പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആദ്യ സന്ദര്‍ശനത്തില്‍ കേരളത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിനിടയില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താലളത്തില്‍ വെച്ച് അനധികൃതമായി ഡ്യൂട്ടിപാസുകള്‍ നേടിയ രണ്ടുപേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെത്തുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറും. പ്രധാനമന്ത്രി സന്ദര്‍ശനം കഴിഞ്ഞു ഡല്‍ഹിയിലേയ്ക്കു മടങ്ങുന്ന അവസരത്തിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. അന്നു തന്നെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടന്നില്ല. പിന്നീടു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിലയിരുത്തിയ സംസ്ഥാന ഇന്റലിജന്‍സാണ് സുരക്ഷാ വീഴ്ച ശ്രദ്ധിച്ചത്. ഇതിനിടയില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും വിവരം ലഭിച്ചു.
പ്രധാനമന്ത്രി തിരികെ പോയ ഡിസംബര്‍ 15ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വ്യോമ സേനയുടെ വിമാനത്താവളത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കും മാത്രമായിരുന്നു നിയന്ത്രിത മേഖലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ മേധാവികള്‍ നല്‍കിയ അപേക്ഷയില്‍ അനുവദിച്ച പാസുകളുള്ളവരെ മാത്രമാണു പ്രവേശിപ്പിച്ചത്. പ്രവേശിച്ചവര്‍ പ്രത്യേകം ചുമതലകളുള്ളവരായിരുന്നു. എന്നാല്‍ ഒരു ചുമതലയുമില്ലാതെ രണ്ടു പേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്ത് എത്തുകയും പ്രധാനമന്ത്രി വഹിച്ചുകൊണ്ടുള്ള വിമാനം പോകുന്നവരെ നിയന്ത്രിത മേഖലയില്‍ തുടരുകയും ചെയ്തു. ഇവര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ അനുവദിച്ച പ്രത്യേക പാസുകളുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ചുമതലകളുമില്ലാത്ത ഇവര്‍ക്കു പാസുകള്‍ ലഭ്യമായതെങ്ങനെ എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും ഇത്തരമൊരു സംഭവമുണ്ടായതു ഗൗരവ്വമായ വീഴ്ചയാണെന്നാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍.
വിമാനത്താവളത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ജീവനക്കാരെ നിയോഗിച്ചത് എയര്‍പോര്‍ട്ട് മാനെജരും സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥരുമായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ്, കൊമേഴ്‌സ്യല്‍, സാങ്കേതികം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് വിവിഐപി ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഇതിനായി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്കായി 51 പേരുടെ പാസുകള്‍ക്കുള്ള അപേക്ഷയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയത്. ഈ പാസുകളെല്ലാം കമ്മിഷണര്‍ അനുവദിച്ചു നല്‍കി. ഇതിനു പുറമെയാണു രണ്ടു പാസുകള്‍ അധികമായി അനുവദിച്ചത്. ഇതിനുള്ള അപേക്ഷ വിമാനത്താവള സുരക്ഷാ വിഭാഗം നല്‍കിയിരുന്നില്ല. എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യാ സാറ്റ്‌സ് കമ്പനിയുടെ പേരിലായിരുന്നു രണ്ടു പാസുകള്‍ക്കും അപേക്ഷ നല്‍കിയത്. എയര്‍ ഇന്ത്യാ സാറ്റ്‌സിന് പ്രധാനമന്ത്രിയുടെ വിമാനത്തിന് അടുത്തു പ്രത്യേകിച്ച് ഒരു ചുമതലയും നിര്‍വഹിക്കാനുണ്ടായിരുന്നില്ല. എന്നിട്ടും പാസുകള്‍ അനുവദിച്ചതാണ് സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നത്.
പാസുകള്‍ അനുവദിക്കുന്നതിനുള്ള പ്രാഥമിക അന്വേഷണം നടത്തിയത് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സബ് ഇന്‍സ്‌പെക്റ്ററായിരുന്നു. ഇദ്ദേഹമാണ് പാസുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ വിമാനത്താവള സുരക്ഷാ ചുമതലയുള്ള മാനെജര്‍ നല്‍കിയ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റൊരു അപേക്ഷയാണ് ഇതിനായി നല്‍കിയതെന്നുമുള്ള വിവരം സബ് ഇന്‍സ്‌പെക്റ്റര്‍ മറച്ചു വച്ചു. സബ് ഇന്‍സ്‌പെക്റ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ഒപ്പിട്ടു കമ്മിഷണര്‍ക്കു നല്‍കിയത് ഡിവൈഎസ്പിയാണ്. ഇദ്ദേഹവും അന്വേഷണം നടത്താതെ പാസ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തു. പാസുകള്‍ അനുവദിച്ചപ്പോള്‍ വിമാനത്താവളത്തിലെ ജീവനക്കാരാണ് എയര്‍പോര്‍ട്ട് മാനെജരുടെ അപേക്ഷയില്‍ അനുവദിച്ച പാസുകള്‍ ഏറ്റുവാങ്ങിയത്. ഇതിന്റെ കൂട്ടത്തില്‍ അനധികൃത പാസുകളില്ലായിരുന്നു. ഈ പാസുകള്‍ മറ്റൊരാള്‍ നേരിട്ട് കൈപ്പറ്റുകയായിരുന്നു. ഇതില്‍ ഒരാള്‍ ക്രിമിനല്‍ കേസില്‍ കോടതി നടപടി നേരിട്ടയാളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതും ഗൗരവ്വമായാണ് ഇന്റലിജന്‍സ് വിഭാഗം കാണുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തിനെ അനുഗമിക്കുകയോ സന്ദര്‍ശിക്കുകയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു ചുമതലകള്‍ കൈകാര്യം ചെയ്യുന്നവര്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, വിമാനത്താവളത്തിലെ ജീവനക്കാര്‍, വിമാനത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കു പ്രത്യേക പാസുകളാണു നല്‍കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍ക്കും നല്‍കണം. തുടര്‍ന്ന് അപേക്ഷിക്കുന്നവരുടെ വിശദാംശങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ച ശേഷമാണു അനുമതി നല്‍കുന്നത്. സ്ഥാപന മേധാവികള്‍, വകുപ്പു തലവന്മാര്‍ എന്നിവരാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ ഉള്‍പ്പെടുത്തുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha