കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയി

പോത്തന്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ച 20 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. പോത്തന്‍കോട് വാവറഅമ്പലം എസ്.എസ്.മന്‍സില്‍ ഷമീന ബീവിയുടെ സ്വര്‍ണമാണ് മോഷണം പോയത്. നെടുമങ്ങാട് പനവൂര്‍ ആറ്റിന്‍പുറത്തുള്ള മരുമകളുടെ വീട്ടില്‍ പോയി തിരികെ വരുന്ന വഴിയാണ് സ്വര്‍ണം നഷ്ടമായത്.
പോത്തന്‍കോട് പൊലീസ് ഷമീന ബീവിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണക്കാലമായതിനാല്‍ കെ.എസ് ആര്‍.ടി.സി ബസുകളില്‍ തിരക്കാണെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ബസില്‍ പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലിറങ്ങി പച്ചക്കറി കടയില്‍ സാധനം വാങ്ങാന്‍ ബാഗ് തുറക്കവേയാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. ആറ് വള, ഒരു നെക്ലേസ്, രണ്ട് ജോഡി കമ്മല്‍, 5 മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീനബീവി പറഞ്ഞു.
ഹാന്‍ഡ് ബാഗിനുള്ളില്‍ ചെറിയ പേഴ്‌സിനകത്ത് ചെറിയ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും ചെറിയ പേഴ്‌സിന്റെയും സിബ് തുറന്നാണ് സ്വര്‍ണം കവര്‍ന്നത്. എന്നാല്‍ എവിടെ വച്ചാണ് സ്വര്‍ണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha