കേസിന്റെ അവസാനം എന്താകും... ഡോ. വന്ദന കൊലക്കേസില്‍ മാനസിക ദൗര്‍ബല്യം മുതലാക്കി രക്ഷപ്പെടാന്‍ പ്രതി സന്ദീപിന്റെ നീക്കം; സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂവെന്ന് സന്ദീപ്

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന് പരമാവധി ശിക്ഷ നേടിക്കൊടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതേസമയം അതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് സന്ദീപ്. ഡോ. വന്ദനദാസ് കൊലക്കേസ് പ്രതിയായ സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി.
സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങള്‍ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.
തെളിവെടുപ്പ് സമയത്ത് നിര്‍ണായക മൊഴികള്‍ പ്രതിയില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയില്‍ കയറിയത് മാത്രമേ ഓര്‍മ്മയുള്ളൂ എന്ന് മൊഴി നല്‍കി. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നല്‍കി.
അതേസമയം താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറയ്ക്കുന്നതായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്.
കേസിനോട് സന്ദീപ് സഹകരിക്കുന്നുണ്ടെങ്കിലും തന്റെ ഭാഗം വരുമ്പോള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്. ചെറുകരക്കോണം പടിഞ്ഞാറ്റതില്‍ ശ്രീകുമാറിന്റെ വീട്ടില്‍ വന്നിട്ടില്ലെന്നും സമീപത്തെ ഓട്ടോ ഡ്രൈവര്‍ ദിനേശന്റെ വീട്ടിലാണ് പോയതെന്നും സന്ദീപ് പറയുന്നു. ശ്രീകുമാറിന്റെ വീട്ടിലെ കൂറ്റന്‍ മതിലിന്റെ മുകളിലൂടെയാണ് പോയതെന്നും പ്രതി പറയുന്നു. എന്നാല്‍, തന്നെ ആരോ കൊല്ലാന്‍ വരുന്നുണ്ടെന്ന് പറഞ്ഞാണ് വീടിന്റെ പിറകുവശത്ത് സന്ദീപ് നിന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞു.
സന്ദീപിനെ ആരും കൊല്ലാന്‍ വരുന്നില്ലെന്നും അവിടെ ഉണ്ടായിരുന്ന കസേരയില്‍ ഇരിക്കാനും ശ്രീകുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതി സഹകരിക്കാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ സമീപത്തെ കോളനിയിലും കയറിയതായി പൊലീസ് പറയുന്നു. ആ ദിവസം പ്രതിക്ക് എന്തു പറ്റിയെന്നതിനെ കുറിച്ച അന്വേഷണത്തിലാണ് പൊലീസ്. കൊല്ലാന്‍ ആരോ വരുന്നുണ്ടെന്ന് പ്രതി പറയുന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
സന്ദീപിനെ ഓടനാവട്ടം ചെറുകരക്കോണത്ത് തെളിവെടുപ്പിനെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 2.15 ഓടെയാണ് പ്രതിയെ ചെറുകരക്കോണം പടിഞ്ഞാറ്റതില്‍ ശ്രീകുമാറിന്റെ വീട്ടില്‍ എത്തിച്ചത്. ഇവിടെനിന്നാണ് സന്ദീപിനെ പൊലീസ് മേയ് 10ന് രാവിലെ നാലോടെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിലങ്ങ് അണിയിപ്പിച്ച് സന്ദീപിനെ പൊലീസ് സഹായത്താല്‍ പുറത്തിറക്കി. രണ്ടു കാലിലും പ്ലാസ്റ്റര്‍ ഇട്ടനിലയിലായിരുന്നു സന്ദീപ്. അന്ന് കടന്നുപോയ വഴികള്‍ പൊലീസിന് കാട്ടിക്കൊടുത്തു. ശ്രീകുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്ത് എത്തിച്ചപ്പോള്‍, താന്‍ വന്നത് ഇവിടെയല്ലെന്നും സമീപത്തെ ദിനേശന്റെ വീട്ടിലാണെന്നും പ്രതി പറയുന്നുണ്ടായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നു അയല്‍വാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. സന്ദീപിന്റെ അയല്‍വാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോകുകായിരുന്നു. ശ്രീകുമാറിന്റെ വീട്ടില്‍ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പോലീസ് ചോദിച്ചറിഞ്ഞു.
കാലിന് എങ്ങനെ പരുക്ക് പറ്റിയെന്നതും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സന്ദീപിന്റെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകള്‍ ഉള്‍പ്പെടെ ഏഴ് ഡോക്ടറര്‍മാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ പരിശോധന. ഇതിന്റെ ഫലം കേസില്‍ നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha
























