സഭാനാഥനേ പൊറുക്കുക... സ്പീക്കറെ അനുനയിപ്പിക്കാന്‍ ശ്രമം, മനപൂര്‍വം അവഹേളിച്ചിട്ടില്ലെന്ന് ചെന്നിത്തലയുടെ ഓഫീസ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ദോശ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭ നിയന്ത്രിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന സ്പീക്കര്‍ എന്‍.ശക്തനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. ഇതിന്റെ ഭാഗമായി മന്ത്രി കെ.സി.ജോസഫ് സ്പീക്കറുമായി ചര്‍ച്ച നടത്തി. പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയും ശക്തനെ കണ്ട് സംസാരിച്ചു.
സ്പീക്കറെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ചെന്നിത്തല അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ജോസഫ് ശക്തനെ അറിയിച്ചു. വിശദമായ ചര്‍ച്ചയ്ക്കു ശേഷമെ ബില്ലുകള്‍ നിയമം ആക്കാവു എന്ന കാര്യമാണ് മന്ത്രി ഉദ്ദേശിച്ചതെന്നും കെ.സി.ജോസഫ് വിശദീകരിച്ചു.
അതേസമയം, ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ തനിക്കുള്ള അതൃപ്തി ശക്തന്‍ മന്ത്രിയെ അറിയിച്ചതായാണ് സൂചന. സഭയുടെ നാഥനെന്ന നിലയ്ക്ക് തനിക്ക് അംഗങ്ങളെ നിയന്ത്രിക്കാനുള്ള അവകാശമുണ്ട്. അത് ചോദ്യം ചെയ്തതില്‍ കടുത്ത അമര്‍ഷവും അദ്ദേഹം രേഖപ്പെടുത്തി. മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുന്നതിന് വേണ്ടിയാണ് അംഗങ്ങളോട് പ്രസംഗം ചുരുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഇതേസമയം, സ്പീക്കറെ മനപൂര്‍വം അവഹേളിക്കാന്‍ വേണ്ടി നടത്തിയ പരാമര്‍ശമല്ലെന്ന് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കി. സഭ നേരത്തെ പിരിയുമെന്ന കാര്യം അറിയിച്ചിട്ടില്ലായിരുന്നുവെന്ന് ഇന്നലെത്തന്നെ സ്പീക്കറെ അറിയിച്ചുവെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha