തുറന്ന് പറഞ്ഞ് താരം... ഈസ്റ്റര്‍ ദിനത്തില്‍ സഭാ നേതാക്കളുടെ പ്രീതി പിടിച്ചു പറ്റിയ ബിജെപി അടുത്ത നീക്കത്തില്‍; കഴിഞ്ഞ തവണത്തേക്കാള്‍ വിഷു കൈനീട്ടം ഗംഭീരമാക്കാന്‍ സുരേഷ് ഗോപി; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് സുരേഷ് ഗോപി

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. സഭകള്‍ ഒന്നാകെ ബിജെപിയെ സ്വീകരിച്ചു. ഇനി വിഷുവാണ്. വിഷുവില്‍ സുരേഷ് ഗോപിയാണ് താരം. ഒരു കോടിയുടെ വിഷുക്കൈനീട്ടമാണ് താന്‍ നല്‍കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് വിഷുക്കോടിയും കൈനീട്ടവും നല്‍കിയത്. ശേഷം വിവാദങ്ങളോട് പ്രതികരിക്കുകയും ചെയ്തു സുരേഷ് ഗോപി. വിഷുക്കൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടികള്‍ക്ക് എന്തിനാണ് വേവലാതിയെന്നും അദ്ദേഹം ചോദിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്ന് നീക്കിവയ്ക്കുന്ന 1 കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
വിഷുകൈനീട്ടം പരിപാടി നടത്തിയതിന്റെ പേരില്‍ തനിക്കാരും വോട്ട് ചെയ്യേണ്ടതില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ വിഷുകൈനീട്ടം പരിപാടി നടത്തിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷുകൈനീട്ടം പരിപാടിയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. ഇതില്‍ രാഷ്ട്രീയം കണ്ടവരാണ് തന്റെ പരിപാടിയെ വലുതാക്കിയത്.
തൃശ്ശൂരിലെ പരിപാടിയുടെ സംഘാടനത്തിനായി മാത്രമാണ് തന്റെ രാഷ്ട്രീയ കക്ഷിയെ നിയോഗിച്ചത്. തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിക്കണോ എന്ന കാര്യത്തില്‍ നിശ്ചയമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരില്‍ നിന്ന് താന്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ജയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളും, ഇതിലിത്ര പുകില്‍ എന്തിനാണ്?
വാദ്യ കലാകാരന്മാര്‍ക്ക് ഒരു കോടി രൂപ വിഷുകൈനീട്ടം നല്‍കുന്നതിനെക്കുറിച്ചും താരം സംസാരിച്ചു. 'സിനിമയില്‍ നിന്നുള്ള പ്രതിഫലത്തില്‍ നിന്നും മാറ്റിവെച്ച ഒരു കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കുന്നത്' സുരേഷ് ഗോപി അറിയിച്ചു. ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലായിരുന്നു വിഷുകൈനീട്ടം നല്‍കിയത്.
തൃശൂരില്‍ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തിരക്കിലാണ്. ഇന്ന് നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും നല്‍കാന്‍ സുരേഷ് ഗോപി പങ്കെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രിയപ്പെട്ട താരം ഇവ സമ്മാനിക്കുക.
വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശഭഗവാന്റെ ക്ഷേത്രത്തിലെ പരിപാടിയിലും 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും. ഏപ്രില്‍ 13 വ്യാഴാഴ്ചയാണ് ഈ പരിപാടി. ഗണേശഭഗവാന്റെ ശ്രീകോവിലിനായി സുരേഷ് ഗോപി ചെമ്പോല നല്‍കും. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ചാണ് ചെമ്പോല സമര്‍പ്പിക്കുക.
തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു 'തൃശൂര്‍ എനിക്ക് വേണം ഈ തൃശൂര്‍ നിങ്ങളെനിക്ക് തരണ'മെന്നത്. ഏത് ഗോവിന്ദന്‍ വന്നാലും ഇനിയും തൃശൂര്‍ എടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു. തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂരിലായാലും മത്സരിക്കാന്‍ തയ്യാറാണ്. 2024ല്‍ ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha























