സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവന്‍ നമ്പൂതിരി അന്തരിച്ചു... തറവാട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി

സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവന്‍ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ വെള്ളാട്ട് ലെയിന്‍ കൃഷ്ണ ഗാര്‍ഡന്‍സിലെ 'പുഷ്പാഞ്ജലി'യിലായിരുന്നു അന്ത്യം.
മലയാളത്തിലെ ആദ്യകാല ഭക്തിഗാന ആല്‍ബങ്ങളില്‍ ശ്രദ്ധേയമായിരുന്നു പി.കെ. കേശവന്‍ നമ്പൂതിരിയുടേത്. പുഷ്പാഞ്ജലി (1981), ശരണമഞ്ജരി, രുദ്രാക്ഷമാല (1984), വനമാല (1987) തുടങ്ങി ഇരുപതോളം സംഗീത ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കി.
പി. ജയചന്ദ്രന്‍ ആലപിച്ച 'വിഘ്‌നേശ്വര ജന്മ നാളികേരം', 'അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാം ഉണ്ണി', 'വടക്കുന്നാഥനു സുപ്രഭാതം പാടും' (പുഷ്പാഞ്ജലി), യേശുദാസ് ആലപിച്ച 'ഗുരുവായൂര്‍ ഏകാദശി തൊഴുവാന്‍ പോകുമ്പോള്‍', 'ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും' (വനമാല) തുടങ്ങി എസ്. രമേശന്‍ നായര്‍ രചിച്ച ശ്രദ്ധേയമായ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ടത് കേശവന്‍ നമ്പൂതിരിയായിരുന്നു. നിരവധി ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കി.പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്ന് 1960കളില്‍ ഗാനഭൂഷണം പാസായി.
പ്രസിദ്ധ സംഗീതജ്ഞരായ സി.എസ്. കൃഷ്ണയ്യര്‍, പുതുക്കോട് കൃഷ്ണമൂര്‍ത്തി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. മദ്രാസ് മ്യൂസിക് കോളേജിലേക്ക് ഉപരിപഠനത്തിനായി തിരിച്ചെങ്കിലും സുപ്രസിദ്ധ സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ശിക്ഷണത്തിലാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
പി. ജയചന്ദ്രന്‍, യേശുദാസ്, സംഗീത സംവിധായകന്‍ രവീന്ദ്രന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായതും മദ്രാസില്‍ വച്ചാണ്. 1972-73കാലത്ത് കോഴിക്കോട് ആകാശവാണിയില്‍ മ്യൂസിക് കമ്പോസറായി. പിന്നീട് പത്തു വര്‍ഷത്തോളം അവിടെയായിരുന്നു. ആകാശവാണി തൃശൂര്‍ നിലയം ആരംഭിച്ചപ്പോള്‍ അവിടേക്ക് മാറി. വര്‍ഷങ്ങളോളം ലളിതസംഗീതപാഠം അവതരിപ്പിച്ച അദ്ദേഹം പ്രോഗ്രാം എക്‌സിക്യൂട്ടിവായാണ് വിരമിച്ചത്. വിക്ടോറിയ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി പഠനകാലത്ത് തന്നെ ലളിതഗാനങ്ങള്‍ക്കു ഈണം നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha





















