നെടുമ്പാശ്ശേരിയില്‍ IndiGo വിമാനത്തിൽ ബോംബ് ഭീഷണി! പിന്നീട് സംഭവിച്ചത്... വിളി വന്നത് നേപ്പാളിൽ നിന്നും...

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ സന്ദേശം വരികയായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ചു. തിങ്കളാഴ്ച രാവിലെ 10.40 നായിരുന്നു സംഭവം. 11.30-ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം.
സി.ഐ.എസ്.എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇതോടെ റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിക്കുകയും യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയുമായിരുന്നു. ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വിമാനത്തിലുണ്ടായിരുന്ന ലഗേജുകളും പരിശോധിച്ചു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
അന്വേഷണത്തിനൊടുവിൽ സംഭവം വ്യാജ ബോംബ് ഭീഷണിയാണെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കി ഒരു മണിക്ക് ശേഷം വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ കണ്ടെത്താനായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നമ്പറിൽനിന്നാണ് സന്ദേശമെത്തിയത്.
നേപ്പാളിലെ നമ്പറില്‍ നിന്നാണ് വ്യാജ ഭീഷണിസന്ദേശം എത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നേപ്പാള്‍ സ്വദേശിയായ ഒരാള്‍ കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇയാള്‍ക്ക് കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിച്ചേരാനായില്ലെന്നും ഇതേ തുടര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നുമാണ് പ്രാഥമിക വിവരം. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മാസവും ബോംബ് ഭീഷണിയെ തുടർന്ന് വിമാനത്തിൽ രണ്ടു തവണ പരിശോധന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























