ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനംചെയ്യും.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളിൽ, ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള 51 പള്ളിയോടം പങ്കെടുക്കും.
19-ന് രാവിലെ ഏഴിന് കൊടിമരച്ചുവട്ടിൽ വഴിപാടുകാരൻ രണ്ട് നെൽപ്പറ നിറയ്ക്കുന്നതോടെ വള്ളസ്സദ്യച്ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ, വഴിപാട് നടത്തുന്ന ഭക്തനും പള്ളിയോടസേവാസംഘം ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിനുള്ളിലേക്ക് സ്വീകരിക്കും. ആനക്കൊട്ടിലിലെത്തി, കൊടിമരച്ചുവട്ടിലൂടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി സദ്യാലയത്തിലെ നിലവിളക്കിൽ ദീപം തെളിയിക്കും. തുടർന്ന് വിളക്കിനുമുൻപിൽ വിഭവങ്ങൾ വിളമ്പിത്തുടങ്ങുന്നതാണ്.
ഇലയിൽ 44 വിഭവമുണ്ടാകും. പാടിച്ചോദിക്കുന്ന മുറയ്ക്ക് 20 വിഭവംകൂടി വഴിപാടുകാരൻ വിളമ്പിനൽകും. ആദ്യദിനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതുൾപ്പെടെ 10 വള്ളസ്സദ്യയാണുള്ളത്. ഇതുവരെ 485 സദ്യ ബുക്കുചെയ്തു. 550 എണ്ണം നടന്നേക്കും. ഇത് സർവകാലറെക്കോഡാണ്.
ഇത്തവണ ഓണം നേരത്തേയായതിനാൽ 56 ദിവസമേ വള്ളസ്സദ്യയ്ക്കുള്ളൂ. അതിനാൽ ദിവസേനയുള്ള സദ്യകളുടെ എണ്ണം 12 മുതൽ 16 വരെയായി കൂടും. 20 സദ്യാലയമുണ്ടാകും. 16 കോൺട്രാക്ടർമാർ സദ്യയൊരുക്കും. കഴിഞ്ഞതവണ 82 ദിവസം വള്ളസ്സദ്യ നടന്നിരുന്നു.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം വഴി ദിവസേന എട്ട് ബസുവീതം എത്തും. ഇതിനായി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ സദ്യ സജ്ജമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) തെക്കേടത്തില്ലം സദ്യാലയത്തിൽ 20-ന് ആരംഭിക്കും.
300 രൂപപ്രകാരമുള്ള സദ്യയ്ക്കായി ബുക്കിങ് ആരംഭിച്ചു. aranmulaboatrace.com എന്ന വെബ്സൈറ്റിലും 9048373110 എന്ന നമ്പറിലും ബുക്കുചെയ്യാം. ഓഗസ്റ്റ് 26-നാണ് തിരുവോണത്തോണി വരവ്. 30-ന് ഉത്രട്ടാതി ജലോത്സവം. സെപ്റ്റംബർ നാലിന് അഷ്ടമിരോഹിണി വള്ളസ്സദ്യ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha



























