തൃശൂര്‍ പൂരത്തിന് തുടക്കമായി.... കണിമംഗലം ശാസ്താവ് രാവിലെ വടക്കുന്നാഥനിലെത്തിയതോടെയാണ് പൂരത്തിന് തുടക്കമായത്, ചെറുപൂരങ്ങളുടെ വരവ് തുടരുന്നു... ആവേശത്തില്‍ പൂരപ്രേമികള്‍

തൃശൂര്‍ പൂരത്തിന് തുടക്കമായി. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ വടക്കുന്നാഥനിലെത്തിയതോടെ പൂരത്തിന് തുടക്കമിട്ടു. ചെറുപൂരങ്ങളുടെ വരവ് തുടരുന്നു. പതിനൊന്നരയ്ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുന്നാഥനിലെത്തും.
12.15ന് പാറമേക്കാവില്‍ എഴുന്നള്ളിപ്പ് തുടങ്ങും.15 ആനകള്‍ക്ക് പാണ്ടിമേളം അകമ്പടിയാകും. രണ്ടോടെയാണ് വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടില്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോര്‍പ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും.
അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.ആറോടെ ജനലക്ഷങ്ങള്‍ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാര്‍ മടങ്ങും. ഘടകപൂരങ്ങള്‍ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചയ്ക്ക് ഒന്നോടെ പകല്‍പ്പൂരം ശ്രീമൂലസ്ഥാനത്ത് വിടചൊല്ലും. ആരവങ്ങള്‍ക്ക് നേരെ തുമ്പിക്കൈ ഉയര്‍ത്തി എറണാകുളം ശിവകുമാര്‍ കുറ്റൂര്‍ നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നാണ് ഇന്നലെ പൂരവിളംബരമറിയിച്ചത്.
പൊരിവെയിലിനെ കൂസാതെയെത്തിയ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നിട്ട് തൃശൂര്‍പൂരം വിളംബരം ചെയ്തത്.
"
https://www.facebook.com/Malayalivartha























