സെന്‍ട്രല്‍ പാരാമെഡിക്കല്‍ ആന്‍ഡ് അലൈഡ് ബില്‍ പാര്‍ലമെന്റിലേക്ക്; വ്യാജ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കും ക്‌ളിനിക്കുകള്‍ക്കും പൂട്ടുവീഴും

പെട്ടിക്കടകള്‍ പോലെ പാരാമെഡിക്കല്‍ കോഴ്‌സുകളും സ്‌കാനിംഗ് സെന്ററുകളും തുടങ്ങാമെന്ന വ്യാമോഹം ഇനി നടക്കില്ല. സെന്‍ട്രല്‍ പാരാമെഡിക്കല്‍ ആന്‍ഡ് അലൈഡ് ബില്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതോടെ ഈ മേഖലയിലെ വ്യാജന്‍മാര്‍ക്ക് പണികിട്ടുമെന്ന് ഉറപ്പായി. ബില്‍ പാസായാല്‍ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ നിലവാരം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ മാതൃകയില്‍ ദേശീയ ഏജന്‍സി രൂപീകരിക്കും. വിവിധ ടെസ്റ്റുകള്‍ക്ക് ഫീസ് ഏകീകരണവുമുണ്ടായേക്കും.
സംസ്ഥാന ബില്ലിനെപ്പറ്റി ഇടതുമുന്നണി സര്‍ക്കാരിന്റെ കാലം തൊട്ടേ കേള്‍ക്കുന്നതാണ്. ബില്ല് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ ഈ നിയമസഭാ സമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പറയുന്ന \'ദ കേരള ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്ലി\'നുമുമ്പേ കേന്ദ്രനിയമം പാസായേക്കും.
അതേസമയം കേന്ദ്ര ബില്ലിന്റെ കരട് അടുത്തിടെ പ്രസിദ്ധീകരിച്ചു. ക്‌ളിനിക്കല്‍ ലബോറട്ടറി പ്രൊഫഷണല്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പാരാമെഡിക്കല്‍ രംഗത്തെ നിയന്ത്രണത്തിന് കരടില്‍ വ്യവസ്ഥയുണ്ട്. രോഗ നിര്‍ണയം, രോഗീ പരിചരണം, കോഴ്‌സുകളുടെ ഗുണനിലവാരം എന്നിവ ബില്‍ ഉറപ്പാക്കുന്നു. രോഗികളെ കൊല്ലാക്കൊല ചെയ്യുന്ന സ്വകാര്യ ലാബ്, സ്‌കാനിംഗ് സെന്ററുകള്‍ എന്നിവയ്ക്ക് പൂട്ടുവീഴും. 1961-ലെ തിരു-കൊച്ചി പൊതുജനാരോഗ്യ നിയമം അനുസരിച്ചാണ് നിലവില്‍ ഇവയ്‌ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നത്.
\'സേഫ് കേരള\' പരിശോധനയില്‍ കണ്ടെത്തിയത്:
മിക്ക ലാബുകളിലും എം.എല്‍.ടി, ബി.എസ്‌സി-എം.എല്‍.ടി യോഗ്യതയുള്ള ടെക്‌നിഷ്യന്മാരില്ല. ഗുണനിലവാരമില്ലാത്ത, കാലാവധി കഴിഞ്ഞ റീയേജന്റുകള്‍ ഉപയോഗിക്കുന്നു. ഇതുമൂലം പരിശോധനാ ഫലം തെറ്റുന്നു. കളറി മീറ്റര്‍, സെമി ഓട്ടോമാറ്റിക് ഫുള്‍ ഓട്ടോമാറ്റിക് അനലൈസറുകള്‍ എന്നിവ മിക്കയിടത്തുമില്ല. റിസള്‍ട്ട് ഓട്ടോമാറ്റിക് അനലൈസറില്‍ 98 ശതമാനം കൃത്യം. രക്ത സാമ്പിള്‍, ഡിസ്‌പോസിബിള്‍ സിറിഞ്ച്, പഞ്ഞി, എന്നിവ നശിപ്പിക്കുന്നില്ല. ഉപയോഗിച്ച രക്ത സാമ്പിള്‍ വാഷ്‌ബേസിനിലൂടെ ഓടകളിലേക്കൊഴുക്കുന്നു. ഇത് ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകും.
ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ ലാബുകളില്‍ 93 ശതമാനവും അനധികൃതവും സൗകര്യങ്ങളില്ലാത്തതും. 4168 സ്ഥാപനങ്ങളിലെ ലാബ്, എക്‌സ് റേ സൗകര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് (എന്‍.എ.ബി.എല്‍) ഉണ്ടായിരുന്നത് 15 എണ്ണത്തിനു മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha