രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രിമാരും ഗവര്‍ണറും ചേര്‍ന്ന് ഉപരാഷ്‌ട്രപതിയെ സ്വീകരിച്ചു. തുടര്‍ന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശേഷം വൈകിട്ടോടെ അദ്ദേഹം രാജ്ഭവനിലേക്ക് പോകും. പത്‌നി ഡോ.സുധേഷ് ധന്‍കറും ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പമുണ്ട്. വിവിഐപി സ്യൂട്ടിലാകും ഇരുവരുടെയും താമസം. രാജ്ഭവനില്‍ വൈകുന്നേരം സന്ദര്‍ശകരെ കാണും.
രാത്രി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും. നാളെ രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയ്‌ക്കും ഗവര്‍ണര്‍ക്കുമൊപ്പം പ്രഭാതഭക്ഷണത്തിന് ശേഷം 10.30-ന് നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിയമസഭയുടെ അന്താരാഷ്‌ട്ര പുസ്‌തോകാത്സവം 2023-ന്റെ പ്രകാശനവും നിര്‍വഹിക്കും. ഉച്ചക്കഴിഞ്ഞ് കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി സന്ദര്‍ശിച്ച് കേഡറ്റുകളുമായി സംവദിക്കും. ആദ്യമായാണ് ഒരു ഉപരാഷ്‌ട്രപതി നാവിക അക്കാദമി സന്ദര്‍ശിക്കുന്നത്.
കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ ചിത്തോര്‍ഗഡിലെ സൈനിക് സ്‌കൂളില്‍ തന്നെ പഠിപ്പിച്ച അദ്ധ്യാപിക രത്‌ന നായരെ തലശേരിയിലെ വസതിയിലെത്തി ഉപരാഷ്‌ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് 6.20-ഓടെ ഡല്‍ഹിയിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha
























