വ്രത ശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു...

വ്രത ശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ച് വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു.... ഇന്നലെ കേരളത്തില്‍ എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്തതിനാല്‍ ഇന്നലെ റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഇന്ന് ശവ്വാല്‍ ഒന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു..
ഇന്നലത്തെ വെളിയാഴ്ച കൂടി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതോടെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അഞ്ച് വെള്ളിയാഴ്ച എന്ന പ്രത്യേകത കൂടി ഇത്തവണ റംസാനില്‍ വിശ്വാസികള്‍ക്ക് ലഭ്യമായി.
ഒരു മാസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പിന്നിട്ടതിന്റെ സര്‍വാഹ്ലാദങ്ങളും സന്തോഷവും വ്യക്തിയുടെയും സമൂഹത്തിന്റെയും മുഖങ്ങളില്‍ പ്രതിബിംബിക്കുന്നത് ഈ ദിനത്തിലാണ്. 'പറയുക: അള്ളാഹുവിന്റെ അനുഗ്രഹംകൊണ്ടും കാരുണ്യംകൊണ്ടുമാണ് അത്. അതിനാല്‍ അവര്‍ ആഹ്ലാദിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്' (യൂനുസ്: 58).
ഈദുല്‍ ഫിത്തറിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്ര്‍ സക്കാത്ത്. ശവ്വാല്‍ മാസപ്പിറ ദൃശ്യമാകുന്നതോടെയാണ് സക്കാത്ത് വിതരണം തുടങ്ങുന്നത്. ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ര്‍സക്കാത്തിലൂടെ നിറവേറ്റുന്നത്. ഈദുല്‍ ഫിത്തര്‍ ആഘോഷത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് പെരുന്നാള്‍ നിസ്‌കാരം.
മസ്ജിദുകളില്‍ പെരുന്നാള്‍ ദിനത്തിലെ പ്രത്യേക നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാന്നാര്‍ ജുമാ മസ്ജിദില്‍ രാവിലെ 9 ന് ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസിയും, കുരട്ടിക്കാട് ജുമാ മസ്ജിദില്‍ രാവിലെ 8.30 ന് നിസാമുദ്ദീന്‍ നഈമിയും, പാവുക്കര ജുമാ മസ്ജിദില്‍ രാവിലെ 8ന് ചീഫ് ഇമാം മുഹമ്മദ് യാസീന്‍ ബുഖാരി അല്‍കാമിലും, ഇരമത്തൂര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ രാവിലെ 8:30ന് ചീഫ് ഇമാം അബ്ദുള്‍ഹക്കീം ഖാസിമിയും മാന്നാര്‍ സലഫി ജുമാ മസ്ജിദില്‍ രാവിലെ 8.15 ന് അമീര്‍ മൗലവിയും ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതാണ്.
അതേസമയം കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയപെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചും പുത്തനുടുപ്പിന്റെ പുതുക്കവുമായി ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദാശംസകള്‍ കൈമാറുന്നതും ഈദിന്റെ പ്രത്യേകതയാണ്.
"
https://www.facebook.com/Malayalivartha






















