സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത നിലനിൽക്കുന്നതിനെ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശമുണ്ട്.
കേരള തീരത്ത് 21-ാം തീയതി രാത്രി 11.30 വരെ 1.2 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. വേഗത സെക്കൻഡിൽ 35 സെന്റീമീറ്ററിനും 70 സെന്റീമീറ്ററിനും ഇടയിൽ മാറിവരാനും സാദ്ധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം.
കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നതിലൂടെ കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
https://www.facebook.com/Malayalivartha
























