കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്നും, അതിനായി സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഉത്തരവിട്ട് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്നും, അതിനായി സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഉത്തരവിട്ട് ഹൈക്കോടതി
ശമ്പളവും പെന്‍ഷനും വൈകുന്നതിനെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ സഹായം നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ല.
പൊതു ഗതാഗത സംവിധാനത്തിലെ നട്ടെല്ലാണ് കെ.എസ്. ആര്‍.ടി.സി. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ സ്ഥാപനമായി പരിഗണിക്കണമെന്ന ചില ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
ജൂലായിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയെന്ന് കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഓണം അലവന്‍സായി 2,750 രൂപ വീതവും നല്‍കി. ഇതിന് 7.30 കോടി രൂപ ചെലവുണ്ട്. ആവശ്യക്കാര്‍ക്ക് ഓണത്തിന് 7,500 രൂപ വീതം അഡ്വാന്‍സ് നല്‍കും. ഈ തുക പിന്നീടുള്ള അഞ്ചു മാസങ്ങളില്‍ തിരിച്ചു പിടിക്കും.
മുഴുവന്‍ ജീവനക്കാര്‍ക്കും അഡ്വാന്‍സ് നല്‍കേണ്ടി വന്നാല്‍ 19 കോടി രൂപ ചെലവാകുമെന്നും വായ്പയെടുത്ത് ഇതിനുള്ള തുക കണ്ടെത്തുമെന്നും അഭിഭാഷകന്‍ വിശദീകരിച്ചു. ഇതു രേഖപ്പെടുത്തിയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha


























