സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി .ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2021 സെപ്തംബര്‍ ഒമ്പതിനു നല്‍കിയ ഇടക്കാല ഉത്തരവ് അന്തിമമാക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അപാകതയില്ലെന്ന് തിരുവനന്തപുരം സ്വദേശി ധന്യ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയില്‍, ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ 2021 ആഗസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സമാന ഹര്‍ജികള്‍ മറ്റൊരു ബെഞ്ച് നിരസിച്ചതിനാല്‍ ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. തുടര്‍ന്ന് ഹര്‍ജിയില്‍ വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് അന്തിമമാക്കിയത്.
2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം ഇലക്ട്രോണിക് രേഖകള്‍ക്ക് നിയമസാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വധൂവരന്മാര്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ.
വധൂവരന്മാരില്‍ ഒരാള്‍ വിദേശത്താണെന്നും കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തില്‍ ഇളവു തേടി പലരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അന്തിമമാക്കിയതോടെ ഇനി ഇത്തരം വിവാഹങ്ങള്‍ക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല.
അതേസമയം ഓണ്‍ലൈന്‍ വിവാഹത്തിന്റെ സാക്ഷികള്‍ ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. തിരിച്ചറിയാന്‍ പാസ്‌പോര്‍ട്ടിന്റെയോ മറ്റ് തിരിച്ചറിയല്‍ രേഖയുടെയോ പകര്‍പ്പ് നല്‍കണം. വധൂവരന്മാരുടെ പവര്‍ ഒഫ് അറ്റോര്‍ണിയുള്ളവര്‍ ഇവര്‍ക്കു വേണ്ടി ഒപ്പുവയ്ക്കണം. വിവാഹത്തീയതിയും സമയവും മാര്യേജ് ഓഫീസര്‍ തീരുമാനിച്ച് നേരത്തെ അറിയിക്കണം. ഏതു ഓണ്‍ലൈന്‍ പ്‌ളാറ്റ്ഫോം വേണമെന്ന് ഓഫീസര്‍ക്ക് തീരുമാനിക്കാവുന്നതാണ്. വിവാഹം നടത്തിക്കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് നിയമപ്രകാരം നല്‍കുകയും വേണം.
"
https://www.facebook.com/Malayalivartha
























