നമ്മുടെ മക്കള്‍ എന്നെ അമ്മ എന്ന് വിളിക്കുമ്ബോള്‍ എന്നിലവര്‍ നിന്നെ തന്നെയാണ് കാണുന്നത്; സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളിലൂടെ

ലിനിയുടെ ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും. 2018 മെയ് 21-നായിരുന്നു കേരളക്കരയുടെ നൊമ്ബരമായി സിസ്റ്റര്‍ ലിനി മരണത്തിന് കീഴടങ്ങിയത്. പേരാമ്ബ്ര താലൂക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു സിസ്റ്റര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നത്. മരണക്കിടക്കയില്‍ ലിനി ഭര്‍ത്താവ് സജീഷിന് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു സജീഷ് മക്കള്‍ക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്.
ലിനി, നിന്റെ ഓര്‍മ്മകള്‍ക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല. അതുകൊണ്ട് തന്നെ നമ്മുടെ മക്കള്‍ ഇന്ന് തനിച്ചല്ല. സ്‌നേഹവും വാത്സല്യവും കരുതലും കൊടുക്കാന്‍ അമ്മയായ് ഞാന്‍ കൂടെ ഉണ്ട്. നമ്മുടെ മക്കള്‍ എന്നെ അമ്മ എന്ന് വിളിക്കുമ്ബോള്‍ എന്നിലവര്‍ നിന്നെ തന്നെ ആണ് കാണുന്നത്. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വര്‍ഷങ്ങളുടെയോ കണക്കുകള്‍ വേണ്ട നിന്നെ ഓര്‍മ്മിക്കാന്‍. കാരണം നീ ഞങ്ങളില്‍ ഒരാളായി കൂടെ തന്നെയുണ്ട് കാവലായ്. എന്നായിരുന്നു പ്രതിഭയുടെ കുറിപ്പ്. ഒരു വീഡിയോയും കുറിപ്പിനൊപ്പം പ്രതിഭപങ്കുവെച്ചു. ലിനിയുടെ ഓര്‍മ്മച്ചിത്രങ്ങളും പ്രതിഭയും കുട്ടികളുമായുള്ള ചിത്രങ്ങളായിരുന്നു പ്രതിഭ പങ്കുവെച്ചത്.
ലിനി, നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുന്നു. ഇന്ന് ഞങ്ങള്‍ തനിച്ചല്ല ഒരു പാതിയുടെ കരുതലും സ്‌നേഹവും എനിക്കും, ഒരു അമ്മയുടെ മാതൃസ്‌നേഹവും വാത്സ്യല്യവും നമ്മുടെ മക്കള്‍ക്കും കിട്ടുന്നുണ്ട്. നീ തന്ന അളവില്‍ കുറയാതെ ഇന്ന് ഞങ്ങള്‍ അത് അനുഭവിക്കുന്നുണ്ടെങ്കില്‍ നിന്റെ നിഴല്‍ കാവലായ് ഞങ്ങളുടെ കൂടെ ഉളളത് കൊണ്ട് മാത്രമാണ് എന്നായിരുന്നു സിസ്റ്റര്‍ ലിനിയുടെ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ് സജീഷ് കുറിച്ചത്.
https://www.facebook.com/Malayalivartha
























