റെയ്ഡിൽ തെളിവുകൾ ഒന്നും കിട്ടിയില്ല... മൊയ്തീന്റെ ഈ വാക്കുകൾ ആയിരുന്നു ആദ്യ ദിവസം സിപിഎമ്മിന്റെ ബലം...ഇ ഡിയുടെ പത്രക്കുറിപ്പു വന്നതോടെ ഇതിനു ശക്തി കുറഞ്ഞു....സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി ഇ ഡിയുടെ നടപടി വിശദീകരിച്ചു....അന്വേഷണം മറ്റ് പ്രമുഖരിലേക്കും നീങ്ങും....

മുൻ മന്ത്രി എ സി മൊയിദീന്റെ വീട്ടിൽ 22 മണിക്കൂർ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന എ.സി.മൊയ്തീന്റെ വിശദീകരണമായിരുന്നു ആദ്യ ദിവസം സിപിഎമ്മിന്റെ ബലം. എന്നാൽ, ഇന്നലെ ഇ ഡിയുടെ പത്രക്കുറിപ്പു വന്നതോടെ ഇതിനു ശക്തി കുറഞ്ഞു. ബെനാമി വായ്പകൾ നൽകാൻ മൊയ്തീൻ ബാങ്കിനോട് ആവശ്യപ്പെട്ടെന്നും സിപിഎം ജില്ലാ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ. കരുവന്നൂരിലെ നിക്ഷേപം മുഴുവൻ തിരിച്ചു കൊടുക്കുമെന്നാണു കരുവന്നൂർ ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി ആർ.ബിന്ദു അടക്കമുള്ള നേതാക്കൾ പറഞ്ഞതെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. പാർട്ടിയെ വിശ്വസിച്ചു കാത്തിരുന്നവരെല്ലാം ഇപ്പോൾ മിണ്ടാനാകാത്ത അവസ്ഥയിലാണ്.
എ.സി.മൊയ്തീൻ എംഎൽഎ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെത്തി ഇ ഡിയുടെ നടപടി വിശദീകരിച്ചു. പി.സതീഷ്കുമാറിനെ തനിക്കറിയാമെന്ന് ഇ ഡിയോടു പറഞ്ഞതായി അദ്ദേഹം പാർട്ടി കമ്മിറ്റിയെ അറിയിച്ചു. കുന്നംകുളം സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിലും മൊയ്തീൻ പങ്കെടുത്തു. കരുവന്നൂർ കേസ് സിപിഎമ്മിന്റെ 3 മുൻനിര നേതാക്കളിലേക്കു കൂടി വ്യാപിക്കാൻ സാധ്യത. എ.സി.മൊയ്തീനു പുറമേ ഒരു മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, മുൻ ഏരിയ സെക്രട്ടറി, മുതിർന്ന നേതാവ് എന്നിവരിലേക്കും അന്വേഷണം നീണ്ടേക്കും.ഇതിലൊരാൾ തട്ടിപ്പിന്റെ പങ്കുപറ്റിയെന്നും മറ്റു 2 പേർ തട്ടിപ്പിനു കൂട്ടുനിന്നെന്നുമാണു മൊഴി. ഉന്നത പാർട്ടി നേതാക്കളിലൊരാളുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്കു തട്ടിപ്പു പണത്തിന്റെ വിഹിതം എത്തിയിരുന്നതായി പ്രതികളിലൊരാൾ മൊഴി നൽകിയതും ഇ ഡി പരിശോധിച്ചേക്കും.
കരുവന്നൂർ കേസിലെ പ്രതികളായ ബിജു കരീം, കിരൺ എന്നിവരിൽ നിന്നു മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം തട്ടിപ്പിന്റെ വിഹിതം പറ്റിയിരുന്നതായാണു മൊഴി.കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് ആദ്യം തന്നെ മൊഴികൾ ലഭിച്ചിരുന്നെങ്കിലും എടുത്തുചാടി നടപടിക്കു പോകാതെ പരമാവധി മൊഴികളും തെളിവുകളും ശേഖരിക്കാനാണ് ഇ ഡിയുടെ അന്വേഷണസംഘം തുനിഞ്ഞത്. വർഷത്തിലേറെ നീണ്ട അന്വേഷണത്തിനിടെ നൂറിലേറെപ്പേരെ കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി. 30 ലക്ഷത്തിലധികം രൂപയുടെ വായ്പയെടുത്ത, സംശയകരമായ ചുറ്റുപാടുള്ള എല്ലാവരെയും വിളിച്ചുവരുത്തി. ചിലരെ 4 തവണ വരെ വിളിച്ചു മൊഴികൾ ആവർത്തിച്ചുറപ്പിച്ച ശേഷമാണു മൊയ്തീൻ, റഹീം, സതീഷ്, അനിൽ തുടങ്ങിയവരിലേക്ക് അന്വേഷണമെത്തിയത്. ബാങ്കിൽ തട്ടിപ്പിനൊപ്പം കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഇ ഡി ആദ്യം അന്വേഷണം തുടങ്ങിയത്.
കള്ളപ്പേരുകളിൽ 50 ലക്ഷം രൂപ വീതം വായ്പ പാസാക്കിയെടുത്തശേഷം ചൈന, ദുബായ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപിച്ചെന്നായിരുന്നു ആദ്യ വിവരങ്ങൾ.ഇതിൽ തുടങ്ങിയ അന്വേഷണമാണു കോടികളുടെ തട്ടിപ്പിലേക്കും ബെനാമി പേരുകളിലെ നിക്ഷേപങ്ങളിലേക്കും എത്തിയത്. പ്രതിസ്ഥാനത്തുള്ളവരുടെ സാമ്പത്തിക ഇടപാടുകളുടെ എല്ലാ രേഖകളും ഡിജിറ്റൽ തെളിവുകൾ സഹിതം ഇ ഡി ശേഖരിച്ചു കഴിഞ്ഞെന്നാണു വിവരം. സൂര്യൻ ഉദിച്ച് തലയ്ക്ക് മുകളിൽ വന്നാലും പകൽ ആയിട്ടില്ല എന്നും അതിന് കാരണം എന്താണെന്നും പറഞ്ഞു ക്യാപ്സുൾ ഇറക്കുന്നവർ ആണ് കമ്മ്യൂണിസ്റ്റുകാർ. അവർക്കൊന്നും ഇഡിയുടെ പത്രക്കുറുപ്പ് നേതാവിനെ സംശയിക്കാനുള്ള കാരണം അല്ല.ഏതായാലും വലിഞ്ഞു മുറുക്കാൻ തന്നെയാണ് ഇ ഡി യുടെ തീരുമാനം.
https://www.facebook.com/Malayalivartha


























