പിണറായി സര്‍ക്കാരിന്റെ പീഡനത്തിന് വിധേയരായ ജേക്കബ്ബ് ജോര്‍ജ്ജ്, ടി.പി.സെന്‍കുമാര്‍ എന്നിവരുടെ പട്ടികയിലേയ്ക്ക് ഐജി വിജയനേയും എത്തിച്ചിരിക്കുന്നു. എങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ക്കില്ലാത്ത ജനകീയ മുഖം ഐജി വിജയനുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം.

കേരള പോലീസ് തലപ്പത്ത് എരിയുന്ന അഗ്നി പര്‍വ്വതം മാസങ്ങളായി പൊട്ടിത്തെറിക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരുന്നു ഏറ്റവും അവസാനത്തെ സംഭവം.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ നേരിട്ട് ക്യാമ്പ് ചെയ്ത് പത്ത് ദിവസത്തോളം അന്വേഷിച്ചിട്ടും കുറ്റവാളിയായി കണ്ടെത്തിയ ഷാരൂഖ് സെയ്ഫിയില്‍ നിന്ന് വിവരമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പഴിയും ഏറ്റുവാങ്ങേണ്ടി വന്നു. അന്വേഷണത്തിന്റെ തുമ്പ് തപ്പി നടന്ന മാധ്യമങ്ങള്‍ കേരള പോലീസിന്റെ പിടിപ്പു കേടിനെ കണക്കറ്റ് ശകാരിക്കുകയും ചെയ്തിരുന്നു. എല്ലാം കൊണ്ടും അപമാനത്തിന്റെ പരകോടിയേറിയ കേരള പോലീസ് മുഖം രക്ഷിക്കാനായി പോലീസ് തലപ്പത്തുള്ള ഐജി വിജയനുള്‍പ്പടെയുള്ളവരേയും, മാധ്യമ പ്രവര്‍ത്തകരേയും ലക്ഷ്യമിട്ടു നീങ്ങിയിരുന്നു.
അതിന്റെ ഇരയായത് മൂന്നു മാധ്യമ പ്രവര്‍ത്തകരും ഐജി വിജയനുമാണ്. നിലവിലെ ഡിജിപി ഉള്‍പ്പടെ നാല് ഡിജിപി മാര്‍ ഈ മാസം വിരമിക്കുന്നുണ്ട്. ആ ഒഴിവിലേയ്ക്ക എഡിജിപി തസ്തികയില്‍ എത്തേണ്ട ഉദ്യോഗസ്ഥനായിരുന്നു ഐജി വിജയന്‍. എന്നാല്‍ പ്രെമോഷന്‍ ലിസ്റ്റിന് മുന്നേ സസ്‌പെന്‍ഷന്‍ നല്കി അദ്ദേഹത്തെ ഒതുക്കിയതിന് പിന്നില്‍ കേരള പോലീസ് തലപ്പത്തെ അമ്മായി അമ്മ പോര് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്ന് റിപ്പോര്‍ട്ടുള്ള എം.ആര്‍.അജിത്കുമാറിനെ തന്നെ ആ ക്രമസമാധാന ചുമതലയുടെ തലപ്പത്ത് എത്തിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പോലീസിനെ വെല്ലുവിളിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശക്തമായ ആരോപണം നിലനില്ക്കുന്ന ഉദ്യോഗസ്ഥനായ എം.ആര്‍.അജിത് കുമാര്‍ പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസാക്ഷി സൂക്ഷിപ്പുകാരനാണ് പരസ്യമായ രഹസ്യമാണ്.
മാതൃഭൂമി ചാനലിനെതിരെ കേസെടുത്തതും മൊബൈല്‍ പിടിച്ചു വാങ്ങിയതുമെല്ലാം ഐജി പി.വിജയനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാനുള്ള സര്‍ക്കാര്‍ തന്ത്രം മാത്രംമായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരിലാണ് ഇപ്പോള്‍ വിജയനെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയെന്നാണ് റിപ്പോര്‍ട്ട്. എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തി. ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചതിന്റെ സുരക്ഷ വീഴ്ചയും വഴിയില്‍ വണ്ടി കേടായതും മണിക്കൂറുകളോളം അവിടെ കാത്തു കിടന്നതും പോലീസിന്റെ നിരുത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.
കേസിലെ പ്രതിയെ രത്നഗിരിയില്‍ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതില്‍ വീഴ്ചപറ്റി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്ഐ കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ആരോപണമുണ്ടാക്കാന്‍ വേണ്ടിയാണ് മാതൃഭൂമിക്കെതിരെ കേസെടുത്തത്. മാതൃഭൂമിക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് പരോക്ഷമായി വിജയനെതിരെ ഉന്നയിക്കുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് കേരളത്തില്‍ എത്തിക്കുന്നതിനിടെ വാഹനം പിന്തുടര്‍ന്ന് തത്സമയ സംപ്രേഷണം ചെയ്ത ചാനല്‍ സംഘത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍, കാമറാമാന്‍, ഡ്രൈവര്‍ എന്നിവരെയാണ് പൊലീസ് കോഴിക്കോട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സംഭവമുണ്ടായ സമയത്ത് തന്നെ കേസെടുത്തിരുന്നു.
എന്നാല്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കിയ മാതൃഭൂമി ഉള്‍പ്പടെയുള്ള 3 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ അനധികൃതമായി കൈവശംവച്ച് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളായി അന്വേഷിക്കുകയാണ്. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തിട്ടും പിടിച്ചെടുത്ത ഫോണുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു തിരിച്ചു നല്‍കിയിട്ടില്ല. അതേസമയം.എന്‍ഐഎക്ക് ഇവ കൈമാറിയിട്ടുമില്ല. വാര്‍ത്തകള്‍ ചോര്‍ന്ന വിഷയത്തില്‍ എന്‍ ഐ എ യാതൊരു പരാതിയും പറഞ്ഞിട്ടില്ലെന്നാണറിയുന്നത്.
ഫോണുകള്‍ പിടിച്ചെടുത്തതു കേസന്വേഷണവുമായി നേരിട്ടു ബന്ധപ്പെട്ടാണെങ്കില്‍ തെളിവു കണ്ടെടുക്കല്‍ മഹസര്‍ സഹിതം ഈ ഫോണുകള്‍ എന്‍ഐഎയ്ക്കു കൈമാറേണ്ടതാണ്. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ ഷാറുഖ് സെയ്ഫിയെ രത്‌നഗിരിയില്‍ വച്ചു മഹാരാഷ്ട്ര പൊലീസ് പിടികൂടിയ വിവരം കേസന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയുന്നതിനു മുന്‍പു കേരളത്തിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് അന്വേഷണ സംഘത്തിനു നാണക്കേടായിരുന്നു. ഈ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനാണു ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചു മഹസര്‍ എഴുതാതെ 3 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ കൈവശം വച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഏപ്രില്‍ രണ്ടിനാണു ഷാറുഖ് ഓടുന്ന ട്രെയിനില്‍ യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. കുറ്റകൃത്യത്തിനു ശേഷം കണ്ണൂരില്‍ നിന്നു കടന്നുകളഞ്ഞ പ്രതിയെ രണ്ടു ദിവസത്തിനു ശേഷം രത്‌നഗിരിയില്‍ നിന്നു മഹാരാഷ്ട്ര പൊലീസാണു പിടികൂടിയത്. ട്രെയിനില്‍നിന്നു ചാടി പരുക്കേറ്റ പ്രതി രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരം ലഭിച്ചതു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കാണ്. എഡിജിപി: എം.ആര്‍.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു മഹാരാഷ്ട്ര പൊലീസ് പ്രതി ഷാറുഖിനെ കൈമാറുകയായിരുന്നു. ഐബിയില്‍ നിന്നല്ല എടിഎസ് തലവനായ ഐജി പി വിജയനാണ് വാര്‍ത്ത ചോര്‍ത്തിയതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഫോണ്‍ പോലും കേരള പൊലീസ് പിടിച്ചുവച്ചിരിക്കുകയാണ്.
കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പിയും ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗവുമായ സി എ അബ്ദുള്‍ റഹ്‌മാനാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് കേരള പൊലീസിന് കൈമാറിയത്. അതിവേഗം യാത്ര ചെയ്ത അന്വേഷകസംഘത്തെ പിന്തുടര്‍ന്ന ചാനല്‍ സംഘം അതിന്റെ രഹസ്യ സ്വഭാവം മാനിച്ചില്ലെന്നായിരുന്നു പരാതി. പ്രതിയുമായി വരുന്ന വാഹനത്തെ പിന്തുടര്‍ന്ന് തത്സമയ സംപ്രേഷണം നല്‍കുകയായിരുന്നു. ഇതോടെ യാത്രയുടെ രഹസ്യ സ്വഭാവം നഷ്ടമായി.
പ്രതിക്കെതിരെ പിന്നീട് യുഎപിഎ ചുമത്തുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. പ്രതി ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ സുരക്ഷാ മേഖലയില്‍ കയറിയ 24 ന്യൂസിലെ ദീപക് ധര്‍മ്മടത്തിനെതിരെ കേസെടുത്തതുമില്ല. ദീപക് പ്രതിയുമായി സംസാരിച്ച ശേഷം കേസ് തന്നെ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവും വന്നിരുന്നു. അതീവ സുരക്ഷ മേഖലയില്‍ അദ്ദേഹം കടന്നതെങ്ങനെയെന്ന് എടിഎസ് തലവനായിരുന്ന പി വിജയന്‍ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിനെതിരെ സസ്പെന്‍ഷന്‍ അച്ചടക്ക നടപടിയിലേയ്ക്ക് കടക്കാനിടയാക്കിയതെന്ന്ും പറയപ്പെടുന്നു.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി. വിജയന്‍. സാമ്പത്തിക പ്രതിസന്ധി കാരണം പഠിത്തം പകുതി വഴിയില്‍ നിന്നു പോയ വിജയന്‍ കഠിനാധ്വാനത്തിലൂടെ പഠനം നടത്തിയാണ് ഐപിഎസ് സ്വന്തമാക്കിയത്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാതൃക പുരുഷനും തികഞ്ഞ ജനകീയനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതം തന്നെ മോട്ടിവേഷന്‍ ആയിരുന്നു. കേരളത്തില്‍ സ്റ്റുഡന്‍സ് പോലീസ് ഏര്‍പ്പെടുത്തിയതും അത് രാജ്യവ്യാപകമാക്കിയതിന് പിന്നിലും പി.വിജയന്റെ ജനകീയ മുഖമായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ നേര്‍വഴിയ്‌ക്കെത്തിക്കാന്‍ സ്റ്റൂഡന്‍സ് പോലീസിനായിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി.വിജയനെ സ്ഥലംമാറ്റിയിരുന്നു. എഡിജിപിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ പി.വിജയന്‍ ഐപിഎസിന് നിര്‍ദ്ദേശവും നല്‍കി. പകരം നിയമനം നല്‍കിയിരുന്നില്ല.
കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നല്‍കിയത്. പി. വിജയന്‍ ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെയും ചുമതലയും വഹിച്ചിരുന്നു. കെബിപിഎസിലെ പാര്‍ട്ടി നിയമനങ്ങള്‍ എതിര്‍ത്തത് യൂണിയനുകളുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സ്റ്റുഡന്റ് കേഡറ്റ് ചുമതലയില്‍നിന്നും വിജയനെ നേരത്തെ നീക്കിയിരുന്നു. ശബരിമലയില്‍ പൊലീസിന്റെ പ്രധാന പദ്ധതിയായ പുണ്യം പൂങ്കാവനത്തിന് ചുക്കാന്‍ പിടിച്ചതും വിജയനാണ്. ഈ പദവിയും വിജയന് നഷ്ടമായിരുന്നു.
ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളുടെ തീപ്പൊള്ളലേറ്റ ചിത്രവും മറ്റും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ഷാറൂഖ് സെയ്ഫിയെ മുംബൈയില്‍നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയനും ഗ്രേഡ് എസ്ഐ മനോജ് കുമാറും ബന്ധപ്പെട്ടിരുന്നതായി എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യമായി എത്തിക്കേണ്ട പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്നത് സുരക്ഷാ വീഴ്ചയാണ്. സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട പൊലീസിന്റെ അന്വേഷണ വിഭാഗമാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ്.
അതേസമയം സസ്പെന്‍ഷന് പിന്നില്‍ പൊലീസിലെ ആഭ്യന്തര തര്‍ക്കമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സ്ഥാനക്കയറ്റം സംബന്ധിച്ച് പോലീസ് തലപ്പത്ത് ഇത്തരം നടപടികളുണ്ടാകുന്നത് പതിവാണ്. പിണറായി സര്‍ക്കാരിന്റെ പീഡനത്തിന് വിധേയരായ ജേക്കബ്ബ് ജോര്‍ജ്ജ്, ടി.പി.സെന്‍കുമാര്‍ എന്നിവരുടെ പട്ടികയിലേയ്ക്ക് ഐജി വിജയനേയും എത്തിച്ചിരിക്കുന്നു. എങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ക്കില്ലാത്ത ജനകീയ മുഖം ഐജി വിജയനുണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
https://www.facebook.com/Malayalivartha

























