ഓൺലൈൻ വഴി മയക്കുമരുന്ന് കടത്ത്, മുപ്പതുകാരൻ പിടിയിൽ, പോസ്റ്റ് ഓഫീസിൽ എത്തിച്ച മൂന്നു ലക്ഷത്തോളം വില വരുന്ന എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടി, ഇവ എത്തിച്ചത് ഡാർക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം നടത്തി

കണ്ണൂരിൽ ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തിയ പ്രതി അറസ്റ്റിൽ. എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ആണ് കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗിനെ (30) നെ അറസ്റ്റ് ചെയ്തത്. നെതർലാൻഡിലെ റോട്ടർഡാമിൽ നിന്ന് ഓൺലൈനായി കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിച്ച 70 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ജനീഷും പാർട്ടിയും ചേർന്നാണ് ലഹരി മരുന്ന് പിടികൂടിയത്.
ഡാർക് വെബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് എൽ.എസ്.ഡി എത്തിച്ചത്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്നു ലക്ഷത്തോളം വിലമതിക്കും. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ സംശയാസ്പദമായി എത്തിയ തപാൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു.
എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിലാസക്കാരൻ പാറാൽ സ്വദേശി ശ്രീരാഗ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മഫ്തിയിൽ പ്രത്യേക സംഘം വീടിന് സമീപം എത്തി ശ്രീരാഗിനെ പിടികൂടുകയായിരുന്നു. പ്രിവന്റിവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എം. സുബിൻ, സി.കെ. ശജേഷ്, എൻ.സി. വിഷ്ണു, ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























