പ്രതിപക്ഷം മാത്രമല്ല സര്‍ക്കാര്‍ സംരംഭമായ കെ എസ് ഇ ബിയും , കേന്ദ്രസര്‍ക്കാരും കെ ഫോണിന്റെ മറവില്‍ നടന്ന ക്രിത്രിമങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തി കൊണ്ടിരിക്കുകയാണ്. ഏജി റിപ്പോര്‍ട്ടിലും കെ ഫോണിന്റെ കരാര്‍ തകരാര്‍ കണ്ടെത്തിയിരിക്കുകയാണ്. ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മിഴിതുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. എങ്കിലും കെ ഫോണിന്റെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രതിപക്ഷം മാത്രമല്ല സര്‍ക്കാര്‍ സംരംഭമായ കെ എസ് ഇ ബിയും , കേന്ദ്രസര്‍ക്കാരും കെ ഫോണിന്റെ മറവില്‍ നടന്ന ക്രിത്രിമങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തി കൊണ്ടിരിക്കുകയാണ്. ഏജി റിപ്പോര്‍ട്ടിലും കെ ഫോണിന്റെ കരാര്‍ തകരാര്‍ കണ്ടെത്തിയിരിക്കുകയാണ്. ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കെ ഫോണ്‍ പദ്ധതിയുടെ അടിമുതല്‍ മുടി വരെ ദുരൂഹതകള്‍ നിറഞ്ഞു നില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ ഫോണിന് ഇന്റര്‍നെറ്റ് പ്രൊവൈഡറെ തേടിക്കൊണ്ടുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ സംവിധാനത്തെ കെ ഫോണില്‍ നിന്നും എന്നെന്നേയ്ക്കുമായി അകറ്റുകയും പകരം അംബിനിയുടെ ജിയോ മെബൈല്‍ സംവിധാനത്തെ കെ ഫോണിന്റെ ഭാഗമാക്കാനായുള്ള അണിയറ നീക്കളാണ് നടക്കുന്നതെന്ന് വ്യക്തമാവുകയാണ്.
കെ ഫോണിനു നിലവില്‍ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ബിഎസ്എന്‍എലിനു പുറമേ ഒരു സേവനദാതാവിനെക്കൂടി ഇതേ ആവശ്യത്തിനു കണ്ടെത്താനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിഎസ്എന്‍എലിന്റെ സേവനം മുടങ്ങിയാല്‍ കെ ഫോണിന്റെ ഇന്റര്‍നെറ്റ് സേവനത്തെ ബാധിക്കാതിരിക്കാനാണ് നടപടിയെന്നുമാണു വിശദീകരണം നല്കിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ സിഫിയും മുകേഷ് അംബാനിയുടെ ജിയോയും ഉള്‍പ്പെടെ 4 സ്വകാര്യ കമ്പനികളോടു മത്സരിച്ചാണ് ഒരു വര്‍ഷത്തേക്കു ബിഎസ്എന്‍എല്‍ കരാര്‍ നേടിയിരുന്നത്. ബി എസ് എന്‍ എലിന്റെ പ്രവര്‍ത്തനത്തില്‍ നാളിതുവരെ യാതൊരു തകരാറും കണ്ടെത്തിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായ പാക്കേജ് അനുസരിച്ച് എന്‍പതിനായിരം കോടി രൂപ അനുവദിച്ചു കിട്ടിയ ബി എസ് എന്‍ എല്‍ മുന്‍നിരയിലേയ്ക്ക് കുതിക്കാനൊരുങ്ങുകയാണ്.
സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് അവസാന സ്ഥാനത്ത് തുടരുന്ന ബി എസ് എന്‍ എലിന് കെ ഫോണ്‍ കരാര്‍ വളരെ ആശ്വാസകരമായിരുന്നു. പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ടെന്‍ഡറില്‍ ബിഎസ്എന്‍എല്‍ പങ്കെടുക്കരുതെന്നു വ്യവസ്ഥയുണ്ട്. ഇതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കാന്‍ ഒരു സ്വകാര്യ കമ്പനി തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ ഫോണ്‍ പ്രവര്‍ത്തന സജ്ജമായ നിലയ്ക്ക അംബാനിയെ കൊണ്ടുവരുന്നതില്‍ നിലവില്‍ സര്‍ക്കാരിന് തടസ്സമൊന്നുമില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ അംബാനിയുടെ ജിയോ കരാര്‍ നേടിയിരുന്നെങ്കില്‍ കെ ഫോണും മുതലാളിത്തത്തിന് കൈമാറിയെന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടി വരുമായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനിയ്ക്ക് കൈമാറിയതു പോലെ കെഫോണും കൈമാറാനായി സര്‍ക്കാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായാണ് പുതിയടെന്‍ഡര്‍ നടപടികള്‍ ഒരുക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്ററിലും , തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലുമാണു ബിഎസ്എന്‍എല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 10 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് നല്‍കുന്നത്. ഈ ബാന്‍ഡ് വിഡ്ത് ഉപയോഗിച്ച് ഇന്‍ഫോപാര്‍ക്കിലെ എന്‍ഒസി വഴിയാണു കെ ഫോണ്‍ കേബിള്‍ ശൃംഖല വഴി സര്‍ക്കാര്‍ ഓഫിസുകളിലും വീടുകളിലും ഇന്റര്‍നെറ്റ് നല്‍കുന്നത്. ബിഎസ്എന്‍എലുമായുള്ള കരാര്‍ 3 മാസത്തിനകം അവസാനിക്കാനിരിക്കെയാണു രണ്ടാമതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനായി കെ ഫോണ്‍ ടെന്‍ഡര്‍ വിളിച്ചത്. ഒരു വര്‍ഷത്തേക്കാണു കരാര്‍ നല്‍കുകയെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കുമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ 3 മാസത്തിനകം കരാര്‍ അവസാനിക്കാനിരിക്കുന്ന ബിഎസ്എന്‍എലുമായി ഈ വ്യവസ്ഥയില്ല. കരാര്‍ അവസാനിച്ചാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമോ എന്നും വ്യക്തമല്ല. പ്രാഥമിക സേവനദാതാവായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പുതിയ സേവനദാതാവ് വരുന്നതോടെ, ഇവരില്‍ ആരു വേണമെങ്കിലും പ്രാഥമിക സേവനദാതാവായി മാറാം.
ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. മൂന്നു മാസത്തെ കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ പകരക്കാരനായി പുതിയ സേവനദാതാവ് എത്തും. ബി എസ് എന്‍ എലിന് കരാര്‍ പുതുക്കി നല്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രണ്ടാം സേവന ദാതാവ് ഒന്നാമതെത്താന്‍ വഴിയൊരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ജിയോ നെറ്റ് വര്‍ക്കിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. കൂട്ടത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന വിദേശ കമ്പനികളെല്ലാം ജിയോയുടെ ബിനാമികളാണെന്നും വ്യകതമായിട്ടുണ്ട്. ബി എസ് എന്‍ എല്‍ ഒരു പ്രാവശ്യം ഒഴിവായാല്‍ ജിയോയൊടൊപ്പം മത്സരിച്ച് കരാര്‍ നേടാനാകില്ല. ചുരുക്കത്തില്‍ പിണറായി വിജയന്‍ കൊട്ടിഘോഷിച്ചു ആരംഭിച്ച കെ ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അംബാനിയും,ജിയോയും തീരുമാനിക്കുമെന്ന് വ്യക്തമാണ്. കേരള ഖജനാവിലെ ആയിരത്തഞ്ഞൂറ് കോടി രൂപ മുടക്കി അംബാനിയ്ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങി കൊടുത്ത പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി തിരിച്ചറിയാന്‍ വൈകി എന്നതാണ് പ്രതിക്ഷത്തിന്റെ പരാജയം.
അതേസമയം. കെ ഫോണ്‍ പദ്ധതിയില്‍ വീടുകളിലടക്കം വാണിജ്യ കണക്ഷന്‍ നല്‍കാന്‍ ടെന്‍ഡറില്‍ ഒന്നാമതെത്തിയ കമ്പനിയെ ഒഴിവാക്കി മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ നീക്കമെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. രണ്ടരലക്ഷം വീടുകളിലും സ്ഥാപനങ്ങളിലും വാണിജ്യ കണക്ഷന്‍ നല്‍കാനുള്ള മുപ്പത് കോടിയുടെ ടെന്‍ഡറില്‍ ഒന്നാമതെത്തിയത് ചെറുകിട വ്യവസായ സ്ഥാപനമായ സിറ്റ്‌സയാണ്. എന്നാല്‍, വ്യവസ്ഥകളില്‍ മാറ്റം വരുത്തി റെയില്‍ടെല്‍, അക്ഷര എന്റര്‍പ്രൈസസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നല്‍കാനാണ് നീക്കം. അതേ സമയം കെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കണോ വേണ്ടെയോയെന്ന ദേശീയ സുരക്ഷ സെക്രട്ടറിയേറ്റിന് തീരുമാനിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപം കെ ഫോണിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു.
സംസ്ഥാനത്തെ ടെന്‍ഡറുകളില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംരംഭകത്വ വര്‍ഷത്തെ പ്രത്യേക നയം പറയുന്നത്. ഇതനുസരിച്ചാണ് സിറ്റ്‌സ ടെന്‍ഡറില്‍ ഒന്നാമത് എത്തിയതും. ടെന്‍ഡര്‍ നല്‍കാനുള്ള നടപടികളും പൂര്‍ത്തിയായിരുന്നു.അതിനിടെയാണ് ചെറുകിട സ്ഥാപനങ്ങള്‍ക്ക് ചെറിയ തുകയ്ക്കുള്ള ടെന്‍ഡറുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയാല്‍ മതിയെന്ന നീക്കം തുടങ്ങിയത്. ടെക്‌നിക്കല്‍ ബിഡ് തുറന്നപ്പോള്‍ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ സിറ്റ്‌സ നല്‍കിയ കേസ് ഹൈക്കോടതിയിലിരിക്കെയാണ് വീണ്ടും ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം. ഇതിന് പിന്നില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടെന്നാണ് ആക്ഷേപം.
അതേസമയം കെ ഫോണിനായുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ വ്യവസായ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികളില്‍ ഇറക്കുമതി ചെയ്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പരിധി വച്ചിട്ടുണ്ട്.
ടെന്‍ഡര്‍ ലഭിച്ച എല്‍.എസ് കേബിള്‍ കമ്പനിക്ക് ഒ.പി.ജി.ഡബ്ല്യു കേബിള്‍ നിര്‍മിക്കാന്‍ ശേഷിയില്ലെന്നും കേബിളിലെ പ്രധാന ഭാഗമായ ഒപ്ടിക്കല്‍ ഫൈബര്‍ ചൈനീസ് കമ്പനിയായ ടി.ജി.ജി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും കെ ഫോണ്‍ പങ്കാളികളിലൊരാളായ കെ.എസ്.ഇ.ബി റിപ്പോര്‍ട്ട് ചെയ്തതായി സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. കേബിളിന് 6 മടങ്ങ് വില കൂടുതലെന്നും കെ.എസ്.ഇ.ബി പരാതിപ്പെട്ടിരുന്നു.കേബിള്‍ ഘടകങ്ങളില്‍ 55 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യനാണെന്നുള്ള എല്‍.എസ് കേബിളിന്റെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുത്താണ് കരാര്‍ നല്‍കിയതെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് സി.എ.ജി റിപ്പോര്‍ട്ട്. ചൈനീസ് കേബിളിന്റെ ഗുണനിലവാരം ഉറപ്പാക്കിയിട്ടില്ലെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ ആരോപണം ശരിവെയെക്കുന്ന തരത്തിലാണ് സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നരിക്കുന്നത്.
അതേസമയം. അതിര്‍ത്തിയിലും ആഗോളവാണിജ്യ രംഗത്തും സംഘര്‍ഷസാഹചര്യത്തില്‍ നില്‍ക്കുന്ന ചൈനയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കുന്ന കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് കെഫോണിന്റെ പ്രവര്‍ത്തനാനുമതി തന്നെ കേന്ദ്രം അവസാനിപ്പിക്കുമോയെന്ന കാര്യത്തിലും ആശങ്ക ഉയരുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം കെ ഫോണിന് ചൈനയില്‍ നിന്ന് കേബിള്‍ വാങ്ങിയതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കേരളത്തിന്റെ നീക്കം കേന്ദ്രത്തിന് എതിരാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യ നിരോധിച്ചിട്ടില്ല.എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശ സ്വഭാവമായതിനാല്‍ ലംഘിച്ചാല്‍ നിയമ പ്രശ്‌നങ്ങളുണ്ടാകില്ലെങ്കിലും സാമ്പത്തിക, സാങ്കേതിക, ഭരണ നടപടികളില്‍ തടസ്സമുണ്ടാക്കാമെന്നാണ് ആശങ്ക.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണ്‍ നടത്തിപ്പില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച്, ചൈനീസ് കേബിള്‍ ഉപയോഗിച്ചെന്ന ആക്ഷേപം എല്ലാതലത്തില്‍ നിന്നുമുയരുകയാണ്. ഇത് സി.എ.ജി.റിപ്പോര്‍ട്ടിലും ശരിവച്ചിട്ടുണ്ട്. എല്‍. എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യന്‍ നിര്‍മിതമെന്ന പേരില്‍ നല്‍കിയ ഓപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിളിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഒ പി ജി ഡബ്ല്യു കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണു 'ടി ജി ജി ചൈന' കമ്പനിയില്‍ നിന്ന് വാങ്ങിയത്.
ത്രീ ഡി പ്രിന്റിംഗ്, തുറമുഖ ക്രെയിനുകളിലെ സ്‌കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്വെയര്‍ തുടങ്ങിയ മേഖലകളില്‍ ചൈനീസ് സാങ്കേതിക വിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണം. ആണവോര്‍ജം, ബ്രോഡ്കാസ്റ്റിംഗ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണം. ഊര്‍ജ്ജം, വ്യോമയാനം, ഖനനം, റെയില്‍വേ, ആരോഗ്യം, ഗ്രാമീണ ഗതാഗതം തുടങ്ങിയ അതിപ്രധാന മേഖലകളിലും ചൈനീസ് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രം സുരക്ഷാ മുന്‍കരുതലായി പാലിച്ചു പോരുന്നതാണ്. എന്നാല്‍ കേരളം ഇതെല്ലാം അ്ട്ടിമറിച്ചു കൊണ്ടാണ് ചൈനയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനമാണ് കെ ഫോണിന്റെ ഭാവി നിശ്ചയിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha























