ദുര്‍ബല ഹൃദയനായ തന്നെ പ്രതിപക്ഷം ആരാച്ചാര്‍ എന്നു വിളിച്ചതില്‍ തിരുവഞ്ചൂരിനു ദു:ഖം

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ആകെ നിരാശനായിരുന്നു. തീരെ ദുര്‍ബല ഹൃദയനായ തന്നെ പ്രതിപക്ഷം ആരാച്ചാര്‍ എന്ന് വിളിച്ചു കളഞ്ഞത് കഷ്ടമായിപ്പോയി എന്നു തിരുവഞ്ചൂര്‍ സ്വയം പരിതപിച്ചു.
കായിക രംഗത്ത് സമഗ്രമാറ്റം കൊണ്ടു വരുന്ന സ്‌പോര്‍ട്‌സ് ഭേദഗതിബില്ലിന്റെ ചര്‍ച്ചക്കിടയിലാണ് ജനാധിപത്യത്തിന്റെ ആരാച്ചാര്‍ എന്ന പദവി തിരുവഞ്ചൂരിന് പ്രതിപക്ഷം അണിയിച്ചത്. പുതിയ ഭേദഗതി അനുസരിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ മുഴുവന്‍ സര്‍ക്കാര്‍ നോമിനികളാണുള്ളത്.
ഇപ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പകരമായിട്ടാണ് ഈ നോമിനേഷന്‍ പരിപാടിയെന്ന് പ്രതിപക്ഷത്തെ കെ.ടി.ജലീലും ടി.വി.രാജേഷും വി.ശിവന്‍കുട്ടിയും മറ്റും ആക്ഷേപിച്ചപ്പോള്‍ തിരുവഞ്ചൂരിന് ദുഖമായി. കടലാസ് സംഘടനകളെ വച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസിന്റെ തന്നെ ഡൊമനിക് പ്രസന്റേഷന്‍ ഇടയ്ക്ക് ചോദിക്കാതിരുന്നില്ല. എന്നിട്ടും പ്രതിപക്ഷം മയപ്പെട്ടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സ്ഥിരമായി ആളുകള്‍ ചടഞ്ഞിരിക്കുന്നത് ഒഴിവാക്കാനാണ് പുന:സംഘടിപ്പിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ എത്ര വര്‍ഷമായി എം.എല്‍.എ ആയിരിക്കുന്നു എന്നും പറയണ്ടേ എന്ന മുട്ടാത്തര്‍ക്കവുമായി വി.ശിവന്‍കുട്ടി എത്തി.
പക്ഷേ തിരുവഞ്ചൂര്‍ എന്തൊക്കെ പറഞ്ഞിട്ടും നിയമ നിര്‍മ്മാണ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിതെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നു. അവരുടെ എതിര്‍പ്പോടെയാണെങ്കിലും ബില്ല് പാസ്സായി. ബില്ല് പാസ്സാക്കുന്നതിനിടയില്‍ മുസ്‌ളീം ലീഗിന്റെ കെ.എന്‍.എ ഖാദറിന് സ്വന്തം ഭേദഗതിക്കെതിരെ വോട്ട് ചെയ്യേണ്ട കഷ്ടാവസ്ഥയുമുണ്ടായി. ഖാദര്‍ കൊണ്ടു വന്ന ഭേദഗതികള്‍ മന്ത്രി സ്വീകരിക്കാതിരുന്നപ്പോള്‍ പ്രതിപക്ഷം പോള്‍ ആവശ്യപ്പെട്ടതാണ് ഖാദറിനെ സെല്‍ഫ് ഗോളടിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
കഴിഞ്ഞ ദിവസത്തെ ഡയസ്സില്‍ കയറ്റവും സത്യാഗ്രഹവുമൊക്കെ കഴിഞ്ഞ് ഇന്നലെ സഭ നിയമനിര്‍മ്മാണത്തില്‍ മുഴുകിയപ്പോള്‍ സഭയുടെ തനി സ്വരൂപം പുറത്ത് വന്നു. നിയമനിര്‍മ്മാണം ആരംഭിച്ചതോടെ സീറ്റുകള്‍ കാലിയായി. ഒരു ഘട്ടത്തില്‍ തീരെ ആളില്ലാത്ത അവസ്ഥയായി. സഭയ്ക്ക് ക്വാറമുണ്ടോ എന്ന് എ.കെ.ബാലന്‍ സംശയം പ്രകടിപ്പിച്ചു. സ്പീക്കര്‍ എന്‍.ശക്തന്‍ എണ്ണി നോക്കി. കൃത്യം പതിനാറു പേര്‍. 141 പേരുള്ള സഭയില്‍ ക്വാറം തികയാന്‍ സ്പീക്കര്‍ ഉള്‍പ്പടെ പതിനഞ്ചു പേര്‍ മതി. ഭാഗ്യം. ഒരാള്‍ അധികമുണ്ട്. സഭയില്‍ ക്വാറത്തിന്റെ സംഖ്യ ഇത്രയും കുറച്ച് വച്ച പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണത്തെ സമ്മതിച്ചു കൊടുക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha