ബാലശങ്കറെയും സുരേന്ദ്രനെയും ശോഭയെയും വെട്ടി കുമ്മനത്തെ പ്രസിഡന്റായി നിര്‍ദ്ദേശിച്ചത് വെള്ളാപ്പള്ളി നടേശന്‍

പ്രസിഡന്റാവാന്‍ മോഹിച്ച ബിജെപിയടുടെ മുന്‍നിര നേതാക്കളെ വെട്ടി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിച്ചത് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് ഇവിടെ വേരോട്ടമുണ്ടാക്കാന്‍ കഴിയൂ എന്ന് കേരളത്തിലെത്തിയ പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായെ വെള്ളാപ്പള്ളി ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണ് അദ്ദേഹം ഹിന്ദു ഐക്യവേദി നേതാവായ കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിച്ചത്. വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം അമിത് ഷാ സ്വീകരിക്കുകയും ചെയ്തു. ഇന്ന് ചേരുന്ന ബിജെപി കേന്ദ്ര കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും.
കുമ്മനത്തിന്റെ നേതൃത്വം ബി.ജെ.പിയോട് അടുക്കാന്‍ സാധ്യതയുള്ള മതന്യൂനപക്ഷ വിഭാഗങ്ങളെ പിന്തിരിപ്പിക്കുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നിലപാടെടുത്തു. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ പുരോഗതി ഉണ്ടാക്കാന്‍ ബി.ജെ.പിക്കു കഴിയില്ലെന്ന് വെള്ളാപ്പള്ളി അമിത് ഷായെ ബോധ്യപ്പെടുത്തി.
വെള്ളാപ്പള്ളി നടത്തിയ സമത്വ മുന്നേറ്റ യാത്രയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കുമ്മനം രാജശേഖരന്‍. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഹൈന്ദവ സമുദായങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട പുതിയ കൂട്ടായ്മ രാഷ്ട്രീയ ശക്തിയാകുമെന്ന വിശ്വാസമാണ് നേതൃത്വത്തിനുള്ളത്.
27 നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ തീവ്രഹിന്ദുത്വ നിലപാട് സഹായകമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. കുമ്മനം വരുന്നതോടെ ഇത് പരമാവധി മുതലെടുക്കാന്‍ കഴിയുമെന്ന് വെള്ളാപ്പള്ളിയും ബി.ജെ.പി. ദേശീയ നേതൃത്വവും കരുതുന്നു. കുമ്മനത്തെ പ്രസിഡന്റാക്കിയാല്‍ എന്‍.എസ്.എസ്. നേതൃത്വത്തെയും ഒപ്പം കൂട്ടാമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്.
വെള്ളാപ്പള്ളിയുടെ യാത്ര വിജയിപ്പിക്കാന്‍ എസ്.എന്‍.ഡി.പി. പ്രവര്‍ത്തകരെക്കാള്‍ മുന്നിട്ടിറങ്ങിയത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുമായുള്ള കൂട്ടുചേരല്‍ ഗുണം ചെയ്തില്ലെന്ന നിലപാടിലാണ് ഇപ്പോഴും സംസ്ഥാന നേതൃത്വം. പാര്‍ട്ടിയുടെ പ്രതിഛായയും കേന്ദ്രത്തിലെ മോഡി സര്‍ക്കാരുമാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നാണ് വി മുരളീധരന്‍ അടക്കമുള്ളവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. എന്നാല്‍ വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ് നേട്ടത്തിനു കാരണമെന്ന വിലയിരുത്തല്‍ തിരുത്താന്‍ ദേശീയ നേതൃത്വം തയാറല്ല. ആ ബന്ധം ദൃഢമാക്കാനാണ് അവരുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha