ക്യൂട്ട് ലൂക്കൊന്നൊക്കെ കേട്ടിട്ടില്ലേ. അതാണിപ്പോള്‍ ലണ്ടനില്‍ തൊഴിലാളി പാര്‍ട്ടി നേതാവ് എം.വി.ഗോവിന്ദന്റെ ലൂക്ക്,ലീഗിനെ അടര്‍ത്തിയെടുക്കുകയോ അല്ലെങ്കില്‍ പിളര്‍ത്തിയെടുക്കുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം.

ക്യൂട്ട് ലൂക്കൊന്നൊക്കെ കേട്ടിട്ടില്ലേ. അതാണിപ്പോള്‍ ലണ്ടനില്‍ തൊഴിലാളി പാര്‍ട്ടി നേതാവ് എം.വി.ഗോവിന്ദന്റെ ലൂക്ക്. കെട്ടിലും മട്ടിലും അടിമുടി പരിഷ്‌കാരിയായാണ് മുതലാളിത്ത രാഷ്ട്രത്ത് തൊഴിലാളി നേതാവ് കറങ്ങി നടക്കുന്നത്. ലണ്ടന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് സിപിഎം പറയുന്നതിനുമപ്പുറം മറ്റുചിലതു കൂടിയുണ്ടെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചില്ലറ മുറുമുറുപ്പൊക്കെ നടക്കുന്നുണ്ട്. അടുത്തു വന്നിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി രാജ്യാന്തര ചര്‍ച്ചയെന്നാണ് വിലിയിരുത്തപ്പെടുന്നത്. വിദേശ വ്യവസായികളുമായും അവരുടെ ബന്ധങ്ങളുമായുള്ള ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും ഒരുവശത്ത്. പരാജയപ്പെട്ട സംരഭകരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പറ്റിയ സാഹചര്യമുണ്ടെന്ന് വിദേശ മലയാളികളെ ബോധ്യപ്പെടുത്തുകയെന്നതും ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനേക്കാളുപരി അടുത്ത തിരഞ്ഞെടുപ്പില്‍ രണ്ടക്കം തികച്ചില്ലെങ്കില്‍ സിപിഎമ്മിന് പാര്‍ലമെന്റില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ തിരിച്ചടിയാകും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളെ പഴയ പോലെ കൂടെ നിറുത്താനാവില്ലെന്ന് വ്യ്കതമാണ്. ആ സാഹചര്യത്തില്‍ ലീഗിനെ അടര്‍ത്തിയെടുക്കുകയോ അല്ലെങ്കില്‍ പിളര്‍ത്തിയെടുക്കുകയോ ചെയ്യുക എന്നതാണ് ലക്ഷ്യം. ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ലണ്ടന്‍ വ്യവസായികളെ കൂടെ കൂട്ടി ചര്‍ച്ച ചെയ്യുന്നുണ്ടെന്നതും ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതിനായി നേരത്തെ തന്നെ പാനല്‍ തയ്യാറാക്കിയാണ് ഗോവിന്ദന്‍ മാഷിന്റെ യാത്രയെന്ന വിവരവും പുറത്തു വരുന്നുണ്ട്. ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റ ശ്കതമായ പിന്‍തുണയുമുണ്ട്. അഞ്ചാം മന്ത്രി വിവാദമാണ് കേരളത്തില്‍ ബിജെപിയ്ക്ക് വളരാന്‍ ഇടയാക്കിയതും കോണ്‍ഗ്രസിനെ ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നകറ്റിയതെന്നും അടുത്തിടെയാണ് ഒരു ലീഗ് നേതാവ് പറഞ്ഞത്. ലീഗിന്റെ വാശിയില്‍ യുഡിഎഫ് തന്നെ ഇല്ലാതായ സാഹചര്യമാണുണ്ടായത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നത് യുഡിഎഫിന്റെ പതനം കണ്ടിട്ടു തന്നെയായിരുന്നു. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പിലൂടെ നേടിയ വിജയത്തില്‍ നിന്നു കൊണ്ട് യുഡിഎഫ് മാണി വിഭാഗത്തെ ക്ഷണിച്ചിരിക്കുകയാണ്. എന്നു മാത്രമല്ല കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് പിണറായി വിജയനെ തഴഞ്ഞു കൊണ്ട് ജോസ് കെ മാണിയെ ക്ഷണിക്കുകയും ചെയ്തു. ജോസ് കെ മാണി പങ്കെടുത്തില്ലെങ്കിലും യുഡിഎഫിന്റെ വാതിലുകള്‍ തനിക്കായി തുറന്നിട്ടിരിക്കുന്നുവെന്നു അവര്‍ മനസിലാക്കി തുടങ്ങി.കമ്മ്യൂണിസ്റ്റുകളോട് അത്രയ്ക്ക് മമമത ഇല്ലാത്ത നാടാണ് ലണ്ടന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം വി ഗോവിന്ദന്‍ ആദ്യമായാണ് ലണ്ടനില്‍ യാത്ര നടത്തിയത്. അതുകൊണ്ട് തന്നെ കുറച്ചു പവറോടു കൂടി തന്നെയാണ് അദ്ദേഹം എത്തിയത്. നാട്ടില്‍ പൊതുവേ ഷര്‍ട്ടും മുണ്ടും ധരിക്കുന്ന അദ്ദേഹം ഷര്‍ട്ട് 'ടക്ക് ഇന്‍' ചെയ്ത് വിമാനത്താവളത്തില്‍ എത്തിയ ചിത്രം തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
യുകെയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നതും അല്‍പ്പം സ്‌റ്റൈലിഷായി തന്നെയാണ്. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളില്‍ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുന്‍ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദന്‍ ലണ്ടനില്‍ എത്തിയത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു എന്നിവരുമുണ്ട്.. കാറല്‍ മാര്‍കിസിന്റെ വിപ്ലവം ഒര്‍മ്മിപ്പിക്കുന്ന ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ലണ്ടനിലെ വിവധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കെങ്കേമമായി ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ വിദേശ യാത്രയെ കുറിച്ചും സഖാക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
2024ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും മത്സരിക്കാന്‍ വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ കോട്ടയം മാത്രമേ നല്‍കാനാകൂ എന്ന നിലപാടില്‍ നിന്നും സിപിഎം പിന്നോട്ട് പോകാന്‍ സാധ്യതയില്ല. മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് വരുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് സിപിഎം രാഷ്ട്രീയ കരുക്കള്‍ നീക്കി കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. മുസ്ലിം ലീഗ് ഇടതുപക്ഷത്ത് എത്തിയാല്‍ അവര്‍ക്ക് കുറഞ്ഞത് മൂന്ന് സീറ്റ് നല്‍കേണ്ടി വരും. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ നിലവിലെ ഘടക കക്ഷികളുടെ ആവശ്യമൊന്നും അംഗീകരിക്കാന്‍ സാധ്യതയില്ല. ലീഗ് വന്നാല്‍ സിപിഐയ്ക്ക് സീറ്റില്‍ കുറവുണ്ടാവാനും സാധ്യതയുണ്ട്.
കോട്ടയത്തിനൊപ്പം പത്തനംതിട്ടയോ ഇടുക്കിയോ കിട്ടാനാണ് മാണി ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. അതിനായുള്ള ചരടുവലികള്‍ അവര്‍ തുടങ്ങിയിട്ടുമുണ്ട്. കോട്ടയത്തു നിലവിലെ എംപി തോമസ് ചാഴികാടന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. 2019ല്‍ കോട്ടയത്തു ചാഴികാടന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണു ജയിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനു വേണ്ടി വി.എന്‍.വാസവനായിരുന്നു സ്ഥാനാര്‍ത്ഥി. ജനതാദളും സിപിഎമ്മും മാറിമാറി ഇടതുപക്ഷത്തു മത്സരിക്കുന്ന മണ്ഡലമാണ്. കോട്ടയത്ത് ജയം ഉറപ്പാണെന്ന് കേരളാ കോണ്‍ഗ്രസ് സിപിഎമ്മിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണു വിജയിക്കുന്നത്. സീറ്റ് തങ്ങള്‍ക്കു നല്‍കിയാല്‍ പത്തനംതിട്ട പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിക്കു നല്‍കുന്ന വാഗ്ദാനം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളാണ് എംഎല്‍എമാര്‍. ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ നിന്നു മന്ത്രി റോഷി അഗസ്റ്റിന്‍ മാത്രമാണു കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി. ഇവിടെ പിജെ ജോസഫിന്റെ കേരളാ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ അടിവേരോടെ എല്‍ഡിഎഫിന് വീഴുകയായിരുന്നു. ഇപ്പോഴും ആ സ്ഥിതി തുടരാനാകുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോട്ടയത്തിന് അപ്പുറം സീറ്റ് കൊടുക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടും യുഡിഎഫിലെ ചര്‍ച്ചകളും എല്ലാം അതിനിര്‍ണ്ണായകമാകും. ലീഗ് കളം മാറി ചവിട്ടാന്‍ സമ്മതം മൂളിയാല്‍ കേരളാ കോണ്‍ഗ്രസിന്റെ അധിക സീറ്റ് മോഹം പൊലിയും എന്നു മാത്രമല്ല മാണി ഗ്രൂപ്പിനെ തന്നെ തഴയാനും സാധ്യതയേറേയാണ്. ലീഗിനെ കൂടെ കൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ പത്തനംതിട്ട കൂടി നല്കിയ മാണി ഗ്രൂപ്പിനെ ഉറപ്പിച്ചു നിറുത്താനും ആലോചനയുണ്ട്.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്നും മതേരതര പാര്‍ട്ടിയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ ലീഗിനോടുള്ള താല്‍പ്പര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ആയാണു ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. പാര്‍ട്ടി രേഖകളിലും അങ്ങനെത്തന്നെയാണു പറയുന്നത്. 'വര്‍ഗീയ നിറമുള്ള പാര്‍ട്ടിയായി ലീഗിനെ ഇഎംഎസ് വിശേഷിപ്പിച്ചിട്ടില്ലേ' എന്നു ചോദിച്ചപ്പോള്‍ അതു ശരിയല്ലെന്നു ഗോവിന്ദന്‍ പറഞ്ഞു. 1967 ലെ ഇഎംഎസ് സര്‍ക്കാരിനൊപ്പം ഭരണം നടത്തിയ പാര്‍ട്ടിയാണ് ലീഗ്. പിന്നെ എന്താണ്? ഗോവിന്ദന്‍ ചോദിച്ചിരുന്നു. അങ്ങനെ മുസ്ലിം ലീഗിനെ അടുപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. അതനായി അവസാനത്തെ അടവുമായാണ് വിദേശത്തേയ്ക്ക് പോയതെന്ന വിവരമാണ് പുറത്തു വരുന്നത്.
എന്നാല്‍ സിപിഎമ്മിന്റെ നീക്കം കണ്ടറിഞ്ഞാണ് ലീഗിലെ യുവജന വിഭാഗം കരുക്കള്‍ നീക്കിയത്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള ചില നേതാക്കളെ സിപിഎം നേരത്തെ പലവിധ വാഗ്ദാനങ്ങളും നല്കി ഇടത്തോട്ട് അടുപ്പിക്കാന്‍ ശ്രമം നടത്തി കൊണ്ടിരുന്നു. പി.കെ.ഫിറോസും, എം.കെ.മുനീറും, കെ.എം.ഷാജിയുമടക്കമുള്ള നേതാക്കള്‍ സിപിഎമ്മിന്റെ മോഹം മുളയിലെ നുള്ളിയെന്നു മാത്രമല്ല ഇടത്തോട്ട് ചാഞ്ഞു നിന്ന നേതാക്കളെ കടന്നാക്രമിക്കുകയും ചെയ്തു. യുവാക്കളുടെ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ലീഗില്‍ നിന്നു തന്നെ പുറത്തു പോകേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടിയ്ക്കും മുന്നറിയിപ്പു കിട്ടിയിരുന്നു. എങ്കില്‍ ലീഗിനെ പിളര്‍ത്തനായി മുഹമ്മദി റിയാസിനെ ഉപയോഗിച്ച് വലിയ കളികള്‍ നടത്തിയെങ്കിലും പാണക്കാട് കുടുംബത്തിന്റെ ഇടപെടല്‍ കാരണം അതും പൊളിയുകയായിരുന്നു. എന്നാലിപ്പോല്‍ ലണ്ടന്‍ സന്ദര്‍ശനത്തില്‍ ഇതാണ് മുഖ്യവിഷയം എന്ന വിവരങ്ങള്‍ വരു ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha
























