വിനോദ യാത്രയ്ക്കിടയിൽ സുഹൃത്തുക്കളുമായി കാമുകിയുടെ സല്ലാപം: പേടിപ്പിക്കാൻ കെ.എസ്.ഇ.ബി ലൈനിൽ പിടിച്ച് ആത്മഹത്യാശ്രമം നടത്തിയ കാമുകന് ഗുരുതരമായി പൊള്ളലേറ്റു...

കാമുകിയെ പേടിപ്പിക്കാൻ കെ.എസ്.ഇ.ബി ലൈനിൽ പിടിച്ച് നടത്തിയ ആത്മഹത്യാശ്രമ നാടകത്തിനിടെ കാമുകന് ഗുരുതരമായി പൊള്ളലേറ്റു. കിഴക്കമ്പലത്തെ പ്രമുഖ കോളേജിലെ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുന്നത്തുനാട് പൊലീസിൽ കെ.എസ്.ഇ.ബി വിശദമായ റിപ്പോർട്ട് നൽകി. വിനോദ യാത്രയ്ക്കിടയിൽ കാമുകി മറ്റുള്ളവരുമായി നടത്തിയ സല്ലാപത്തിൽ പിണങ്ങിയ കാമുകൻ യാത്രകഴിഞ്ഞ് തിരിച്ചിറങ്ങി വീട്ടിലേക്ക് മടങ്ങും മുമ്പ് കാമുകിയെ പേടിപ്പിക്കാൻ കെ.എസ്.ഇ.ബി ലൈനിൽ പിടിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഈ കളി കാര്യമാവുകയായിരുന്നു.
മൂന്നാർ ടൂറിനിടെ ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. ബസിൽ വച്ച് തുടങ്ങിയ ഉടക്ക് അവസാനിച്ചത് കിഴക്കമ്പലം സെന്റ് ജോസഫ് സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിന് മുന്നിലാണ്. ബ്രഹ്മപുരം സ്വദേശിയായ കാമുകൻ കാമുകിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് കിഴക്കമ്പലത്ത് ഇറങ്ങിയത്.
യാത്രയ്ക്കിടെ കാമുകി സുഹൃത്തുക്കളായ ചിലരോട് വളരെ അടുപ്പത്തിൽ പെരുമാറിയതാണ് കാമുകനെ ചൊടിപ്പിച്ചത്. ബസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ കാമുകിയെ പേടിപ്പിക്കാൻ ട്രാൻസ്ഫോമറിന് മുകളിൽ കയറിയാണ് ആത്മഹത്യാനാടകം നടത്തിയത്.
വലിഞ്ഞു കേറും വഴി കാൽ വഴുതിയതോടെ തൊട്ടടുത്തുള്ള 110 കെ.വി എച്ച്.ടി ലൈനിൽ പിടിക്കുകയായിരുന്നു. ഇതോടെ ലൈൻ പൊട്ടിത്തെറിക്കുകയും തീ ആളുകയും കറന്റുപോകുകയും ചെയ്തു. പേടിച്ച് വിറച്ച ഇരുവരും വാവിട്ടുകരഞ്ഞു.
സമീപത്തുള്ള കിഴക്കമ്പലം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ രാത്രി ഡ്യൂട്ടിക്കാരായ മണിക്കുട്ടനും താത്കാലീക ജീവനക്കാരൻ വിജയ് ബാബുവും കരച്ചിൽ കേട്ട ഇടത്തേയ്ക്ക് പാഞ്ഞെത്തിയപ്പോൾ പോസ്റ്റിന് മുകളിൽ കുരുങ്ങിയ യുവാവിന്റെ വസ്ത്രങ്ങൾ കത്തുന്നതാണ് കണ്ടത്.
ഇവർ പോസ്റ്റിൽക്കയറി വസ്ത്രങ്ങൾ വലിച്ച് മാറ്റിയ ശേഷം സുരക്ഷിതമായി താഴെ ഇറക്കി. പ്രാഥമിക ശുശ്രൂഷ നല്കുകയും കെ.എസ്.ഇ.ബിയുടെ വാഹനത്തിൽ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ബന്ധുക്കൾ വരും വരെ കൂട്ടിരുന്ന ശേഷമാണ് ഇരുവരും ഓഫീസിലേക്ക് മടങ്ങിയത്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം മടക്കി വിട്ടു. അരമണിക്കൂറോളമെടുത്താണ് വൈദ്യുതി പുന:സ്ഥാപിച്ചത്. യുവാവ് ധരിച്ചിരുന്ന ഷൂസിന്റെ ബലത്തിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നത്.
https://www.facebook.com/Malayalivartha


























