ബ്രഹ്‌മപുരം: പുതിയ പ്ലാന്റിന് ടെന്‍ഡര്‍ ക്ഷണിച്ചു; പ്രതീക്ഷിക്കുന്ന ചെലവ് 48.56 കോടി രൂപ

ബ്രഹ്‌മപുരത്തു പ്രതിദിനം 150 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 48.56 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. രൂപകല്‍പന മുതല്‍ പ്ലാന്റ് നിര്‍മിക്കുക, കമ്മിഷന്‍ ചെയ്യുക, 5 വര്‍ഷക്കാലം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള കരാറിനാണു ടെന്‍ഡര്‍ ക്ഷണിച്ചത്.
പ്ലാന്റ് നിര്‍മിക്കുന്നതിന് 39.49 കോടി രൂപയും 5 വര്‍ഷം പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണിക്കുമായി 9.07 കോടി രൂപയുമാണു കണക്കാക്കുന്നത്. ഈ മാസം 25നുളളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. സംയുക്ത സംരംഭങ്ങളെയും കണ്‍സോര്‍ഷ്യങ്ങളെയും പരിഗണിക്കും. രാജ്യത്തു സമാനമായ പദ്ധതികള്‍ നടപ്പാക്കി 5 വര്‍ഷത്തെ പരിചയം വേണം.
പ്രതിവര്‍ഷം 43,800 ടണ്‍ മാലിന്യം കൈകാര്യം ചെയ്ത പരിചയമുണ്ടാകണം. മാലിന്യം സംസ്‌കരിച്ചു വളമാക്കി മാറ്റുകയും വില്‍ക്കുകയും ചെയ്തതിന്റെയും പരിചയ സമ്പത്ത് വേണം. ശരാശരി 24.28 കോടി രൂപയുടെ വരുമാനവും വേണം. പ്ലാന്റിലെത്തിക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ടണ്ണിന് നിശ്ചിത തുക വീതം ടിപ്പിങ് ഫീസായി കോര്‍പറേഷന്‍ നല്‍കും. കരാറില്‍ ഒപ്പു വച്ച് 8 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും 9 മാസത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുകയും വേണം.
ബ്രഹ്‌മപുരത്തു നിലവിലുള്ള ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തന രഹിതമായിട്ട് ഏറെ നാളായി. ബ്രഹ്‌മപുരത്തുണ്ടായ തീപിടിത്തത്തിനു ശേഷം ജൈവ മാലിന്യം അവിടേക്കു കൊണ്ടു പോകുന്നുണ്ടെങ്കിലും കംപോസ്റ്റ് പ്ലാന്റ് വഴിയുള്ള സംസ്‌കരണം നടക്കുന്നില്ല.ഈ സാഹചര്യത്തില്‍ പുതിയ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.
ബ്രഹ്‌മപുരത്തു മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) ബെംഗളൂരു കേന്ദ്രമായ സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയിരുന്നെങ്കിലും ആ പദ്ധതി നടപ്പാകാനുള്ള സാധ്യത മങ്ങി. ബ്രഹ്‌മപുരത്തു ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് നടപ്പാക്കാനാണു കൊച്ചി കോര്‍പറേഷന്‍ ആദ്യം മുതല്‍ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്.
ജില്ലയിലെ മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനു സോണ്ടയുമായി കരാര്‍ ഒപ്പു വച്ചിട്ടുണ്ടെങ്കിലും കോര്‍പറേഷന്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ കോര്‍പറേഷനിലെ ജൈവ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികള്‍ വഴി സംസ്‌കരിക്കാനാണു കോര്‍പറേഷന്‍ നീക്കം. ഇതോടെ മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ സാധ്യത അടയും. മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്ലാന്റ് നടപ്പാക്കിയാലും വിജയിക്കുമോയെന്നും ആശങ്കയുമുണ്ട്
https://www.facebook.com/Malayalivartha

























