ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന മൂന്നാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായാണ് റോയും , ഐബിയും വിലയിരുത്തുന്നത്. ട്രെയിനില്‍ അക്രമം നടത്തേണ്ട് ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു

രാജ്യത്തെ നടുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ പോലീസ് അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടാകുന്നില്ലെന്ന് ഉന്നതതല യോഗം വിലയിരുത്തി. കൂടുതല്‍ ദിവസങ്ങള്‍ കടന്നു പോകുന്നതല്ലാതെ പ്രതി ഷാരൂഖ് സെയ്ഫിയില്‍ നിന്നും അന്വേഷണം മുന്നോട്ട് പോകാനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രാജ്യാന്തര ബന്ധങ്ങളുള്ള കേസായതിനാല്‍ കേരള പോലീസിന്റെ കൈയ്യില്‍ നില്‍ക്കുകയുമില്ല. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുന്നതിനെ കുറിച്ചു ഡിജിപി മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ട്.
വിശ്വാസത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന മൊഴിയില്‍ തന്നെയാണ് ഷാറൂഖ് ഉറച്ചു നില്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി ഇത്തരം അക്രമങ്ങള്‍ വേണമെന്നാണ് അയ്യാള്‍ പറയുന്നത്. അക്രമം നടത്താന്‍ കേരളം തിരഞ്ഞെടുത്തതെന്തിന്, മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയതനുസരിച്ചാണോ എത്തിയതെന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. എന്നാല്‍ തീവണ്ടിയില്‍ എപ്പോള്‍ എവിടെ വെച്ച് അക്രമം നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചു കൊണ്ടിരുന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിനായി ട്രെയിനില്‍ സഹായികള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സഹായികളാരും ഇല്ലായിരുന്നെങ്കില്‍ പുറമേ നിന്നുള്ള നിര്‍ദ്ദേശം സമയാസമയം കിട്ടി കൊണ്ടിരുന്നതായാണ് കണക്ക് കൂട്ടുന്നത്.
ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന മൂന്നാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായാണ് റോയും , ഐബിയും വിലയിരുത്തുന്നത്. ട്രെയിനില്‍ അക്രമം നടത്തേണ്ട് ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു. തീവെയ്പിന് ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ ്കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ ഫോണ്‍ ബാഗില്‍ നിന്നും ഓഫാക്കിയ നിലയിലാണ് കണ്ടെത്തിയത്. ആ ഫോണില്‍ നിന്നും അക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനില്‍ നിര്‍ദ്ദേശം നല്കി കൊണ്ടിരുന്ന ഫോണും അതിന്റെ ഉറവിടവും തേടുന്നത്. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല. എന്നാല്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ഇയ്യാള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന വിലയിരുത്തലില്‍ കേന്ദ്ര ഏജന്‍സികളുടെ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊര്‍ജിതമാക്കിയത്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.
ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം അഞ്ച് ദിവസം കേരള പോലീസിന് അന്വേഷിക്കാന്‍ അവസരം നല്കിയിരുന്നു. നാളെ അഞ്ച് ദിവസം പൂര്‍ത്തിയാവുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തി അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ നേരിട്ടേറ്റെടക്കുമെന്ന വിവരമാണ് പുറത്തു വരുന്നത്.
ഏപ്രില്‍ 2ന് രാത്രി ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഡി1 കോച്ചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്‌തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയില്‍ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനില്‍ തന്നെയാണോ പ്രതി കണ്ണൂരില്‍ എത്തിയതെന്നും പരിശോധിക്കുന്നു. ട്രെയിനില്‍ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളില്‍ എലത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇന്ധന സംഭരണ ശാലയോടു ചേര്‍ന്ന ഇടവഴിയില്‍ നിന്നു 2 പേര്‍ സ്‌കൂട്ടറില്‍ അതിവേഗത്തില്‍ പുറത്തേക്കു പോയെന്ന വിവരത്തെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം റോ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പരിശോധന നടത്തിയത്. ഷൊര്‍ണൂര്‍ മേഖലയില്‍ പ്രതിക്കു സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നു. ഈ മേഖലയിലെ ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതാണ് അന്വേഷണത്തിനു വെല്ലുവിളിയെന്നു പൊലീസ് പറയുന്നു. ഇന്നലെ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. പ്രതിയെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകാന്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഇന്നലെ മാലൂര്‍കുന്ന് എആര്‍ ക്യാംപില്‍ എത്തിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പ്രതിയില്‍ നിന്നു ലഭിച്ചശേഷം തെളിവെടുപ്പു നടത്തിയാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നതോടെ ഇന്നലെ തെളിവെടുപ്പു നടത്താനുള്ള തീരുമാനം മാറ്റി. ഇന്നു തെളിവെടുപ്പു നടത്താനാണു ശ്രമം.
ഷൊര്‍ണൂരില്‍ നിന്ന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായാണ് ഷാരൂഖ് അക്രമം നടത്തിയ ട്രെയിനില്‍ കയറിയത്. ഷെര്‍ണൂര്‍ റെയില്‍വേ സ്േറ്റഷന് സമീപമുള്ള കോളനിയില്‍ തീവ്രവാദ കേസുകളില്‍പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ചിലര്‍ താമസിക്കുന്നുണ്ട്.. ഷൊര്‍ണൂരിലെ ഈ കോളനിയിലെത്തുകയും ഇവിടെ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് യാത്രകള്‍ നടന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമായി നിന്നു കൊണ്ട് സ്‌ഫോടന കേസുകളില്‍ പ്രതികളായ ഒന്നിലേറേ പേര്‍ ഷെര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനിയിലുണ്ട് അവരിപ്പോഴും തീവ്രവാദ സംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നവരുമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും ഇവരില്‍ ഒരാള്‍ ഇപ്പോഴും തീവ്രനിലപാടുകളിലാണ് ജീവിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് വരുമെന്നും അതിനായി മറ്റുള്ളവരെ ഭീതിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും വേണമെന്ന നിലപാടിലുള്ളയാളാണ്. ഷാറൂഖിന് ഇയ്യാളാണ് കേരളത്തില്‍ സഹായിച്ചതെന്നാണ് വിലിയിരുത്തുന്നത്.
എലത്തൂരില്‍ ട്രെയിനിനുള്ളില്‍ തീയിട്ട സംഭവത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു തന്നെയാണ് അന്വേഷണ സംഘം . പ്രതി ഷാറുഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത് എന്നാല്‍, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊര്‍ണൂരില്‍ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.ഷൊര്‍ണൂരില്‍ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊര്‍ണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാന്‍ തുടക്കത്തില്‍ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.
എന്നാല്‍ ട്രെയിനില്‍ സഹായികളുണ്ടായിരുന്നെന്നും അവര്‍ ഫോണ്‍ വഴി ഇയ്യാള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നെന്നുമുള്ള നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍ ഉറച്ചു നില്ക്കുന്നത്. അക്രമം നടത്തിയ ശേഷം ആ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരികെ വാങ്ങി സഹായികള്‍ രക്ഷപ്പെടാന്‍ സഹായിച്ചിരിക്കാം. തീവെയ്പ് നടന്നതിന് പിന്നാലെ അഞ്ചിടത്താണ് അപായ ചങ്ങല വലിച്ചതായി റെയില്‍വേ സാക്ഷ്യപ്പെടുത്തുന്നത്. യാത്രക്കാര്‍ രക്ഷപ്പെടുന്നതിന് വേണ്ടി ചങ്ങല വലിച്ചിതാവാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ യാത്രക്കാരാരും ചങ്ങല വലിച്ചതായി മൊഴി നല്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഷാരൂഖിന്റെ സഹായികളാണ് ചങ്ങല വലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ട്രെയിന്‍ പാലത്തിന് നടുവിലാണ് നിറുത്താനിടയായത്. ബോഗി മുഴുവന്‍ കത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്തുന്നുണ്ട്.
ബോഗി മുഴുവന്‍ കത്തുമ്പോള്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സംഭരണ ശാലയിലേയ്ക്കും തീ പടരുമെന്നും അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അക്രമത്തിന് പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാരൂഖിന് കൈവശമുള്ള പെട്രോള്‍ മുഴുവന്‍ ഒവിക്കാനോ തെളിവുകളുള്ള ബാഗ് സംരക്ഷിക്കാനോ കഴിയാതെ പോയി. പെട്രോളിയം സംഭരണ ശാലയായിരുന്നോ ലക്ഷ്യമെന്നത് ഷാരൂഖിന്റൈ സഹായികളില്‍ നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഷാരൂഖിന് പെട്രോളിയം സംഭരണ ശാലയെ കുറിച്ച് അറിവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.
എന്തായാലും കേന്ദ്ര ഏജന്‍സികള്‍ ഷൊര്‍ണൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള മൊബൈല്‍ ടവ്വറിന് കീഴില്‍ അന്ന് രാത്രി ഉപയോഗിച്ച ഫോണുകളുടെ ലിസ്‌റ്റെടുത്ത് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട. ഇനിയും കേരള പോലീസില്‍ കേസ് നിറുത്തുന്നതില്‍ കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും വിലയിരുത്തിയിട്ടുണ്ട്. അതു കൊണ്ട് കേസ് നേരിട്ട് ഏറ്റെടുക്കാന്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഐ.ബി. റോ, എന്‍.ഐ.എ എന്നിവയുടെ സംയുക്ത അന്വേഷണമാണ് കേന്ദ്രം ഉദ്ദേശിക്കന്നത്.
https://www.facebook.com/Malayalivartha























