടർ ചെയ്യുന്നതിനു തടസ്സമില്ല.
ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു ശനിയാഴ്ച പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സർക്കാർ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഈ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും ബാലഗോപാൽകട പൂട്ടി സ്ഥലം വിട്ടെന്നാണ് കേൾക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കരസ്ഥമാക്കാൻ പോലും ബാലഗോപാലിന്റെ കഴിയുന്നില്ലന്നാണ് ആക്ഷേപം.
പെട്രോൾ ഡീസൽ സെസിൽ തുടങ്ങി എല്ലാം വില കൂടുന്ന ദിവസമാണ് ഏപ്രിൽ ഒന്ന്. പുതിയ സാമ്പത്തിക വർഷം പുതിയ ധനമന്ത്രിയെ കണ്ടെത്തിയാലെന്തെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന.
ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ വിദേശ യാത്ര നടത്തി ഒന്നും നേടാതെ തിരിച്ചെത്തിയ മുഖ്യമന്ത്രി എന്ന കുപ്രസിദ്ധി മുഖ്യമന്ത്രിക്ക് നേടി
കൊടുത്ത് റെക്കോർഡ് സൃഷ്ടിച്ച തോടെയാണ് ബാലഗോപാൽ പിണറായിയുടെ മനസിൽ നിന്നും ഇറങ്ങിപ്പോയത്.. അന്നു മുതലാണ് പിണറായിയും ബാലഗോപാലനും തെറ്റിയത്.
ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരം പുറത്തുവന്നു... സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ചത്.
നിത്യ ചിലവുകള്‍ക്കുപോലും പണം കണ്ടെത്താനാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തിയത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമുണ്ടായില്ല എന്ന് ബാലഗോപാൽ വരെ സമ്മതിക്കും.
കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി. പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളില്‍ ചിലവായ തുകയുടെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ ധൂര്‍ത്തിന്റെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ ബോംബെയില്‍ പോകേണ്ടതിനു പകരം പിണറായി യൂറോപ്പിലേക്കാണ് പോയത്. ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. പദ്ധതി ചെളിവാരല്‍ പദ്ധതിയായി അവശേഷിച്ചു. നേരത്തെ ജപ്പാന്‍ കൊറിയ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതെല്ലാം നടപ്പായെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.
നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. പിന്നീട് അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചൊണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. ഇതിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടംതിരിയുമ്പോഴാണ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യ മൂന്ന് വര്‍ഷത്തിനിടെ എട്ട് തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രിയാണ് മുന്നില്‍. മിക്ക യാത്രയിലും അദ്ദേഹം ഭാര്യയേയും മകളേയും ചെറുമകളേയും ഒപ്പം കൂട്ടി. എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കുടുംബസമേതം നടത്തിയ ജപ്പാൻ യാത്രയിൽ മന്ത്രിമാരായിരുന്ന ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ 13 അംഗ സംഘം ഉണ്ടായിരുന്നു. 11 ദിവസം നീണ്ട സന്ദര്‍ശനത്തിന് ഒരു കോടിയിലേറെ രൂപയായിരുന്നു ചിലവ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം സംബന്ധിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥവൃന്ദവും ഇക്കാലത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലും പോയി.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ, ടൂറിസം മന്ത്രിമാരും ഒടുവിൽ വിദേശയാത്രക്ക് തയ്യാറെടുത്തപ്പോൾ ട്രഷറിയിൽ ചില്ലി കാശില്ലെന്ന വസ്തുത ധനമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അധികം വൈകാതെ ട്രഷറി അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ടിക്കറ്റെടുക്കാനുള്ള പണം സർക്കാരിൻ്റെ കൈയിലില്ലെന്നും ധനമന്ത്രി അറിയിച്ചിരുന്നു.
.മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പ് സന്ദർശനത്തിന് പോകുന്നതിന് മുമ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്ക് പോയിരുന്നു..
സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ വരെ പിണറായി സർക്കാർ ആലോചിക്കുന്നുണ്ട്.. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. .
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്.
മന്ത്രി പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഇൗ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽപങ്ക് നഷ്ടപ്പെടുക എന്നാണ്.
1,71,000 കോടി രൂപയാണ് ഇൗ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണം. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഇൗ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്ക്കേണ്ടതുണ്ട്.
ബാക്കി 36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 40% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. എത്ര മിച്ചം പിടിച്ചാലും ഈ വർഷം പദ്ധതികൾക്കാവശ്യമായ തുകയുടെ പകുതി പോലും കണ്ടെത്താൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽ ക്കുന്നത്.
ഗുരുതര പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിനെ സാമ്പത്തികമായി നയിക്കാൻ ധനമന്ത്രിക്ക് കഴിയുന്നില്ലെന്ന ധാരണയിലാണ് പിണറായി വിജയൻ. അതേ സമയം താനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രിയുടെ തലയിൽ കെട്ടി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് ചിലരെങ്കിലും കരുതുന്നത്.തോമസ് ഐസക് ഉണ്ടായിരുന്നപ്പോൾ തൻെറ സ്വാതന്ത്ര്യം കുറഞ്ഞതായിരുന്നു പിണറായിയുടെ ആക്ഷേപം. ഇപ്പോൾ ഐസക്കിൻെറ അദൃശ്യകരങ്ങൾ ബാലഗോപാലിനെ നയിക്കുന്നതായി പിണറായി കരുതുന്നു.
https://www.facebook.com/Malayalivartha























