വെടിക്കെട്ട് കേസ് പിന്‍വലിച്ചാല്‍ കല്യാണാനുമതിയെന്ന് ഇടവകാംഗങ്ങള്‍

പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടില്‍ വീടിന്റെ ജനാല ചില്ലുകള്‍ പൊട്ടുകയും ഭിത്തി വിണ്ടുകീറുകയും ചെയ്തതിന് കേസിനുപോയ ഇടവകാംഗമായ വിശ്വാസിയെ ഊരുവിലക്കാനും മകന്റെ വിവാഹം മുടക്കാനും ഇടവകാംഗങ്ങള്‍ പ്രതിഷേധപ്രകടനം നടത്തിയതിനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാദ്ധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ഇടവകയുടെ നീക്കത്തിനെതിരെയും പ്രതിഷേധം വ്യാപകമായി.
ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി ഇടവകയിലെ റാഫേല്‍ തെക്കിനിയത്താണ് ഊരുവിലക്കിനും മറ്റും ഇരയായത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 23, 24 തീയതികളില്‍ നടത്തിവരാറുള്ള പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പത്ത് ലക്ഷം രൂപയുടെ കരിമരുന്ന് പ്രയോഗമാണ് കേസിനിടയാക്കിയത്. റാഫേലിന്റെ വീടിന് തൊട്ടുപിറകിലുള്ള പള്ളിയുടെ ഗ്രൗണ്ടില്‍ വച്ചാണ് ഇതു നടത്തുന്നത്.
15 കിലോ സ്‌ഫോടക വസ്തുക്കളുടെ വെടിക്കെട്ട് മാത്രമേ നടത്താന്‍ പാടുള്ളൂ എന്നിരിക്കെ ടണ്‍ കണക്കിന് വെടിമരുന്ന് കൊണ്ടുവന്നാണ് മണിക്കൂറുകള്‍ നീളുന്ന കരിമരുന്ന് പ്രയോഗം നടത്തുന്നതെന്ന് റാഫേല്‍ ആരോപിക്കുന്നു. രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്ക് വെടിക്കെട്ട് നടത്താന്‍ പാടില്ല എന്ന നിയമവും ലംഘിക്കുകയാണ്.
2013-ല്‍ റാഫേലും സമീപവാസികളായ അയല്‍പക്കത്തെ എട്ട് ഇടവകാംഗങ്ങളും ചേര്‍ന്ന് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാകുന്നുവെന്ന് കേസ് കൊടുത്തു. 2014-ല്‍ ക്രിമിനല്‍ കേസും കൊടുത്തു. എന്നാല്‍ അയല്‍വാസികളെ നിര്‍ബന്ധിച്ച് കേസില്‍ നിന്ന് പിന്‍മാറ്റിയെന്ന് റാഫേല്‍ പറയുന്നു.
റാഫേലിന്റെ മകന്‍ സഞ്ജുവിന്റെ വിവാഹം ജനുവരി മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. കല്യാണം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് നവംബര്‍ 11-ന് കത്ത് പള്ളിക്ക് നല്‍കി. റാഫേലിനെയും കുടുംബത്തെയും പള്ളിയില്‍ കയറ്റില്ലെന്നാണ് ഇടവകയുടെ നിലപാട്. കേസ് പിന്‍വലിച്ചാല്‍ കല്യാണം നടത്താം എന്നാണ് വികാരിയുടെ നിലപാടത്രേ.
പള്ളിക്കും പെരുന്നാളിനും എതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് റാഫേലിന്റെ വീടിന് ചുറ്റും വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും മൗനജാഥ എന്ന പേരില്‍ ജാഥ നടത്തുകയും വീടിനു മുന്നിലെത്തുമ്പോള്‍ അസഭ്യം പറയുകയുമാണ് പതിവെന്നും റാഫേല്‍ പരാതിപ്പെടുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നാല് സമവായ ചര്‍ച്ച നടത്തി. പക്ഷേ പരിഹാരമായില്ല.
പ്രതിഷേധ പ്രകടനങ്ങള്‍ ഇപ്പോള്‍ തന്നെ നാല് പ്രാവശ്യം നടന്നു. കുരിയച്ചിറ മുതല്‍ തലോര്‍ ബൈപാസ് വരെ ഫ്‌ളക്‌സുകളും പോസ്റ്ററുകളും സ്ഥാപിച്ചു. നാലായിരത്തോളം വീടുകളാണ് ഇടവകയിലുള്ളത്. പതിനായിരത്തോളം ആളുകളുള്ള ഇടവകയാണ്. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് നൂറോ നൂറ്റമ്പതോ പേര്‍ മാത്രമാണ് വിവാദത്തിന് പിന്നിലെന്ന് റാഫേല്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha