വിഎസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്... കോപ്പിയടിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും പ്രതിഫലം 7 ലക്ഷം രൂപ, മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 3 പേരെ 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാജ്യത്തിന്റെ പ്രതിരോധ തന്ത്ര പ്രധാന സ്ഥാപനമായ വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) യിലേക്ക് രാജ്യവ്യാപകമായി നടന്ന ഇലക്ട്രീഷ്യന്‍ ഗ്രേഡ് - ബി റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി വ്യാജരേഖകള്‍ ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരന്‍ ദീപക് ഷോഗന്റടക്കം 3 പേരെ 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്റ്, ഫൂല്‍ സിംഗ് മകന്‍ സോനു സിംഗ് (30), ലാഖ്വീന്ദര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വച്ച് 4 ദിവസം ചോദ്യം ചെയ്യാനായി അഡീ.സി.ജെ.എം എല്‍സാ കാതറിന്‍ ജോര്‍ജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ നല്‍കിയത്.
പരീക്ഷാ തട്ടിപ്പ് ഉപകരണങ്ങളുടെയും വ്യാജ ഐഡി കാര്‍ഡുകളുടെയും ഉറവിടം , കൃത്യത്തിലുള്‍പ്പെട്ട കോച്ചിംഗ് സെന്ററുകള്‍ , കൃത്യത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യല്‍ , തെളിവു ശേഖരണം എന്നിവക്കായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പോലീസ് കസ്റ്റഡിഅപേക്ഷയിലാണ് കോടതി ഉത്തരവ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതികളെ കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചു വരുത്തിയാണ് പോലീസ് കസ്റ്റഡി നല്‍കിയത്. അതേ സമയം നേരത്തേ അറസ്റ്റിലായ ഹരിയാനക്കാരായ സുനില്‍ , സുമിത് കുമാര്‍ , മനോജ് കുമാര്‍ , ജഗദീപ് സിംഗ് , റിഷിപാല്‍ എന്നിവരുടെ റിമാന്റ് കോടതി 14 ദിവസത്തേക്ക് നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. 2023 ആഗസ്റ്റ് 20 ന് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന ജില്ലയില്‍ സംഭവം നടന്നത് വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സെന്റ്. മേരീസ് സ്‌കൂളിലുമായിട്ടാടായിരുന്നു.
ബ്ലൂടുത്ത് ഹെഡ്‌സെറ്റും മൊബൈല്‍ ക്യാമറയും ക്ലൗഡ് സ്റ്റോറേജും ബെല്‍റ്റും ഉപയോഗിച്ച് ഹൈടെക്ക് കോപ്പിയടിച്ചതിനു ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും പ്രതികള്‍ക്ക് പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇത്തരത്തില്‍ പ്രതിഫലം ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി നല്‍കണമായിരുന്നെന്നും അറസ്റ്റിലായ പ്രതികള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളുകളഴിയുന്നത്.
പരീക്ഷാ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്റ്, റിഷിപാല്‍, ലാഖ്വീന്ദര്‍ എന്നിവരാണ് ആഗസ്റ്റ് 28 ന് ഹരിയാനയില്‍ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ പരീക്ഷ നടന്ന ആഗസ്റ്റ് 20 ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ തട്ടിപ്പിനു പിന്നില്‍ വന്‍ സംഘങ്ങളാണ് ഉള്ളതെന്നും പൊലീസിനു വ്യക്തമായി. കേസില്‍ മൊത്തം 9 പേരാണ് അറസ്റ്റിലായത്. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാര്‍ഡ് യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിയുടേതായിരുന്നു. വിമാനത്തില്‍ വന്ന് വിമാനത്തില്‍ തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവര്‍ ആദ്യമായിട്ടല്ല ഇത്തരത്തില്‍ കോപ്പിയടി നടത്തുന്നതെന്നും തെളിഞ്ഞു. സമാനമായ രീതിയില്‍ മുന്‍പ് 3 തവണ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതേ സമയം ഈ സംഭവങ്ങളിലെല്ലാം ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്സി പരീക്ഷയിലും ആള്‍മാറാട്ട കോപ്പിയടി നടത്തിയത്.
തിരുവനന്തപുരം സിറ്റി മ്യൂസിയം എസ്‌ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വന്‍ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് സുനില്‍കുമാര്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരുടെ പിടിയിലായത്. ദേഹത്ത് മൊബൈല്‍ ക്യാമറയൊളിപ്പിച്ചാണ് ഇയാള്‍ പരീക്ഷ ഹാളില്‍ കയറിയത്. ചോദ്യപേപ്പര്‍ ലഭിച്ചയുടനെ സ്‌ക്രീന്‍ വ്യൂവര്‍ റെക്കോഡര്‍ വഴി ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്ത് പുറത്തേക്ക് ഹരിയാന കോച്ചിംഗ് സെന്ററിലേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ബ്ലുടൂത്ത് സ്പീക്കര്‍ വഴി കേട്ടെഴുതുകയായിരുന്നു. കോപ്പിയടിയുമായി ബന്ധപ്പെട്ട് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. 79 ചോദ്യങ്ങള്‍ക്ക് ഇയാള്‍ ഉത്തരമെഴുതുകയും ചെയ്തിരുന്നു. 25 ലധികം ഉത്തരങ്ങള്‍ സുമിതും ശരിയായി എഴുതിയിരുന്നു. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങിയവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെല്‍റ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടര്‍, കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍, ഹെഡ്‌ഫോണ്‍, സ്മാര്‍ട്ട്വാച്ച് തുടങ്ങി പെന്‍സില്‍ ബോക്‌സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്.
സുനില്‍ കോട്ടണ്‍ഹില്ലില്‍ വച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പിടിയിലായത്.
ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇരുവരും കോപ്പിയടിക്കാന്‍ ശ്രമിച്ചത്.
"
https://www.facebook.com/Malayalivartha

























